അത്യപൂര്‍വ്വമായി പുരുഷന്‍ ഗര്‍ഭം ധരിക്കുന്ന വാര്‍ത്തകള്‍ ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു. എല്ലാവരും തെല്ല് അമ്പരപ്പോടെയാണ് ആ വാര്‍ത്തകളെ സമീപിച്ചത്. എന്നാല്‍ വരുംകാലങ്ങളില്‍ പുരുഷന്‍ ഗര്‍ഭം ധരിക്കുന്നത് ഒരു സാധാരണ കാര്യമായി മാറുമെന്നാണ് ഡോക്‌ടര്‍മാര്‍ പറയുന്നത്. അമേരിക്കന്‍ സൊസൈറ്റി ഫോര്‍ റീപ്രൊഡക്‌ടീവ് മെഡിസിന്‍ പ്രസിഡന്റ് ഡോ. റിച്ചാര്‍ഡ് പോള്‍സണാണ് ഇതുസംബന്ധിച്ച സൂചന നല്‍കുന്നത്. ഗര്‍ഭാശയം മാറ്റിവെക്കുന്നതിലൂടെയാണ് പുരുഷന്‍മാര്‍ക്ക് ഗര്‍ഭം ധരിക്കാനുള്ള അവസരം കൈവരുന്നത്. എന്നാല്‍ പുരുഷന്‍മാര്‍ക്ക് സാധാരണഗതിയില്‍ പ്രസവിക്കാനാകില്ല. സിസേറിയനിലൂടെയാകും പുരുഷന്‍മാര്‍ക്ക് പ്രസവിക്കാന്‍ സാധിക്കുക. ലിംഗമാറ്റ ശസ്‌ത്രക്രിയയിലൂടെ സ്‌ത്രീയായി മാറിയ പുരുഷന്‍മാര്‍ ഗര്‍ഭം ധരിക്കുന്നതും പ്രസവിക്കുന്നതും ഇന്ന് നിത്യസംഭവമാണ്. ഗര്‍ഭാശയത്തിലേക്ക്, വരുന്ന രക്തക്കുഴലുകള്‍ സ്‌ത്രീകളിലുള്ളതുപോലെ പുരുഷന്‍മാരിലുമുണ്ട്. അതുകൊണ്ടുതന്നെ പുരുഷന്‍മാരില്‍ ഗര്‍ഭാശയം മാറ്റിവെച്ചാല്‍, അവര്‍ക്ക് ഗര്‍ഭം ധരിക്കാനാകും. വന്ധ്യതാ ചികില്‍സാരംഗത്ത് ഇത്തരമൊരു സാധ്യത കൂടിവരികയാണ്. ശാരീരികവും ഹോര്‍മോണ്‍ വ്യതിയാനവും സംബന്ധിച്ച കാരണങ്ങളാല്‍, ഗര്‍ഭം ധരിക്കാനാകാതെ പോകുന്ന സ്‌ത്രീകളിലെ ഗര്‍ഭപാത്രം അവരുടെ പുരുഷ പങ്കാളിയില്‍ വെച്ചുപിടിപ്പിച്ചാല്‍, വിജയകരമായി ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും സാധിക്കും. ഇക്കാലത്ത് വര്‍ദ്ധിച്ചുവരുന്ന വന്ധ്യതാപ്രശ്‌നങ്ങള്‍ക്ക് ഭാവിയിലെ പ്രധാന പരിഹാര മാര്‍ഗമായി ഇതു മാറുമെന്നും ഡോക്‌ടര്‍മാര്‍ പറയുന്നു.