മഴവെള്ളം വീഴുമ്പോൾ ഫിഷ് ടാങ്കിനുള്ളിൽ പായൽ വളരാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ മഴക്കാലത്ത് ശരിയായ സൂര്യപ്രകാശം ലഭിക്കുകയുമില്ല.
മഴയൊരു ആശ്വാസം ആണെങ്കിലും പലതരം പ്രതിസന്ധികളാണ് മഴക്കാലത്ത് നമ്മൾ നേരിടേണ്ടി വരുന്നത്. മഴ ആസ്വദിക്കുന്നതിനൊപ്പം ചില പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തേണ്ടിയും വരുന്നു. വീട്ടിൽ അക്വാറിയം ഉള്ളവരാണോ നിങ്ങൾ എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്. മഴ സമയങ്ങളിൽ മഴവെള്ളം വീഴുമ്പോൾ ഫിഷ് ടാങ്കിലെ വെള്ളത്തിന്റെ ഗുണനിലവാരത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ഇത് മത്സ്യങ്ങളെയും ബാധിക്കുന്നു. മീൻ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.
ഈർപ്പവും താപനിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളും
മാറിവരുന്ന താപനില അക്വാറിയത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നു. വായുവിൽ ഈർപ്പം അമിതമായി തങ്ങിനിൽക്കുമ്പോൾ ടാങ്കിനുള്ളിൽ ശരിയായ അളവിൽ ഓക്സിജൻ ലഭിക്കണമെന്നില്ല. ചില മീനുകൾക്ക് ചൂടാണ് ആവശ്യം. എന്നാൽ മഴവെള്ളം വീഴുമ്പൊഴെക്കും വെള്ളത്തിന്റെ താപനിലയിൽ മാറ്റങ്ങൾ സംഭവിക്കുകയും മീനുകൾക്ക് അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യുന്നു.
പൈപ്പ് വെള്ളവും മഴ വെള്ളവും
നേരിട്ട് വീഴുന്ന മഴവെള്ളം ശുദ്ധമായിരിക്കാം. എന്നാൽ ഇത് ടാങ്കിലേക്കെത്തുമ്പോൾ അശുദ്ധമാവാൻ സാധ്യതയുണ്ട്. ഇത് മീനുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇത്തരത്തിൽ വെള്ളത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ മീനുകളുടെ ജീവനും ദോഷമാണ്.
പായലും വെളിച്ചവും
മഴവെള്ളം വീഴുമ്പോൾ ഫിഷ് ടാങ്കിനുള്ളിൽ പായൽ വളരാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ മഴക്കാലത്ത് ശരിയായ സൂര്യപ്രകാശം ലഭിക്കുകയുമില്ല. ഇത് മീനുകളുടെ വളർച്ചയെ ബാധിക്കാൻ സാധ്യത കൂടുതലാണ്. പായലിലൂടെ അണുക്കൾ വളരുകയും ഇത് മൊത്തത്തിൽ പടരുകയും ചെയ്യുന്നു.


