വന്ധ്യതാ ചികില്‍സയില്‍ വഴിത്തിരിവുണ്ടാക്കുന്ന നിര്‍ണായക കണ്ടുപിടിത്തവുമായി ഒരുകൂട്ടം ഗവേഷകര്‍ രംഗത്തെത്തി. ലക്ഷകണക്കിന് പുരുഷ ബീജങ്ങളില്‍ നിന്ന് മികച്ചവയെ കണ്ടെത്തുന്ന ഉപകരണമാണ് ഫ്ലോറിഡ അറ്റ്‌ലാന്റിക് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്. ലോകത്ത് അഞ്ചു കോടിയോളം ദമ്പതികള്‍ കുട്ടികളില്ലാതെ ചികില്‍സ തേടുന്നുണ്ട്. ഇതില്‍ 30 മുതല്‍ 50 ശതമാനം കേസുകളിലും പുരുഷന്‍മാരുടെ പ്രശ്‌നം കൊണ്ടാണ് കുട്ടികള്‍ ഉണ്ടാകാത്തത്. ഗുണനിലവാരവും ചലനശേഷിയുമുള്ള ബീജത്തിന്റെ അപര്യാപ്‌തതയും ബീജത്തിന്റെ എണ്ണത്തിലുള്ള കുറവുമാണ് പ്രധാനമായും പുരുഷ വന്ധ്യതയ്‌ക്ക് കാരണമാകുന്നത്. വന്ധ്യതാ നിവാരണ ചികില്‍സയില്‍ ഏറ്റവും ഫലപ്രദമായ ഐവിഎഫ്, ഐയുഐ തുടങ്ങിയവയാണ്. ഇവയൊക്കെ മികച്ച ബീജങ്ങള്‍ കണ്ടെത്തി, ഗര്‍ഭപാത്രത്തില്‍വെച്ചോ പുറത്തുവെച്ചോ അണ്ഡവുമായി സംയോജിപ്പിച്ചാണ് ചികില്‍സ നടത്തുന്നത്. മികച്ച ബീജങ്ങളെ കണ്ടെത്തി ചികില്‍സയ്‌ക്ക് ഉപയോഗിച്ചാല്‍ വന്ധ്യതാനിവാരണം ഏറെക്കുറെ ഫലപ്രദമാകും. അതുകൊണ്ടുതന്നെയാണ് മികച്ച ബീജങ്ങളെ കണ്ടെത്തി വേര്‍തിരിക്കുന്നതിന് സഹായിക്കുന്ന മൈക്രോഫ്ലൂയിഡിക് സാങ്കേതികവിദ്യയില്‍ അധിഷ്‌ഠിതമായ പുതിയ ഉപകരണം വികസിപ്പിച്ചെടുത്തത്. മികച്ച ഡിഎന്‍എയുള്ള ബീജം കണ്ടെത്തി വേര്‍തിരിച്ച് ചികില്‍സയ്‌ക്ക് ഉപയോഗിക്കുന്നതിലൂടെ, ജനിക്കാന്‍പോകുന്ന കുട്ടിക്ക് മറ്റു അനാരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്താനുമാകുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയിവര്‍ അവകാശപ്പെടുന്നു. പഠനറിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ബയോടെക്‌നോളജി അഡ്‌വാന്‍സസില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.