തലമുടിയാണ് ഒരു പെണ്‍കുട്ടിയുടെ സൗന്ദര്യം എന്നാണ് പഴമക്കാര്‍ പറയുന്നത്. കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. ഇപ്പോഴിതാ ഏറ്റവും നീളം കൂടിയ മുടിയുളള പെണ്‍കുട്ടി എന്ന ഗിന്നസ് റെക്കോർഡിന് ഉടമയായിരിക്കുകയാണ് ഇന്ത്യക്കാരിയായ നിലൻഷി പട്ടേൽ.

ഗുജറാത്തുകാരിയായ നിലൻഷി പട്ടേലിന്‍റെ കരത്തുള്ളതും നീളമുള്ളതുമായ മുടിയാണ്  ഗിന്നസ് റെക്കോർഡിന് അര്‍ഹയാക്കിയത്. ആറുവയസുള്ളപ്പോൾ മുടി മുറിച്ച് വൃത്തികേടായതിൽ മനംനൊന്ത് തീരുമാനിച്ചതാണ് ഇനി ഒരിക്കലും മുടി മുറിക്കില്ലെന്ന്. 10 വർഷമായി മുടി വളർത്തുന്നു. 170.5 സെന്റിമീറ്ററാണ് നിലൻഷിയുടെ മുടിയുടെ നീളം. 

ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് നിലൻഷി മുടി കഴുകുന്നത്. മുടി കഴുകാനും ചീകാനും അമ്മയാണ് നിലൻഷിയെ സഹായിക്കുന്നത്. യാതൊരു ബുദ്ധിമുട്ടും ഇന്നുവരെ മുടികൊണ്ട് എനിക്ക് ഉണ്ടായിട്ടില്ല, പെൺകുട്ടികളുടെ അഴകാണ് മുടിയെന്ന് ഞാൻ വിശ്വസിക്കുന്നു – നിലൻഷി പറയുന്നു.