വെള്ളം, അടിസ്ഥാന സൗകര്യം, പോഷകാഹാരം, വൈദ്യസഹായം എന്നിവയുടെ അഭാവമാണ് വലിയൊരു ശതമാനം കുഞ്ഞുങ്ങളുടെയും ജീവന്‍ അപഹരിക്കുന്നതെന്നും യു.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2017ലെ കണക്കെടുക്കുകയാണെങ്കില്‍ മരിച്ച 6.3 മില്ല്യണ്‍ കുഞ്ഞുങ്ങളില്‍ 5.4 മില്ല്യണ്‍ കുഞ്ഞുങ്ങളും അഞ്ച് വയസ്സിനുള്ളില്‍ പ്രായമുള്ളവരാണ്

വിവിധ കാരണങ്ങളാല്‍ 15 വയസ്സിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ മരണനിരക്കിന്റെ കണക്കുകള്‍ പുറത്തുവിട്ട് ഐക്യരാഷ്ട്ര സംഘടന. 2017ല്‍ മാത്രം 6.3 മില്ല്യണ്‍ കുഞ്ഞുങ്ങളാണ് 15 വയസ്സ് തികയും മുമ്പ് മരിച്ചതെന്ന് യു.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് ഓരോ അഞ്ച് സെക്കന്‍ഡിലും ഒരു കുഞ്ഞ് മരിക്കുന്നുവെന്നാണ് യു.എന്‍ സൂചിപ്പിക്കുന്നത്. 

വെള്ളം, അടിസ്ഥാന സൗകര്യം, പോഷകാഹാരം, വൈദ്യസഹായം എന്നിവയുടെ അഭാവമാണ് വലിയൊരു ശതമാനം കുഞ്ഞുങ്ങളുടെയും ജീവന്‍ അപഹരിക്കുന്നതെന്നും യു.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2017ലെ കണക്കെടുക്കുകയാണെങ്കില്‍ മരിച്ച 6.3 മില്ല്യണ്‍ കുഞ്ഞുങ്ങളില്‍ 5.4 മില്ല്യണ്‍ കുഞ്ഞുങ്ങളും അഞ്ച് വയസ്സിനുള്ളില്‍ പ്രായമുള്ളവരാണ്. ഇതില്‍ പകുതി മരണവും പ്രസവിച്ച് ഏറെ വൈകാതെ സംഭവിച്ചതാണ്. 

നമ്മുടെ അശ്രദ്ധയോ പിടിപ്പുകേടോ ഒക്കെയാണ് പലപ്പോഴും കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്നതെന്ന് യൂനിസെഫ് തന്നെ ചൂണ്ടിക്കാട്ടുന്നു. മരുന്ന്, വൃത്തിയുള്ള വെള്ളം, വൈദ്യുതി, പ്രതിരോധ കുത്തിവയ്പ് എന്നീ കാര്യങ്ങള്‍ കൃത്യമായിരുന്നുവെങ്കില്‍ മരണനിരക്ക് ഇത്രയും ഉയരുകയില്ലായിരുന്നുവെന്നാണ് യൂനിസെഫിന്റെ ഡാറ്റ, റിസര്‍ച്ച് ആന്റ് പോളിസി ഡയറക്ടര്‍ ലോറന്‍സ് ചാണ്ടി പറയുന്നത്. ഇനിയെങ്കിലും ഇക്കാര്യങ്ങളില്‍ ആവശ്യമായ നടപടിയെടുത്തില്ലെങ്കില്‍ 2030 ആകുമ്പോഴേക്ക് അവസ്ഥ ഇതിലും ഭീകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പോയവര്‍ഷം, മരിച്ച അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളില്‍ പകുതി പേരും സബ് സഹാറന്‍ ആഫ്രിക്കയില്‍ നിന്നുള്ളവരാണ്. അവിടെ 13 കുഞ്ഞുങ്ങളില്‍ ഒരാളെന്ന നിലയ്ക്കാണ് മരിച്ചുകൊണ്ടിരിക്കുന്നത്. സാമ്പത്തികമായി അല്‍പം മെച്ചപ്പെട്ടുനില്‍ക്കുന്ന സ്ഥലങ്ങളിലാണെങ്കില്‍ ഈ അനുപാതം മാറിമറിയും. നൂറിലോ, നൂറ്റിയമ്പതിലോ ഒക്കെ ഒരാള്‍ എന്ന നിലയിലേക്കാണ് അത് മാറുന്നത്. 

അഞ്ച് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളാണെങ്കില്‍ ന്യുമോണിയ, വയറിളക്കം, മലേറിയ എന്നിവയാണ് പ്രധാന മരണകാരണങ്ങളാകുന്നത്. അതിന് മുകളില്‍ പ്രായമുള്ള കുഞ്ഞുങ്ങളാണെങ്കില്‍ മുങ്ങിമരണമോ, വീഴ്ചയിലോ അപകടത്തിലോ സംഭവിക്കുന്ന പരിക്കുകളോ ആണ് മരണകാരണമാകുന്നത്. എങ്കിലും പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് കുഞ്ഞുങ്ങളുടെ മരണനിരക്ക് കുറയുന്നുവെന്ന് തന്നെയാണ് യു.എന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്.