ഒരു കൗതുകത്തിന് വേണ്ടി സിഗരറ്റ് വലിച്ചുനോക്കിയാൽ മാത്രം മതി പുകവലിയ്‌ക്ക് അടിപ്പെടാനെന്ന് പുതിയ പഠനം. മൂന്നിൽ രണ്ടുപേരിലും ഇതാണ് സ്ഥിതിവിശേഷം. തമാശയ്‌ക്കുവേണ്ടി ഒരു സിഗരറ്റ് വലിച്ചാൽ, വീണ്ടും സിഗരറ്റ് വലിക്കാനുള്ള താൽപര്യം ഉണ്ടാകുമെന്നാണ് പഠനസംഘം വിശദീകരിക്കുന്നത്. ലണ്ടനിലെ ക്വീൻ മേരി സര്‍വ്വകലാശാലയിൽനിന്നുള്ള പ്രൊഫസര്‍ പീറ്റര്‍ ഹാജെകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. 2.15 ലക്ഷം പേരിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ആദ്യമായി പുകവലിച്ചവര്‍, ദിവസേന പുകവലിക്കുന്നവരായി മാറുന്നത് അത്ഭുതപ്പെടുത്തുന്ന വേഗത്തിലാണ് പഠനത്തിൽനിന്ന് മനസിലായതായി പ്രൊഫ. പീറ്റര്‍ ഹാജെക് പറയുന്നു. കൗതുകത്തിന് വേണ്ടി മാത്രം പുകവലിച്ചു തുടങ്ങിവരാണ് തങ്ങളെന്ന് പഠനത്തിൽ പങ്കെടുത്തവരിൽ 60 ശതമാനം പേരും അഭിപ്രായപ്പെടുന്നു. പഠനറിപ്പോര്‍ട്ട് ജേണൽ നിക്കോട്ടിൻ & ടൊബാക്കോ റിസര്‍ച്ചിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.