തന്റെ ജീവിതം കൊണ്ട് നിരവധി പേരെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു മസാസോയുടേത്. എപ്പോഴും ശുഭാപ്തിവിശ്വാസത്തോടുകൂടി ജീവിച്ച പിതാവിനെ കുറിച്ച് മകള്‍ ആദ്യം ഓര്‍ത്തെടുക്കുന്ന സവിശേഷതയും അതുതന്നെയാണ്

ടോക്കിയോ: ഒരു മനുഷ്യന് സ്വപ്‌നം കാണാന്‍ കഴിയുന്നതിലും നീണ്ട ജീവിതത്തെ വരവേറ്റവന്‍. അതും സദാസമയവും നിറഞ്ഞ പുഞ്ചിരിയോടെയും സന്തോഷത്തോടെയും. ജപ്പാന്‍ പൗരനായ മസാസോ നൊനാക്കയെ അങ്ങനെ ലോകം സ്‌നേഹപൂര്‍വ്വം 'അപ്പൂപ്പന്‍' എന്ന് വിളിച്ചു. 

കേവലം പത്ത് മാസം മാത്രമേ 113കാരനായ മസാസോ നൊനാകയ്ക്ക് ലോകത്തിന്റെ അപ്പൂപ്പനമായി ജീവിക്കാനായുള്ളൂ. ഈ ഞായറാഴ്ച, വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് മസാസോ എന്നെന്നേക്കുമായി യാത്രയായി. 

തന്റെ ജീവിതം കൊണ്ട് നിരവധി പേരെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു മസാസോയുടേത്. എപ്പോഴും ശുഭാപ്തിവിശ്വാസത്തോടുകൂടി ജീവിച്ച പിതാവിനെ കുറിച്ച് മകള്‍ ആദ്യം ഓര്‍ത്തെടുക്കുന്ന സവിശേഷതയും അതുതന്നെയാണ്. 

മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒന്നും അലട്ടാത്ത പ്രകൃതക്കാരനായിരുന്നു അച്ഛനെന്ന് ഇവര്‍ പറയുന്നു. സങ്കടങ്ങളെ മാറ്റിനിര്‍ത്തിയിരുന്നുവെന്ന് മാത്രമല്ല, കുഞ്ഞുങ്ങളെ പോലെ സന്തോഷങ്ങളെ ചേര്‍ത്തുപിടിക്കാനും മസാസോ എപ്പോഴും ശ്രമിച്ചു. 

കഴിഞ്ഞ ഏപ്രിലില്‍ സ്‌പെയിനുകാരനായ ഫ്രാന്‍സെസ് നൂനസ് ഒലിവേറയുടെ മരണത്തോടെയാണ് ലോകത്തെ ഏറ്റവും പ്രായമേറിയ പുരുഷനായി മസാസോ തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് ടോക്കിയോയില്‍ നിന്ന് 900 കിലോമീറ്റര്‍ അകലെയുള്ള ഹൊക്കെയ്‌ഡോ ദ്വീപിലെ വീട്ടില്‍ മക്കളും പേരക്കുട്ടികളും ബന്ധുക്കളുമെല്ലാമെത്തി വന്‍ ആഘോഷപരിപാടികളാണ് മസാസോയ്ക്കായി നടത്തിയത്. 

ഒരു മധുരപ്രിയനായിരുന്നു മസാസോ. അവശത നേരിട്ട അവസാന നാളുകളില്‍ ഒഴികെ എപ്പോഴും അദ്ദേഹം തനിക്ക് പ്രിയപ്പെട്ട ക്രീം കേക്കുകള്‍ കഴിച്ചു. തന്റെ ആയുസ്സിന്റെ രഹസ്യം തന്നെ മധുരത്തോടുള്ള ഈ പ്രണയമാണെന്ന് മസാസോ ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. ധാരാളം മിനറലുകള്‍ അടങ്ങിയ ആരോഗ്യകരമായ മധുരങ്ങള്‍ മാത്രമേ മസാസോ കഴിക്കുമായിരുന്നുള്ളൂ. 

കൃത്യമായ ഒരു ജീവിതചര്യയും മസാസോ പിന്തുടര്‍ന്നു. നടക്കാന്‍ ചെറിയ വിഷമമുള്ളതിനാല്‍ വീല്‍ ചെയറിലായിരുന്നു ഏറെ നാളായി സഞ്ചരിച്ചിരുന്നത്. പരിപൂര്‍ണ്ണമായും അവശനാകുന്നത് വരെ ഇതിന് ആരുടെയും സഹായം തേടിയിരുന്നില്ല. പ്രഭാതഭക്ഷണത്തിന് ശേഷം പത്രം വായിക്കും. തുടര്‍ന്ന് ഇഷ്ടവിനോദങ്ങളായ സുമോ ഗുസ്തിയോ സാമുറായ് ഡ്രാമകളോ കാണും. 

ഭാര്യയും രണ്ട് മക്കളും മരിച്ചു. ഇനി അവശേഷിക്കുന്നത് മൂന്ന് മക്കളും ഇവരുടെ കുടുംബങ്ങളുമാണ്. ചെറുമകള്‍ യുകോ നൊനാകയാണ് മസാസോയുടെ മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്. വാര്‍ത്തയറിഞ്ഞതിനെ തുടര്‍ന്ന് മധുരങ്ങളെ പ്രണയിച്ച പ്രിയപ്പെട്ട അപ്പൂപ്പന് വേണ്ടി വിവിധയിടങ്ങളില്‍ നിന്നായി അനേകം പേരുടെ പ്രാര്‍ത്ഥനയാണ് ഹൊക്കെയ്‌ഡോ ദ്വീപിലേക്ക് ഒഴുകിയെത്തിയത്. ഇനി രേഖകള്‍ പ്രകാരം അടുത്ത അപ്പൂപ്പന് വേണ്ടി ലോകം കാത്തിരിക്കുന്നു...