ജനിക്കാന്‍ പോകുന്ന കുട്ടി ആരോഗ്യവുമുള്ളവരാകണമെന്ന് ആഗ്രഹിക്കാത്ത മാതാപിതാക്കള്‍ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് എന്തൊക്കെ കഴിക്കാം, എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്ന സംശയങ്ങള്‍ ഗര്‍ഭിണികള്‍ക്ക് ഉണ്ടാകാറുണ്ട്. ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ കഴിക്കാമോ? ഈ ചോദ്യം പല ഗര്‍ഭിണികള്‍ക്കുമുളളതാണ്.

ഗര്‍ഭാവസ്ഥയില്‍ പാരസെറ്റമോള്‍ കഴിച്ചാല്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വന്ധ്യതയുണ്ടാകുമെന്നാണ് പുതിയ പഠനം. ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഗര്‍ഭത്തിലുള്ള പെണ്‍കുട്ടികളുടെ അണ്ഡാശയത്തിന്റെ വളര്‍ച്ചയെ പാരസെറ്റമോള്‍ ബാധിക്കാമെന്നും അതിലൂടെ സാധാരണയുണ്ടാകുന്നതിലും കുറച്ച് അണ്ഡങ്ങളെ ഇവരില്‍ ഉണ്ടാകുകയുള്ളൂവെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. 

മനുഷ്യനോട് സമാനമായ ആന്തരികഘടനയുള്ള എലികളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. എലികളില്‍ നടത്തിയ പഠനങ്ങളില്‍ പെണ്‍കുഞ്ഞുകളില്‍ പാരസെറ്റമോള്‍ വരുത്തുന്ന ദൂഷ്യഫലങ്ങളെ കുറിച്ചുള്ള തെളിവുകള്‍ ലഭിച്ചു. സ്ത്രീകളില്‍ കുട്ടികളുണ്ടാകുന്ന ശരാശരി പ്രായം വൈകി വരുന്ന യുകെ പോലെയുള്ള പാശ്ചാത്യരാജ്യങ്ങളില്‍ ഈ പഠനത്തിന്റെ ഫലം ആശങ്കയുളവാക്കുന്നുവെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭത്തിലുള്ള ആണ്‍കുട്ടികളുടെ പ്രത്യുല്‍പാദന വ്യവസ്ഥയെ പാരസെറ്റമോള്‍ പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തെ നടന്ന പഠനങ്ങളില്‍ വ്യക്തമായിരുന്നു.