ഒക്ലഹോമ: സ്വന്തം മക്കളെ വിവാഹം കഴിച്ച അമ്മ ശിക്ഷ കാത്തിരിക്കുന്നു. അമ്മയെ വിവാഹം കഴിച്ച ഇരുപത്തിയാറുകാരി മകള്‍ക്ക് പത്ത് കൊല്ലം തടവ്. യുഎസ്എയിലെ ഒക്ലഹോമയിലാണ് വിചിത്രമായ കേസ് നടക്കുന്നത്. നാല്‍പ്പത്തിനാലുകാരിയായ പട്രീഷ സ്പാന്‍ എന്ന യുവതിയാണ് മകനെയും, മകളെയും വിവാഹം കഴിച്ചത്. മകന് പതിനെട്ട് വയസായതോടെ 2008 ല്‍ മകനെ വിവാഹം കഴിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയെ വിവാഹം കഴിക്കാന്‍ പാടില്ലെന്ന് തിരിച്ചറിഞ്ഞതോടെ മകന്‍ അമ്മയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തി. 

അതിനു പിന്നാലെയാണ് മകളെ വിവാഹം ചെയ്യാന്‍ അമ്മ തയാറെടുത്തത്. കഴിഞ്ഞ മാര്‍ച്ചിലാണ് 26 കാരിയായ മകഹ മിസ്റ്റി സ്പാന്നിനെ പട്രീഷ വിവാഹം കഴിച്ചത്. ഇവരെ കൂടാതെ ഒരു കുട്ടികൂടെയുണ്ട് പട്രീഷയ്ക്ക്. മൂന്ന് കുട്ടികളുടെയും രക്ഷാകര്‍തൃ ചുമതല പട്രീഷയ്ക്ക് നഷ്ടമായിരുന്നു. പിന്നീട് മുത്തശ്ശിയായിരുന്നു ഇവരുടെ കാര്യങ്ങള്‍ നോക്കിയിരുന്നത്. പട്രീഷ്യയ്ക്ക് എങ്ങനെയാണ് രക്ഷകര്‍തൃസ്ഥാനം നഷ്ടമായതെന്ന കാരണം വ്യക്തമല്ല.

വിവാഹം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ സെപ്റ്റംബറില്‍ മിസ്റ്റി കോടതിയെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അമ്മയെ വിവാഹം കഴിക്കുന്നത് തെറ്റല്ലെന്ന് അവര്‍ വിശ്വസിപ്പിച്ചതായും മിസ്റ്റി ആരോപിക്കുന്നു. അഭിഭാഷകരെ കണ്ട് വിവാഹം കഴിക്കുന്നത് നിയമവിരുദ്ധമല്ലെന്ന് അമ്മയുടെ ഉറപ്പിലാണ് താന്‍ വിവാഹത്തിന് സമ്മതിച്ചതെന്നും മിസ്റ്റി കോടതിയെ ബോധിപ്പിച്ചു.

രക്ത ബന്ധത്തിലുള്ളവരെ വിവാഹം ചെയ്യുന്നത് ഒക്ലഹോമയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. പത്ത് വര്‍ഷം തടവ് മിസ്റ്റിക്ക് അനുഭവിക്കേണ്ടി വരില്ല. ഒക്ലഹോമയിലെ പ്രത്യേക നിയപ്രകാരം രണ്ട് വര്‍ഷം കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായി കോടതിയില്‍ പിഴയടച്ച് നല്ല നടപ്പാവാം. നല്ല നടപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ശിക്ഷ കോടതി റദ്ദാക്കും.