പനാജി: ഗോവയിൽ മദ്യപിച്ച് കടലിൽ നീന്തുന്നത് നിരോധിക്കുന്നതിനു പുതിയ നിയമം കൊണ്ടുവരുമെന്ന് ടൂറിസം മന്ത്രി മനോഹർ അജോങ്കർ. ഗോവൻ ബീച്ചുകളിൽ ഉണ്ടാകുന്ന മുങ്ങി മരണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നിയമം കൊണ്ടുവരാൻ സർക്കാർ പദ്ധതിയിടുന്നത്. ഈ വിഷയത്തിൽ മുഖ്യമന്ത്രി മനോഹർ പരീക്കർ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അജോങ്കർ പറഞ്ഞു.
ബീച്ചുകളിൽ ഉണ്ടാക്കുന്ന മരണങ്ങൾ സർക്കാരിനും മറ്റു ഏജൻസികൾക്കും ദോഷം ചെയ്യുന്നു. ഇത്തരം സംഭവങ്ങളുടെ ഉത്തരവാദിത്വം ടൂറിസം വകുപ്പിനാണെന്നും വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബറിൽ ആരംഭിക്കുന്ന ടൂറിസം സീസണിനു മുന്നോടിയായി പുതിയ ഓർഡിനൻസ് പുറത്തിറക്കുമെന്നും അജോങ്കർ പറഞ്ഞു.
