ഗ്യാസ് ചോര്‍ന്നത് വീട്ടുകാരറിഞ്ഞില്ല; രക്ഷയായത് വളര്‍ത്തുപട്ടിയുടെ ബുദ്ധി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Feb 2019, 5:51 PM IST
pet dog saved family from gas leaked home
Highlights

അടച്ചിട്ടിരുന്ന വീടിന്റെ ബേസ്‌മെന്റില്‍, പിറകിലായി തുറന്നിട്ടിരുന്ന വാതിലിലൂടെ പൊലീസ് അകത്തുകടന്നു. അവിടെയാകെ ഗ്യാസ് ചോര്‍ന്ന് രൂക്ഷമായ മണം പരക്കുന്നുണ്ടായിരുന്നു

പലപ്പോഴും വീട്ടുകാരെക്കാള്‍ വീട്ടുകാര്യങ്ങളില്‍ ജാഗ്രത കാണിക്കുന്നത് വളര്‍ത്തുമൃഗങ്ങളായിരിക്കും. പുറത്തുനിന്ന് പെട്ടെന്നാരെങ്കിലും കയറി വരുമ്പോള്‍, പച്ചക്കറിക്കച്ചവടക്കാരോ പത്രക്കാരോ ബില്ല് കൊണ്ടുവരുമ്പോള്‍- ഒക്കെ വീട്ടുകാരെ അറിയിക്കുന്നത് മിക്കവാറും വളര്‍ത്തുപട്ടികള്‍ ആയിരിക്കും. എന്നാല്‍ വീട്ടുകാരെ ഒരു വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വളര്‍ത്തുമൃഗങ്ങള്‍ക്കാവുമോ?

സാധിക്കുമെന്നാണ് ന്യൂയോര്‍ക്കില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവം സൂചിപ്പിക്കുന്നത്. ന്യൂയോര്‍ക്കിലെ ടക്കഹോയിലാണ് സംഭവം നടന്നത്. ഇവിടെയുള്ള ഫെയര്‍വ്യൂ അവന്യൂവില്‍ നിന്ന് അസാധാരണമായ രീതിയില്‍ ഒരു വളര്‍ത്തുപട്ടി ബഹളം വയ്ക്കുന്നുവെന്ന് അറിയിച്ച് പൊലീസിന് ഫോണ്‍ വരികയായിരുന്നു.

ഫോണ്‍ ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസിനെ 11 മാസം പ്രായമായ 'പിറ്റ്ബുള്‍'  സമീപത്തുള്ള വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അടച്ചിട്ടിരുന്ന വീടിന്റെ ബേസ്‌മെന്റില്‍, പിറകിലായി തുറന്നിട്ടിരുന്ന വാതിലിലൂടെ പൊലീസ് അകത്തുകടന്നു. അവിടെയാകെ ഗ്യാസ് ചോര്‍ന്ന് രൂക്ഷമായ മണം പരക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം മുകളിലുണ്ടായിരുന്ന വീട്ടുകാര്‍ അറിയാതെ പോവുകയായിരുന്നു.

വീട്ടുകാരെ ഇക്കാര്യമറിയിക്കുന്നതില്‍ പരാജയപ്പെട്ടതിനാലാകാം സാഡിയെന്ന വളര്‍ത്തുപട്ടി പുറത്തിറങ്ങി മറ്റുള്ളവരുടെ ശ്രദ്ധ ക്ഷണിക്കാനായി നീണ്ടനേരം കുരച്ചത്. വെറുതെ വായിലിട്ട് ചവയ്ക്കാന്‍ വീട്ടുകാര്‍ വാങ്ങിനല്‍കിയ മരക്കഷ്ണമുപയോഗിച്ചാണ് സാഡി താഴത്തെ നിലയിലെ പിന്‍വാതില്‍ തുറന്നത്.

വീട്ടുകാരെ മാറ്റിയ ശേഷം പൊലീസ് ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ ഗ്യാസ് ചോര്‍ച്ച തടഞ്ഞു. തുടര്‍ന്ന് അപകടാവസ്ഥയില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പൊലീസ് മടങ്ങിയത്. ജീവന്‍ രക്ഷിച്ചതിന് സാഡിയോട് അകമഴിഞ്ഞ് നന്ദി പറയുകയാണ് വീട്ടുകാരിപ്പോള്‍. ടക്കഹോ പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച കുറിപ്പിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. അതോടെ സാഡി താരവുമായി മാറി.

 

loader