പാസീവ് സ്മോക്കിംഗ് മൂലമുള്ള അര്‍ബുദം വര്‍ധിക്കുന്നതായി ക്യാന്‍സര്‍ രോഗ വിദഗ്ധര്‍. പുകവലിച്ച ഒരാള്‍ എടുക്കുന്ന കുട്ടിക്ക് വരെ ക്യാന്‍സര്‍ സാധ്യതയുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു.

പാസീവ് സ്മോക്കിംഗ് മൂലമുള്ള അര്‍ബുദം വര്‍ധിക്കുന്നതായി ക്യാന്‍സര്‍ രോഗ വിദഗ്ധര്‍. പുകവലിച്ച ഒരാള്‍ എടുക്കുന്ന കുട്ടിക്ക് വരെ ക്യാന്‍സര്‍ സാധ്യതയുണ്ടെന്നും ഇവര്‍ വ്യക്തമാക്കുന്നു. കോഴിക്കോട് കുന്ദമംഗലത്ത് സംഘടിപ്പിച്ച ഏഷ്യാനെറ്റ് ന്യൂസിന്‍റെ ക്യാന്‍സര്‍ ചലഞ്ച് ബോധവത്ക്കരണ പരിപാടിയിലാണ് വിദഗ്ധര്‍ അനുഭവങ്ങള്‍ പങ്കുവച്ചത്.

പുകവലിക്കുന്നവരേക്കാള്‍ അപകടമുണ്ടാവുക പുക ശ്വസിക്കുന്ന മറ്റുള്ളവര്‍ക്കാണെന്ന് അര്‍ബുദ രോഗ വിദഗ്ധര്‍ പറയുന്നു‍. ഈ പാസീവ് സ്മോക്കിംഗ് ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു.

ക്യാന്‍സര്‍ ചലഞ്ച് ബോധവത്ക്കരണ പരിപാടിയില്‍ വീട്ടമ്മമാരുടെ സജീവ പങ്കാളിത്തമാണുണ്ടായത്. ജാഗ്രത പുലര്‍ത്തിയാല്‍ ക്യാന്‍സറില്‍ നിന്ന് അകന്ന് നില്‍ക്കാമെന്ന് വിദഗ്ധര്‍ പറഞ്ഞു. 

പുകവലി എങ്ങനെ നിര്‍ത്താം? ചില വഴികള്‍ ഇതാ.. 

1. കാരണത്തെ തിരിച്ചറിയുക

പുകവലിക്കാന്‍ തുടങ്ങിയതിന്‍റെ കാരണത്തെ തിരിച്ചറിയാന്‍ ശ്രമിക്കുന്നത് പുകവലി കുറയ്ക്കുന്നതിന് ആക്കം കൂട്ടും. പലപ്പോഴും പരിഹരിക്കാന്‍ കഴിയുന്ന കാരണമായിരിക്കും. ഇതു പരിഹരിച്ചാല്‍ തന്നെ നമുക്കുള്ളിലെ ആത്മവിശ്വാസം രണ്ടിരട്ടിയാകും.

2. ഉറച്ചതീരുമാനം

പുകവലി നിര്‍ത്തുകയാണെന്ന് പ്രതിജ്ഞയെടുക്കുന്നതോടൊപ്പം അതിനായി മനസ്സുകൊണ്ട് തയ്യാറെടുക്കുകയും വേണം. എന്നാല്‍ മാത്രമേ പരിശ്രമം കൊണ്ട് ഫലമുണ്ടാവുകയുള്ളു. നിങ്ങളുടെ ഉറച്ച തീരുമാനമായിരിക്കും ഫലത്തിന്‍റെ വേഗതയെ കൂട്ടുന്നത്.

3. തന്നെക്കുറിച്ച് മാത്രം ചിന്തിക്കുക

അവനവനെക്കുറിച്ചുള്ള ചിന്തയാണ് മനുഷ്യനെ പല കാര്യങ്ങള്‍ ചെയ്യാനും ചെയ്യാതിരിക്കാനും പ്രേരിപ്പിക്കുന്നത്. പുകവലി നിര്‍ത്താനും ഇതൊരു മാര്‍ഗ്ഗമായി സ്വീകരിക്കാം. തന്നെക്കുറിച്ചും, തന്‍റെ ചുറ്റുപാടുകളെക്കുറിച്ചും നിരന്തരമായി ചിന്തിച്ചുകൊണ്ടിരിക്കുക. കൂടാതെ പുകവലിയില്‍ നിന്ന് വിമുക്തനാക്കാന്‍ കുടുംബത്തിന്‍റെ പിന്തുണകൂടെയുണ്ടെങ്കില്‍ നിങ്ങളുടെ പരിശ്രമം ഫലവത്താകും.

4. പുകവലി വിരുദ്ധ ഫോറങ്ങളില്‍ ചേരുക

പുകവലിയെക്കുറിച്ചോര്‍ക്കാതിരിക്കാന്‍ മികച്ച മാര്‍ഗ്ഗങ്ങളിലൊന്നാണ് പുകവലിവിരുദ്ധരുടെ കൂടെ ചേരുന്നത്. അവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കാലക്രമേണ മനസ്സില്‍ പതിയുന്നത് പിന്നീട് ഈ ശീലത്തെ മറക്കാനുള്ള ഒരു വഴിയാകും.

5. നല്ല ശീലങ്ങള്‍

മിക്കവരും മാനസ്സിക സമ്മര്‍ദത്തെ കുറയ്ക്കാനാണ് പുകവലി ശീലമാക്കുന്നത്. എന്നാല്‍ മാനസിക സമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ തേടുന്നത് നല്ലതാണ്. ബോളുകള്‍ കയ്യില്‍ വച്ചു മസ്സാജുചെയ്യുന്നതും, ദീര്‍ഘശ്വാസമെടുക്കുന്നതും, ശരീരത്തില്‍ മസ്സാജ് ചെയ്യുന്നതും സമ്മര്‍ദം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളാണ്.

6. കൗണ്‍സിലിങ് തേടുക

പുകവലി ഉപേക്ഷിക്കാന്‍ നിങ്ങള്‍ക്കനുയോജ്യമായ മാര്‍ഗ്ഗമേതെന്ന് അറിയാന്‍ വിദഗ്ധരുടെ ഉപദേശം തേടുന്നതും നല്ലതാണ്. പുകവലി ഉപേക്ഷിക്കുമ്പോഴുണ്ടാകുന്ന വൈകാരികമാറ്റങ്ങള്‍ നിയന്ത്രിക്കാനും ഡോക്ടര്‍മാരുടെ സേവനം തേടുന്നതും നല്ലതാണ്.

7. മറ്റ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക

പുകവലിക്കണമെന്ന് തോന്നുമ്പോള്‍ ബദല്‍ മാര്‍ഗ്ഗങ്ങളെ കുറിച്ച് ചിന്തിച്ചുതുടങ്ങാം. പുതിന, ഗ്രാമ്പു, ചോക്ലേറ്റ്, ച്യൂയിംഗം എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കാം.