ശരീര ഭാരവും വണ്ണവും കുറയ്‌ക്കാന്‍ വേണ്ടി, നല്ല രീതിയില്‍ ഭക്ഷണം നിയന്ത്രിക്കുന്നവരുണ്ട്. ചിലര്‍ രണ്ടു നേരത്തെ ഭക്ഷണം പോലും ഒഴിവാക്കാറുണ്ട്. എന്നാല്‍ ഭക്ഷണം കഴിക്കാതിരുന്നതുകൊണ്ട് ശരീര ഭാരവും വണ്ണവും കുറയില്ലെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ജോര്‍ജിയ സര്‍വ്വകലാശാലയില്‍ നടത്തിയ ഏറ്റവും പുതിയ പഠനവും ഇക്കാര്യം അടിവരയിടുന്നുണ്ട്. ലാബിലും ഓണ്‍ലൈനിലും നടത്തിയ വിവിധ പരീക്ഷണങ്ങള്‍ ഏകോപിപ്പിച്ചാണ് ഈ നിഗമനത്തിലേക്ക് പഠനസംഘം എത്തിചേര്‍ന്നത്. ഭക്ഷണക്കാര്യത്തെക്കുറിച്ച് ഓണ്‍ലൈനില്‍ നടത്തിയ സര്‍വ്വേയിലൂടെയാണ് ഭക്ഷണ നിയന്ത്രണം ശരീരഭാരം കുറയ്‌ക്കില്ലെന്ന വാദത്തിലേക്ക് പഠനസംഘത്തെ എത്തിച്ചത്. പൊണ്ണത്തടി മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചുവരുന്നുണ്ട്. എന്നാല്‍ ഭക്ഷണം കഴിക്കാതിരുന്നതുകൊണ്ട്, പൊണ്ണത്തടി കുറയില്ല. ഭക്ഷണം കഴിക്കാതിരിക്കുമ്പോള്‍, ശരീരത്തിന് ലഭ്യമാകേണ്ട പോഷകം നഷ്‌ടപ്പെടുന്നതായും പഠനസംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് അനാരോഗ്യം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. മിഷേല്‍ വാന്‍ഡെല്ലന്റെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണ റിപ്പോര്‍ട്ട് ജേര്‍ണല്‍ അപ്പറ്റീറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.