ആലോചിച്ച് ആലോചിച്ച് അവസാനം ഒന്നും ചെയ്യാൻ കഴിയാതെ സ്തംഭിച്ചു പോകാറുണ്ടോ? ഇൻ്റർനെറ്റ് ലോകം ഇതിനെ 'അനാലിസിസ് പരാലിസിസ്' എന്ന് വിളിക്കുന്നു. ഈ പ്രതിസന്ധിക്ക് പരിഹാരമായി സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത് ‘റിട്ടാർഡ് മാക്സിംഗ്’ എന്ന പുതിയ ട്രെൻഡാണ്. The term 'Retardmaxxing' is the latest Trend in Social media..
ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ മാനസിക വെല്ലുവിളികളിലൊന്നാണ് അമിതചിന്ത അഥവാ 'ഓവർതിങ്കിംഗ്'. ഒരു തീരുമാനം എടുക്കുന്നതിന് മുൻപ് നൂറുവട്ടം ആലോചിച്ച്, ഒടുവിൽ ഒന്നും ചെയ്യാൻ കഴിയാതെ സ്തംഭിച്ചുപോകുന്ന അവസ്ഥയെ മറികടക്കാൻ സോഷ്യൽ മീഡിയ ഇപ്പോൾ ഒരു പുതിയ വഴി കണ്ടെത്തിയിരിക്കുകയാണ്. 'റിട്ടാർഡ് മാക്സിംഗ്' എന്ന് വിളിക്കപ്പെടുന്ന ഈ ട്രെൻഡ്, 'അമിതമായി ചിന്തിക്കുന്നതിന്' പകരം 'പ്രവർത്തിക്കുന്നതിന്' മുൻഗണന നൽകണം എന്ന് വാദിക്കുന്നു. പേര് അല്പം വിവാദപരമാണെങ്കിലും, അമിതചിന്ത മൂലം ജീവിതം വഴിമുട്ടി നിൽക്കുന്ന യുവതലമുറയ്ക്കിടയിൽ ഈ ആശയം വലിയ സ്വീകാര്യതയാണ് നേടുന്നത്.
നമ്മുടെ തലച്ചോറ് നമ്മളെത്തന്നെ ചതിക്കുന്ന അവസ്ഥയാണ് അമിതചിന്ത. ഒരു ഇമെയിൽ അയക്കാൻ നൂറുവട്ടം ആലോചിക്കുക, അല്ലെങ്കിൽ ജിമ്മിൽ പോകാൻ പെർഫെക്റ്റ് സമയം നോക്കി കാത്തിരിക്കുക. ഇങ്ങനെയുള്ള ശീലങ്ങൾ നമ്മുടെ ഉൽപാദനക്ഷമതയെ നശിപ്പിക്കുന്നു. ഇതിനൊരു മറുമരുന്നായാണ് ഇൻ്റർനെറ്റ് 'റിട്ടാർഡ് മാക്സിംഗ്' അവതരിപ്പിക്കുന്നത്. സംഗതി ലളിതമാണ്. അമിതമായി ബുദ്ധി ഉപയോഗിച്ച് കാര്യങ്ങൾ സങ്കീർണ്ണമാക്കാതെ, അല്പം മണ്ടത്തരമായി തോന്നിയാലും ആ നിമിഷം തന്നെ പ്രവർത്തിക്കുക.
സോഷ്യൽ മീഡിയ ക്രിയേറ്ററായ എലീഷ ലോംഗിലൂടെയാണ് ഈ ട്രെൻഡ് വൈറലായത്. ഒരു കാര്യം നൂറു ശതമാനം ശരിയാക്കാൻ കാത്തുനിൽക്കാതെ, അല്പം പക്വത കുറഞ്ഞ രീതിയിലാണെങ്കിലും ഉടൻ തന്നെ ചെയ്തു തുടങ്ങുക എന്നതാണ് ഇതിന്റെ തത്വം. ചിന്തയേക്കാൾ വലുത് പ്രവർത്തിയാണ് എന്ന തിരിച്ചറിവാണ് ഈ മൂവ്‌മെന്റിന്റെ കരുത്ത്.
അമിതചിന്തയുടെ വലയിൽ കുടുങ്ങിയ ഇന്ത്യക്കാർ
ഇതൊരു തമാശയായി കാണാൻ കഴിയില്ല. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ഇന്ത്യക്കാരിൽ 81 ശതമാനം ആളുകളും ദിവസവും ശരാശരി 3 മണിക്കൂർ വെറുതെയിരുന്ന് ആലോചിച്ച് സമയം കളയുന്നു. 'ഇത് പരാജയപ്പെടുമോ?,' 'മറ്റുള്ളവർ എന്ത് വിചാരിക്കും?' തുടങ്ങിയ ചോദ്യങ്ങൾ നമ്മളെ പ്രവർത്തനങ്ങളിൽ നിന്ന് പിന്നോട്ട് വലിക്കുന്നു. ഈ മാനസിക ചങ്ങല പൊട്ടിക്കാനാണ് ജെൻ സികൾ ഇത്തരം കൗണ്ടർ കൾച്ചർ രീതികൾ സ്വീകരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ചിന്തകൾ നമ്മളെ ഉത്കണ്ഠയിലേക്കും ഉറക്കമില്ലായ്മയിലേക്കുമാണ് നയിക്കുന്നതെങ്കിൽ ആ ചിന്താരീതി തെറ്റാണെന്ന് സൈക്കോളജിസ്റ്റുകൾ പറയുന്നു. ഈ സാഹചര്യത്തിൽ 'സ്ട്രാറ്റജിക് സ്റ്റുപ്പിഡിറ്റി' അഥവാ ബുദ്ധിപൂർവം മണ്ടത്തരം കാണിക്കുന്നത് മനസ്സിന് വലിയൊരു ആശ്വാസം നൽകും. ഒരു കാര്യം ചെയ്യുന്നതിലെ റിസ്ക് ആലോചിച്ച് പേടിക്കുന്നതിനേക്കാൾ നല്ലത് അത് പരീക്ഷിച്ച് നോക്കുന്നതാണ്.
ഈ പദപ്രയോഗം വലിയ രീതിയിലുള്ള വിമർശനങ്ങളും നേരിടുന്നുണ്ട്. 'റിട്ടാർഡ്' എന്ന വാക്ക് മുൻപ് ഭിന്നശേഷിക്കാരെ അധിക്ഷേപിക്കാൻ ഉപയോഗിച്ചിരുന്ന ഒന്നാണ്. അതിനാൽ തന്നെ ഇതിന്റെ പേര് പലരിലും അതൃപ്തി ഉണ്ടാക്കുന്നു. എങ്കിലും ഇൻ്റർനെറ്റ് ലോകം ഇതിനെ മറ്റൊരു അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. പൂർണ്ണതയ്ക്ക് വേണ്ടി വാശിപിടിക്കുന്ന 'പെർഫെക്ഷനിസം' എന്ന 'മാനസിക രോഗത്തിന്' ഒരു പ്രകോപനപരമായ മരുന്നായിട്ടാണ് ഇതിനെ ജെൻ സികൾ കാണുന്നത്.
കരിയറിലും പ്രണയത്തിലും സ്വാധീനം
ജോലിസ്ഥലത്ത് പുതിയ ആശയങ്ങൾ അവതരിപ്പിക്കാൻ പേടിക്കുന്നവർക്കും, പ്രിയപ്പെട്ടവരോട് ഇഷ്ടം തുറന്നു പറയാൻ മടിക്കുന്നവർക്കും ഈ ട്രെൻഡ് ഒരു മോട്ടിവേഷനാണ്. 'എന്ത് നടന്നാലും എനിക്കൊന്നുമില്ല' എന്ന ആറ്റിറ്റ്യൂഡ് എടുക്കുന്നത് പലപ്പോഴും വിജയങ്ങളിലേക്ക് നയിക്കാറുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ആലോചിച്ചു നിൽക്കുന്നവർക്ക് പലപ്പോഴും ലഭിക്കാത്ത അവസരങ്ങൾ, ചിന്തിക്കാതെ എടുത്തുചാടുന്നവർക്ക് ലഭിക്കാറുണ്ട്. ഈ ആത്മവിശ്വാസം വളർത്താൻ റിട്ടാർഡ് മാക്സിംഗ് സഹായിക്കുന്നു.


