സൂറത്ത്: മക്കളുടെ വിവാഹം നടത്താന്‍ കോടികള്‍ മുടക്കുന്നവരും മകളുടെ വിവാഹം നടത്താന്‍ പണമില്ലാതെ ലോണെടുത്ത് ഒടുവില്‍ കിടപ്പാടംപോലും നഷ്ടമാകുന്നവരും വാര്‍ത്തയാകുന്ന ലോകത്ത് അസ്തമിക്കാത്ത പ്രതീക്ഷയാകുകയാണ് സൂറത്തിലെ ഈ കച്ചവടക്കാരന്‍. കോടികള്‍ മുടക്കി ഒരു വിവാഹം നടത്തിയതല്ല, പകരം 251 പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹം നടത്തിയതാണ് ഗുജറാത്തിലെ സൂറത്തില്‍ കച്ചവടക്കാരനായ മഹേഷ് സവാനിയെ നന്മയുടെ പ്രതീകമാക്കുന്നത്. 

ഇന്ത്യയിലെ വിവിധ ഭാഗത്തുനിന്നുള്ള 251 പാവപ്പെട്ട പെണ്‍കുട്ടികളെ കണ്ടെത്തി സാമൂഹ്യപ്രവര്‍ത്തകരാണ് സമൂഹ വിവാഹം ഒരുക്കിയത്. എന്നാല്‍ ഇതിനുള്ള മുഴുവന്‍ സാമ്പത്തിക സഹായവും നടത്തിയത് രത്നവ്യാപാരിയായ മഹേഷ് സവാനിയാണ്. 2012 മുതല്‍ സവാനി ഇത്തരത്തില്‍ സമൂഹ വിവാഹങ്ങള്‍ നടത്തുന്നുണ്ട്. 500 ഓളം അനാഥ പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന അദ്ദേഹം കൂടാതെ പ്രായപൂര്‍ത്തിയാകുന്നതോടെ ഇവരുടെ വിവാഹ ചുമതലയും ഏറ്റെടുത്ത് നടത്തുന്നു. 

പിതാവിന്‍റെ സ്ഥാനത്ത് നിന്ന് എല്ലാ ആചാരങ്ങളോടെയുമാണ് ഈ കുട്ടികളുടെ വിവാഹം സവാനി നടത്തിയത്. മോട്ട വരച്ഛയിലെ സവാനി ചൈതന്യ വിദ്യ സങ്കോലിലാണ് 251 പെണ്‍കുട്ടികളുടെയും വിവാഹം.വിവാഹം നടത്തുന്നതിന്‍റെ ചെലവുകള്‍ക്ക് പുറമെ സോഫ, കിടക്ക, ആഭരണങ്ങള്‍ അഞ്ച് ലക്ഷം രൂപ എന്നിവയും പാരിതോഷികമായി ഇവര്‍ക്ക് സവാനി സമ്മാനിച്ചു. പുതിയ ജീവിതം ആരംഭിക്കുന്ന പെണ്‍കുട്ടികള്‍ക്ക് അഞ്ച് ലക്ഷം രൂപ കൂടാതെ ആഭരണങ്ങളോ ഗൃഹോപകരണങ്ങളോ ഏത് വേണമെന്ന് തെരഞ്ഞെടുക്കാനും അദ്ദേഹം അവസരം നല്‍കി. 

251 പേരില്‍ ഒരു കൃസ്ത്യന്‍ വധുവും അഞ്ച് മുസ്ലീം വധുക്കളും ഭിന്നശേഷിയുള്ള ഒരു പെണ്‍കുട്ടിയും എയിഡ്സ് ബാധിതരായ രണ്ട് പേരും ഉള്‍പ്പെടും. അവരരവരുടെ ആചാരപ്രകാരമാണ് ഓരോ വിവാഹവും നടന്നത്. 1300ലേറെ പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്നതിനുള്ള ചെലവുകള്‍ ഇതുവരെ സവാനി നിര്‍വ്വഹിച്ചിട്ടുണ്ട്.