ഇത് ചൂടിനെ ക്രമപ്പെടുത്താന്‍ സഹായിക്കും

വിവാഹം കഴിഞ്ഞാല്‍ ഒരു കുഞ്ഞ് വേണമെന്ന് ആഗ്രഹിക്കാത്ത ദമ്പതിമാരുണ്ടോ ? എന്നാല്‍ വന്ധ്യത ഇന്ന് പല ദമ്പതിമാരെയും ബാധിച്ചുകൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ്. സ്ത്രീകളിലും പുരുഷന്‍മാരിലും ഒരു പോലെ വന്ധ്യത ബാധിക്കുന്നു. അതില്‍ പുരുഷന്‍മാരില്‍ വന്ധ്യതാനിരക്ക് കൂടി വരികയാണ്. അതിന്‍റെ കാരണങ്ങള്‍ പലതാണ്. ജീവിതശൈലിയും കാലാവസ്ഥയും അങ്ങനെ പലതും. ചൂടു കൂടുന്നത് മൂലം പുരുഷന്മാരില്‍ ബീജത്തിന്റെ അളവ് കുറയ്ക്കുന്നുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. താപനില ഉയരുന്നത് വൃക്ഷണങ്ങളെ ദോഷകരമായി ബാധിക്കാറുണ്ട്. ഇതുവഴി ബീജത്തിന്റെ അളവ് ക്രമാതീതമായി കുറയുന്നു. ഇതാണ് പലപ്പോഴും പുരുഷന്‍മാരുടെ വന്ധ്യതയ്ക്കു കാരണമായി പറയുന്നത്. 

ഈ അവസ്ഥയ്ക്ക് ഒരു പരിഹാരവുമായി വന്നിരിക്കുകയാണ് കുറച്ച് ഗവേഷകര്‍. മാറിയ ജീവിതസാഹചര്യത്തിൽ സാങ്കേതികവിദ്യയെ മനുഷ്യരാശിക്ക് അനുയോജ്യമായി രീതിയിൽ മാറ്റിയെടുക്കാനുള്ള ശ്രമം വ്യാപകമാണ്. ഇവിടെ പുരുഷമാര്‍ക്കായി ഡിസൈന്‍ ചെയ്ത ഒരു പ്രത്യേക അടിവസ്ത്രമാണ് വന്ധ്യതയെ തടയാന്‍ സഹായിക്കുന്നത്.

പുരുഷഹോര്‍മോണ്‍ ആയ ടെസ്റ്റോസ്റ്റിറോണ്‍ നില ക്രമപ്പെടുത്തുകയും ബീജങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നതാണ് ഈ അടിവസ്ത്രം. ഇത് ചൂടിനെ ക്രമപ്പെടുത്താന്‍ സഹായിക്കും. ഓര്‍ഗാനിക് കോട്ടനിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ചൂടുള്ള കാലാവസ്ഥയിൽ ജോലി ചെയ്യുന്ന പുരുഷൻമാര്‍ക്ക് ഈ അടിവസ്ത്രം ഏറെ സഹായകമാകും. 

മുമ്പും ഇത്തരത്തിലുളള അടിവസ്ത്രങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. മൊബൈൽ ഫോണ്‍ പാന്റ്സിന്റെ പോക്കറ്റിൽ ഇടുന്നതുമൂലം ഉണ്ടാകുന്ന റേഡിയേഷൻ തടുക്കുന്നതരം അടിവസ്ത്രമാണ് സ്‌പാര്‍ട്ടൻ എന്ന കമ്പനി രംഗത്തിറക്കിയിരുന്നത്. പുരുഷ വന്ധ്യതയുടെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ് മൊബൈൽഫോണ്‍ റേഡിയേഷൻ. മൊബൈൽ റേഡിയേഷൻ കാരണം പുരുഷൻമാരിലെ ബീജത്തിന്റെ എണ്ണം കുറയുകയും ഗുണനിലവാരം ഇല്ലാതാകുകയും ചെയ്യുന്നതായി നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മൊബൈൽ റേഡിയേഷൻ ഏൽക്കാതിരിക്കുന്ന അടിവസ്ത്രം സ്‌പാര്‍ട്ടൻ വികസിപ്പിച്ചെടുത്തത്. ഈ ഹൈ-ടെക് അണ്ടര്‍വെയറിന് 99 ശതമാനം മൊബൈൽ റേഡിയേഷനും വൈ-ഫൈ സിഗ്നലുകളും ചെറുക്കാൻ സാധിക്കുമെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.