Asianet News MalayalamAsianet News Malayalam

ഈ മനുഷ്യന് വയറില്ല; അതിനാല്‍ വിശപ്പ് എന്താണെന്ന് അറിയില്ല

no hungry man
Author
First Published Dec 30, 2017, 12:24 PM IST

ലണ്ടന്‍:  41കാരനും രണ്ടു കുഞ്ഞുങ്ങളുടെ അച്ഛനുമായ ഡേവിഡ് അവിചാരിതമായാണ് ആ കാര്യം അറിഞ്ഞത്. തനിക്ക് ഹെറിഡിറ്ററി ഡിഫ്യൂസ് ഗ്യാസ്ട്രിക്ക് കാന്‍സര്‍ വരാം. പാരമ്പര്യമായാണ് ആ രോഗം അദ്ദേഹത്തിന് കിട്ടിയത്. ഡേവിഡിന്‍റെ തുപ്പലില്‍ നിന്നും ശേഖരിച്ച ഡിഎന്‍എ യില്‍ നടത്തിയ പഠനത്തിലാണ് ഈ സത്യം തിരിച്ചറിഞ്ഞത്.   

ഡേവിഡിന്‍റെ കുടുംബത്തില്‍ പാരമ്പര്യമായി ഈ രോഗം വരാനുള്ള സാധ്യതയുണ്ടെന്ന് കണ്ടെത്തിയത്. ഇതിനു കാരണമാകുന്ന ഒരു ജീന്‍ ഡേവിഡിന്റെ ഡിഎന്‍എയില്‍ കണ്ടെത്തിയതോടെ അന്നനാള കാന്‍സര്‍ ബാധിക്കാനുള്ള സാധ്യത ഡേവിഡിന് 70 ശതമാനം ആണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഇതിനെ പ്രതിരോധിക്കാന്‍ വൈദ്യശാസ്ത്രം മുന്നോട്ടുവച്ച ഉപാധി വയര്‍ പൂര്‍ണമായും നീക്കം ചെയ്യുക എന്നതായിരുന്നു.  

ഗ്യാസ്‌ട്രെക്ക്‌ടോമി എന്നാണു ഇതിനു പറയുന്നത്. വയര്‍ പൂര്‍ണമായും നീക്കം ചെയ്ത് അന്നനാളത്തെ കുടലുകളുമായി ബന്ധിപ്പിക്കുക എന്നതാണ് ഇതിന്റെ ചികിത്സാരീതി. അതുവഴി പുതിയൊരു  ദഹനപ്രക്രിയ ഉണ്ടാക്കിയെടുക്കും. ജീന്‍ സയന്‍സിലെ ഏറ്റവും പുതിയ ചികിത്സാവിധിയാണ് ഡേവിഡില്‍ പരീക്ഷിച്ചത്. ഡേവിഡിനൊപ്പം അദ്ദേഹത്തിന്റെ സഹോദരിയും അര്‍ദ്ധസഹോദരനും ഈ ടെസ്റ്റ് നടത്തിയിരുന്നു. എന്നാല്‍ ഡേവിഡിലായിരുന്നു രോഗത്തിനുള്ള ജീന്‍ കണ്ടെത്തിയത്. എന്നാല്‍ മറ്റു ബന്ധുക്കളും ഭാവിയില്‍ ഈ അപകട നിഴലില്‍ എത്തിയേക്കാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

നാഷണല്‍ ഓഫ് ഹെല്‍ത്തിലെ പ്രമുഖ കാന്‍സര്‍ രോഗവിദഗ്ധന്‍ ഡോക്ടര്‍ ജെറമി ഡേവിസ് ആണ് ഡേവിഡിന്റെ ചികിത്സകന്‍. അദ്ദേഹം ഈ രംഗത്ത് നടത്തുന്ന ക്ലിനിക്കല്‍ ട്രയലിലും ഡേവിഡ് പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ആയിരുന്നു ഡേവിഡിന്റെ ശസ്ത്രക്രിയ. ശസ്ത്രക്രിയ നടത്തിയാല്‍ പിന്നെ ഒരിക്കലും തനിക്ക് പ്രിയപ്പെട്ട ചില ആഹാരങ്ങള്‍ കഴിക്കാന്‍ സാധിക്കാത്തതിനാല്‍ ശസ്ത്രക്രിയയ്ക്ക് ഒരുവര്‍ഷം മുന്‍പ് ഏറ്റവും പ്രിയപ്പെട്ട പിസ്സയും, ഐസ് ക്രീമും എല്ലാം ഡേവിഡ് ആവോളം ആസ്വദിച്ചു കഴിച്ചു.

വയര്‍ നീക്കം ചെയ്തതിനാല്‍ ഇപ്പോള്‍ ഡേവിഡിനു വിശപ്പ് അറിയാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ഓരോ ഇടവേളകളിലും ആവശ്യമായ ഭക്ഷണം ഡേവിഡ് കഴിക്കുകയാണ് ചെയ്യുന്നത്. ശാരീരികഅസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ പഞ്ചസാര അടങ്ങിയ ഒരു ഭക്ഷണവും ഡേവിഡിന്റെ ലിസ്റ്റിലില്ല. ഇപ്പോള്‍ ഡേവിഡ് സന്തോഷവാനാണ്. 

മറ്റു കുടുംബാംഗങ്ങള്‍ക്ക് ഭാവിയില്‍ ഇങ്ങനെയൊരവസ്ഥ വരരുതേ എന്നു മാത്രമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആഗ്രഹം. ലോകത്താകമാനം ആളുകളുടെ മരണത്തിനു കാരണമാകുന്ന രോഗങ്ങളില്‍ നാലാം സ്ഥാനത്താണ് അന്നനാളകാന്‍സര്‍.

Follow Us:
Download App:
  • android
  • ios