പ്രധാനമന്ത്രിയുടെ വേഷവിധാനത്തിലെ വ്യത്യസ്തതകള്‍ ഇത് ആദ്യമായിട്ടൊന്നുമല്ല, നമ്മളെ വിസ്മയിപ്പിച്ചിട്ടുള്ളത്. യാത്രകളിൽ അദ്ദേഹം ചെന്നെത്തുന്ന ഓരോ നാടുകളിലെയും സംസ്‌കാരവും ആചാരമര്യാദകളും അംഗീകരിക്കാനും അവയെ പരിഗണിക്കാനും എപ്പോഴും ശ്രദ്ധ പുലര്‍ത്താറുണ്ട്. 

തലപ്പാവുകളുടെ കാര്യം തന്നെ പറയുകയാണെങ്കില്‍, എത്ര തരം തലപ്പാവിട്ട് നമ്മള്‍ ഇതിനോടകം അദ്ദേഹത്തെ കണ്ടുകഴിഞ്ഞു. പഞ്ചാബ്, അസം, മണിപ്പൂര്‍, നാഗാല്ന്റ്, ഹിമാചല്‍ പ്രദേശ് - അങ്ങനെ പോകുന്നു ആ ലിസ്റ്റ്. 

ഇപ്പോള്‍ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തിനിടെയാണ് തലയില്‍ പ്രത്യേത തരം തലപ്പാവുമായി മോദി പ്രത്യക്ഷപ്പെട്ടത്. ഇതങ്ങനെ, ചില്ലറ തലപ്പാവൊന്നുമല്ല., അരുണാചല്‍ പ്രദേശിന്റെ തനത് സംസ്‌കാരത്തിന്റെ ചിഹ്നം കൂടിയാണിത്. 

പ്രത്യേകയിനത്തില്‍ പെടുന്ന വേഴാമ്പലിന്റെ കൊക്കും, തൂവലുകളും പിന്നെ, കൂട്ടത്തില്‍ മുളയും ചൂരലും ഒക്കെ ചേര്‍ത്താണ് ഇതുണ്ടാക്കുന്നത്. 'ബോപിയ' എന്നാണിതിന്റെ ഔദ്യോഗിക നാമം. മുമ്പെല്ലാം പക്ഷികളുടെ യഥാര്‍ത്ഥ കൊക്കുകളും തൂവലുമെല്ലാം ഉപയോഗിച്ചാണ് ഈ തലപ്പാവ് നിര്‍മ്മിച്ചിരുന്നതെങ്കിലും ഇപ്പോള്‍ ഡ്യൂപ്ലിക്കേറ്റ് സാധനങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മ്മാണം. 

മോദി ധരിച്ചത് ഒറിജിനല്‍, തൊപ്പിയാണോ, അതോ ഡ്യൂപ് 'ബോപിയ' ആണോ എന്ന കാര്യം എന്തായാലും വ്യക്തമല്ല. മയില്‍പീലിയും മറ്റ് അലങ്കാരവസ്തുക്കളുമൊക്കെയായി ആഡംബരത്തിന് കുറവൊന്നുമില്ലാത്ത 'ബോപിയ'യായിരുന്നു മോദിയുടേത് എന്ന് മാത്രം ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. 

ഇതിന് മുമ്പ് മോദിയുടെ ശ്രദ്ധിക്കപ്പെട്ട ചില വേഷങ്ങള്‍ ഒന്നുകൂടി കാണാം. 

നാഗാലാന്റ്...

ഇത് നാഗാലാന്റിന്റെ പരമ്പരാഗത വേഷമാണ്. പക്ഷികളുടെ കൊക്കും തൂവലുകളുമൊക്കെ ചേര്‍ത്ത് തയ്യാറാക്കിയ തലപ്പാവാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. അധികാരത്തിന്റെയും അന്തസ്സിന്റെയുമെല്ലാം ചിഹ്നമായിട്ടാണ് ഇവിടത്തുകാര്‍ ഇതിനെ കരുതുന്നത്. 

മണിപ്പൂര്‍...

മണിപ്പൂരിലെ സാധാരണക്കാരുടെ തലപ്പാവാണ് ചിത്രത്തില്‍ ആദ്യം കാണുന്നത്. കൂട്ടത്തില്‍ മണിപ്പൂരിലെ തന്നെ മറ്റൊരു വിഭാഗം ഉപയോഗിക്കുന്ന, മയില്‍പ്പീലി ചേര്‍ത്ത് തുന്നിയ തലപ്പാവാണ് അടുത്തതായി കാണുന്നത്. 

അസം...

അസമിന്റെ പരമ്പരാഗത തലപ്പാവായ 'ജാപ്പി'യാണ് മോദി ധരിച്ചിരിക്കുന്നത്. മുള കൊണ്ടാണ് ഇത് നിര്‍മ്മിക്കുന്നത്. കര്‍ഷകരും കന്നുകാലികളെ നോക്കുന്നവരുമൊക്കെയാണ് സാധാരണഗതിയില്‍ ഇത് ധരിക്കുകയെങ്കിലും,  ആഘോഷവേളകളില്‍ മിക്കവരും ഇത് ധരിക്കാന്‍ താല്‍പര്യപ്പെടാറുണ്ട്. 

ലഡാക്ക്...

കശ്മീരിലെ ലഡാക്കില്‍ ആളുകള്‍ ധരിക്കുന്ന പ്രത്യേക തരത്തിലുള്ള തലപ്പാവാണ് മോദി ഇതില്‍ ധരിച്ചിരിക്കുന്നത്. ഒപ്പം ലഡാക്കികളുടെ പരമ്പരാഗത വസ്ത്രവും. 

ഹിമാചല്‍ പ്രദേശ്...

ഹിമാചലുകാരുടെ സ്വന്തം 'പഹാരി ടോപ്പി'യാണ് മോദിയുടെ തലയിരിക്കുന്നത്. കാണാന്‍ ലളിതവും അതേസമയം മനോഹരവുമായിരിക്കും 'പഹാരി ടോപ്പി'കള്‍. 'മൗണ്ടെയ്ന്‍ കാപ്പ്' എന്നും ഇത് അറിയപ്പെടാറുണ്ട്.