പലർക്കുമുള്ള സംശയമാണ് ഖാദി വസ്ത്രങ്ങൾ ഉപയോഗിച്ച് കഴിഞ്ഞാൽ എങ്ങനെ കഴുകണമെന്നത്. വാഷിംഗ് മെഷീനിൽ ഖാദി വസ്ത്രങ്ങൾ കഴുകാമോ എന്ന് പലർക്കും ഇപ്പോഴും സംശയമുണ്ട്.ഖാദി വസ്ത്രങ്ങൾ വാങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
ഖാദി വസ്ത്രങ്ങൾ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. സാരി, മുണ്ട്, ചുരിദാർ, ഷർട്ട് അങ്ങനെ പോകുന്നു ഖാദിയുടെ വസ്ത്രങ്ങൾ. ഖാദി വസ്ത്രങ്ങൾ ഇപ്പോൾ പുതിയ ട്രെന്റായി മാറിയിരിക്കുകയാണ്. പലർക്കുമുള്ള സംശയമാണ് ഖാദി വസ്ത്രങ്ങൾ ഉപയോഗിച്ച് കഴിഞ്ഞാൽ എങ്ങനെ കഴുകണമെന്നത്. വാഷിംഗ് മെഷീനിൽ ഖാദി വസ്ത്രങ്ങൾ കഴുകാമോ എന്ന് പലർക്കും ഇപ്പോഴും സംശയമുണ്ട്. ഖാദി വസ്ത്രങ്ങൾ കഴുകുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നതിനെ സംബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിലെ ഒരു ഉദ്യോഗസ്ഥ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.
ഖാദി വസ്ത്രങ്ങൾ കഴുകുമ്പോൾ ശ്രദ്ധിക്കേണ്ടത്;
1. ഖാദിയുടേ ഷര്‍ട്ടോ ചുരിദാറോ അലക്കുമ്പോൾ ശ്രദ്ധ വേണം. ഖാദി തുണികള്‍ വാഷിംഗ് മെഷിനില്‍ കഴുകരുത് . തീഷ്ണമായ ഡിറ്റര്‍ജന്റുകള്‍ ഉപയോഗിക്കരുത്. സ്റ്റാര്‍ച്ച് ആവശ്യമെങ്കില്‍ ഉപയോഗിക്കാം. പക്ഷെ ഉണക്കാനിടുന്നത് തണലില്‍ ആയിരിക്കണം.
2. സില്‍ക്ക് ഷര്‍ട്ട് , സാരി എന്നിവ വാഷിംഗ് മെഷിനില്‍ ഡിറ്റര്‍ജന്റുകള്‍ ഇട്ട് കഴുകരുത്. ഡ്രൈ വാഷിംഗ് ആണ് ഏറെ നല്ലത്.
ഫേസ്ബുക്ക് പോസ്റ്റ് താഴേ ചേർക്കുന്നു:
അസിത അച്ചു എന്നത് എന്റെ ഔദ്യോഗിക പേരല്ലാത്തതിനാല്‍ ഇത് ഔദ്യോഗിക കുറിപ്പ് പ്രസ്താവന എന്ന വിഭാഗത്തില്‍ പെടുന്നതല്ല. ജനിച്ചപ്പോള്‍ മുതല്‍ കേള്‍ക്കുന്ന വാക്കാണ് "ഖാദി"യെങ്കിലും 1998 മുതലാണ് ഖാദി വസ്ത്രം ഞാനെന്റെ നിത്യജീവിതത്തില്‍ ഉപയോഗിക്കുവാന്‍ തുടങ്ങുന്നത്. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ 14 ജില്ലകളിലുമായി കിടക്കുന്ന ഓഫീസുകളിലൊന്നില്‍ ഒരു ഉദ്യോഗസ്ഥയാണ് ഞാന്‍. എല്ലാ ജില്ലകളിലും ഉള്‍പ്രദേശങ്ങളിലും ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ നിയന്ത്രണത്തിലും ഏജന്‍സി വ്യവസ്ഥയിലും വില്‍പനശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓണത്തിനും വിശേഷാവസരങ്ങളിലും ഗവണ്‍മെന്റ് റിബേറ്റ് പ്രഖ്യാപിക്കുമ്പോള്‍ വില്‍പനശാലയിലെ ജീവനക്കാരെ സഹായിക്കാനായി ഞങ്ങള്‍ ഓഫീസ് ജീവനക്കാരും സെയില്‍സ് കൗണ്ടറുകളിലും ക്യാഷ് കൗണ്ടറുകളിലും ചെല്ലാറുണ്ട്.
98 മുതല്‍ ഖദര്‍ ഉപയോഗിക്കുന്ന ഒരാളെന്ന നിലക്ക് ഇവിടെ ചില കാര്യങ്ങള്‍ കുറിക്കുന്നത് ചിലരെങ്കിലും വായിക്കുമെന്ന് ഞാന്‍ കരുതുന്നു.
ഖദറിന്റെ ഷര്‍ട്ടിംഗുകളാണ് ഞാന്‍ ചുരിദാറായി ഇടുന്നത്. ആദ്യ കാലത്ത് തുണി എടുക്കുമ്പോള്‍ സെയില്‍സില്‍ നിന്നിരുന്ന ശങ്കരേട്ടനും മണിയേട്ടനും പറഞ്ഞു തന്നത് നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ഉപയോഗപ്രദമാകുമെങ്കില്‍ എനിക്കത് സന്തോഷം .... അവ ചുവടെ ചേർക്കുന്നു
I - ഖാദി കോട്ടണ്‍ :
1 ) തയ്ക്കേണ്ട ഖാദി തുണി, രാത്രി വെള്ളത്തില്‍ മുക്കി വച്ച് രാവിലെ വെള്ളത്തില്‍ നിന്നെടുത്ത് പിഴിയാതെ തണലില്‍ ഉണക്കി എടുക്കണം
2 )ഖാദിയുടേ ഷര്‍ട്ടോ ചുരിദാറോ ആകട്ടെ നമ്മള്‍ അലക്കുന്നതിന് ശ്രദ്ധ വേണം. വാഷിംഗ് മെഷിനില്‍ കഴുകേണ്ടതല്ല, ഖാദി തുണികള്‍. തീഷ്ണമായ ഡിറ്റര്‍ജന്റുകള്‍ ഉപയോഗിക്കരുത്. സ്റ്റാര്‍ച്ച് ആവശ്യമെങ്കില്‍ ഉപയോഗിക്കാം. പക്ഷെ ഉണക്കാനിടുന്നത് തണലില്‍ ആയിരിക്കണം.
II - ഖാദി സില്‍ക്ക് :
സില്‍ക്ക് ഷര്‍ട്ട് , സാരി എന്നിവ മേല്‍പ്പറഞ്ഞ പോലെ വാഷിംഗ് മെഷിനില്‍ ഡിറ്റര്‍ജന്റുകള്‍ ഇട്ട് കഴുകരുത്. ഡ്രൈ വാഷിംഗ് ആണ് ശുപാര്‍ശ ചെയ്യുന്നത്. എനിക്ക് നേരിട്ട് പരിചയമുള്ളവര്‍ ആദ്യ വാഷിംഗ് ഡ്രൈ വാഷും , പിന്നീട് MILD സോപ്പോ, ഷാമ്പൂവോ ഉപയോഗിച്ച് വാഷിംഗ് മെഷിനില്‍ ഇടാതെ HAND WASH ആണ് ചെയ്യുന്നത്.
**ഇനി തികച്ചും വ്യക്തിപരം ( അനുകരണം അരുത്)**
എന്റെ എല്ലാ ഖാദി കോട്ടൺ വസ്ത്രങ്ങളും ഞാന്‍ കഴുകുന്നത് വാഷിംഗ് മെഷിനിലാണ്. ഉപയോഗിക്കുന്നത്, സൂപ്പര്‍ മാര്‍ക്കറ്റില്‍ കണ്ണില്‍പ്പെടുന്ന വാഷിങ്ങ് പൗഡര്‍ ഉപയോഗിച്ച്. സ്റ്റാര്‍ച്ച് ചെയ്യുന്നത് ഖാദിയുടെ ഷോറൂമില്‍ ലഭ്യമായ അലൈവ് അല്ലെങ്കില്‍ നീരജ ഉപയോഗിച്ച്.
ഖാദി പ്രിന്റഡ് സാരികള്‍ ഉപയോഗിക്കാറില്ല. എന്നാല്‍ വിശേഷാവസരങ്ങളില്‍ ഖാദിയുടെ പട്ട് സാരികള്‍ ഉപയോഗിക്കാറുണ്ട്. പട്ട് സാരികള്‍ ഉപയോഗിച്ച് തുടങ്ങുന്നത് കല്യാണത്തിന് ശേഷമാണ്. ഭര്‍ത്താവിന്റെ അമ്മ പറഞ്ഞു തന്നത് പട്ട് സാരികള്‍ ധരിച്ച്, മടക്കി അലമാരയില്‍ വയ്ക്കുന്നതിനു മുന്‍പായി വെയിൽ കൊള്ളിക്കണം. ഇത് ഞാന്‍ ഖാദിയുടെ പട്ട് സാരികള്‍ക്കും ബാധകമാക്കിയിട്ടുണ്ട്.
ഖാദി സില്‍ക്ക് കൊണ്ട് തുന്നിയ 5 - 6 ചുരിദാറുകള്‍ ഉണ്ട് എനിക്ക്. ആദ്യ കഴുകലുകള്‍ ഡ്രൈ ക്ലീനിങ്ങ് തന്നെ. പിന്നീട് മെഷിന്‍ വാഷാണ് **( അനുകരിക്കരുത് )**
<<കൂട്ടിച്ചേര്‍ക്കല്‍ >>
കടും നിറത്തിലെ വസ്ത്രങ്ങള്‍ ആദ്യം ഒരു ബക്കറ്റില്‍ മുക്കിയിട്ട് നിറമിളകുന്നുണ്ടോ എന്ന് നോക്കിയാണ് മറ്റ് വസ്ത്രങ്ങള്‍ക്കൊപ്പം ഇടാറുള്ളത്.
വെള്ള വസ്ത്രങ്ങള്‍ ഞാന്‍ പ്രത്യേകമായി കഴുകാറാണ് പതിവ്. അതിനെനിക്ക് പ്രത്യേകമായ ഒരു ദിവസവും ഉണ്ട്. വെള്ള വസ്ത്രങ്ങള്‍ അയലില്‍ ഉണക്കാനിട്ട് രണ്ടടി പിറകോട്ട് നിന്ന് അവയെ നോക്കുമ്പോള്‍ ഒരു സന്തോഷം തോന്നാറുണ്ട്. കറയില്ലാത്ത ശുഭ്ര വസ്ത്രം. തിരിഞ്ഞു നടക്കുമ്പോള്‍ സോപ്പുപ്പൊടി ഏതായാലും ചുണ്ടിലെ പാട്ട് "വാഷിംഗ് പൗഡര്‍ നിര്‍മ്മ"യായിരിക്കും അത് മസ്റ്റാ!
വാല്‍ക്കഷ്ണം :
വാഷിംഗ് മെഷിന് ജീവനില്ലാത്തത് കൊണ്ട് മാത്രം ജീവിച്ചിരിക്കുന്നവളാണ് ഞാന്‍.അമിതോപയോഗം മൂലം അത് പണ്ടെ എന്നെ അലക്കി പിഴിഞ്ഞേനെ
( വീട്ടിലെ നാലംഗങ്ങളുടേയും വസ്ത്രങ്ങള്‍ പ്രത്യേകം പ്രത്യേകമായാണ് കഴുകുന്നത് . അത് തന്നെ വീട്ടിന് വെളിയിലിടുന്ന വസ്ത്രങ്ങള്‍ക്കൊപ്പം വീട്ടിനകത്ത് ധരിക്കുന്ന വസ്ത്രങ്ങള്‍ മെഷിനില്‍ ഇടാറില്ല.
## ആദ്യമായി ഖാദി ഷോറൂമില്‍ നിന്നും തുണിയെടുക്കുവാന്‍ പോകുന്നവര്‍ ഇവ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് ചോദിച്ചു മനസ്സിലാക്കണം. പഞ്ഞി വേര്‍ത്തിരിച്ച് ചര്‍ക്കയില്‍ നൂറ്റ് നൂലാക്കി, പിന്നീടത് പശ മുക്കി നിറം കൊടുത്ത് തറിയില്‍ നെയ്ത് നിങ്ങളുടെ മുന്നില്‍ അതൊരു ഉല്‍പന്നമായി എത്തുന്നതിനു പിന്നില്‍ ഒരുപാട് തൊഴിലാളികളുടെ അധ്വാനവും വിയര്‍പ്പുമുണ്ട്. ഇതൊന്നും യന്ത്രവല്‍കൃതമല്ല. മില്ലിലെ ഫിനിഷിംഗ് പ്രതീക്ഷിക്കരുത്.
