വലന്റിനോ തലൂട്ടോ എന്ന യുവാവിന് പ്രായം 33 വയസാണ്. ഇയാള്‍ ഇപ്പോള്‍ റോമിലെ ജയിലിലാണ്. അതും 24 വര്‍ഷത്തെ ജയില്‍ശിക്ഷയ്‌ക്ക് വിധേയനായ ആള്‍. കുറ്റം എന്താണെന്ന് കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. മുപ്പതോളം സ്‌ത്രീകളില്‍ ഇയാള്‍ എച്ച് ഐ വി പടര്‍ത്തി. എച്ച് ഐ വി ബാധിതനായ വലന്റിനോ തലൂട്ടോ ബോധപൂര്‍വ്വം രോഗം പടര്‍ത്താനായി പങ്കാളികളുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. 2015 നവംബര്‍ മുതലാണ് വലന്റിനോ തലൂട്ടോയ്‌ക്ക് എച്ച് ഐ വി സ്ഥിരീകരിച്ചത്. ഇതിനുശേഷം സാമൂഹികമാധ്യമങ്ങളിലൂടെ ചങ്ങാത്തം സ്ഥാപിച്ച് മനപൂര്‍വ്വം സ്‌ത്രീകളെ കുടുക്കുകയായിരുന്നു. ഇതിനിടയില്‍ 53 സ്‌ത്രീകളുമായി ഇയാള്‍ സുരക്ഷിതമല്ലാത്ത മാര്‍ഗത്തില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. ഇതില്‍ 32 സ്‌ത്രീകളില്‍ എച്ച് ഐ വി ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വലന്റിനോ തലൂട്ടോയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സ്‌ത്രീയ്‌ക്ക് ജനിച്ച കുഞ്ഞിനും എച്ച് ഐ വി ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ലൈംഗികബന്ധത്തിന് മുമ്പ് ഉറ ധരിച്ചുകൂടെയെന്ന് ചോദിച്ച സ്‌ത്രീകളോട്, തനിക്ക് അത് അലര്‍ജിയാണെന്നാണ് വലന്റിനോ തലൂട്ടോ പറഞ്ഞത്. 14 വയസുമുതല്‍ 40 വയസ് വരെ പ്രായമുള്ളവരാണ് വലന്റിനോ തലൂട്ടോയുടെ തട്ടിപ്പിന് ഇരയായത്. ഇതില്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെയുള്ളവരുണ്ട്. ഒരേസമയം ആറു സ്‌ത്രീകളുമായി വലന്റിനോ തലൂട്ടോ അടുപ്പം പുലര്‍ത്തിയിരുന്നതായും വിവരമുണ്ട്. ഏതായാലും ഇതില്‍ ഒരു സ്‌ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വലന്റിനോ തലൂട്ടോയെ പൊലീസ് പിടികൂടി. പിന്നീട് വിചാരണയ്‌ക്കൊടുവിലാണ് വലന്റിനോ തലൂട്ടോയെ 24 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചത്.