ഗര്‍ഭിണിയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ ഡോക്ടര്‍മാരും കുടുംബത്തിലെ മുതിര്‍ന്നവരും പലപ്പോഴും നിരുത്സാഹപ്പെടുത്താറുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്‍റെ ആരാഗ്യത്തെ കുറിച്ചുള്ള ആശങ്കകളാണ് ഇതിന് കാരണം. മൊബൈല്‍ ഫോണ്‍ പുറന്തള്ളുന്ന റേഡിയോ തരംഗങ്ങള്‍ കുട്ടിയെ ബാധിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഗര്‍ഭിണികളെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് നോര്‍വ്വേയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ പുറത്ത് വിട്ടിരിക്കുന്നത്. അമ്മയുടെ ഫോണ്‍ ഉപയോഗം കുട്ടിയെ ബാധിക്കില്ലെന്നതാണ് ഇവരുടെ കണ്ടെത്തല്‍.

അമ്മയുടെ ഫോണ്‍ ഉപയോഗം കുട്ടിയുടെ ആശയ വിനിമയം നടത്താനുള്ള കഴിവിനെ ബാധിക്കുമെന്ന വാദത്തെ ഇവര്‍ എതിര്‍ക്കുകയാണ്. കുട്ടികള്‍ക്ക് വാക്യങ്ങള്‍ പൂര്‍ണ്ണമായി പറയാനും വ്യാകരണം തെറ്റില്ലാതെ ഉപയോഗിക്കാനും, നല്ല ഭാഷയില്‍ സംസാരിക്കാനും കഴിയുമെന്നാണ് പുതിയ പരീക്ഷണത്തിലൂടെ ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. 45,389 അമ്മമാരിലും അവരുടെ 3 മുതല്‍ അഞ്ച് വയസ്സ് വരെയുള്ള കുട്ടികളിളും നടത്തിയ പരീക്ഷണത്തിലാണ് പുതിയ കണ്ടെത്തല്‍. ബിഎംഎസ് പബ്ലിക്ക് ഹെല്‍ത്ത് ജേര്‍ണലിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.