ആയിരക്കണക്കിന് പാമ്പുകൾ അവയുടെ ശൈത്യകാല മാളങ്ങളിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നത് ഭൂമിയിലെ ഏറ്റവും അസാധാരണമായ മധുവിധു ഒത്തുചേരലായാണ് കണക്കാക്കുന്നത്
ഹണിമൂണുകളെക്കുറിച്ചോ പ്രണയ യാത്രകളെക്കുറിച്ചോ ചിന്തിക്കുമ്പോൾ, നമ്മൾ പലപ്പോഴും ബീച്ചുകളെയോ, മെഴുകുതിരി കത്തിച്ച അത്താഴങ്ങളെയോ, അല്ലെങ്കിൽ മനോഹരമായ പർവതങ്ങളെയോ ആണ് സങ്കൽപ്പിക്കുന്നത്. എന്നാൽ പ്രകൃതിയിൽ പ്രണയം അങ്ങനെയല്ല, ഇവിടെ കാര്യങ്ങൾ കുറച്ച് വ്യത്യസ്തമാണ്.
കാനഡയിലെ മാനിറ്റോബയിലെ ശാന്തമായ പട്ടണമായ നാർസിസ്സിൽ എല്ലാ വസന്തകാലത്തും, ആയിരക്കണക്കിന് പാമ്പുകൾ അവയുടെ ശൈത്യകാല മാളങ്ങളിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നത് ഭൂമിയിലെ ഏറ്റവും അസാധാരണമായ മധുവിധു ഒത്തുചേരലായാണ് കണക്കാക്കുന്നത്. ഇതിനെയാണ് നാർസിസ് സ്നേക്ക് ഡെൻസ് എന്ന് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളുടെ ഇണചേരൽ കൂട്ടായ്മയാണിത്. മാസങ്ങളുടെ ശീതകാല നിദ്രയ്ക്ക് ശേഷം, ചുണ്ണാമ്പുകല്ല് കുഴികളിൽ നിന്ന് പതിനായിരക്കണക്കിന് പാമ്പുകളാണ് പുറത്തുവന്ന് ഇണചേരുന്നത്.
കാലാവസ്ഥ ചൂടുപിടിക്കാൻ തുടങ്ങുമ്പോൾ, സാധാരണയായി ഏപ്രിൽ അവസാനം മുതൽ മെയ് ആദ്യം വരെ, ആൺ പാമ്പുകളാണ് ആദ്യം പുറത്തുവരുന്നത്. ശേഷം പെൺ പാമ്പുകളെ കാത്തിരിക്കും. പെൺ പാമ്പുകൾ ഉപരിതലത്തിലേക്ക് വന്നുകഴിഞ്ഞാൽ, ചിലപ്പോൾ ദിവസങ്ങളോ ആഴ്ചകളോ കഴിഞ്ഞ്, ഡസൻ കണക്കിന് അല്ലെങ്കിൽ നൂറുകണക്കിന് ഇണകൾ അവയെ കൂട്ടത്തോടെ കൂട്ടിച്ചേർക്കുന്നു, ഇതിനെ ജീവശാസ്ത്രജ്ഞർ 'ഇണചേരൽ പന്ത്'എന്ന് വിളിക്കുന്നു.
മാനിറ്റോബയിലെ ഇന്റർലേക്ക് മേഖലയിലെ സവിശേഷമായ ഭൂമിശാസ്ത്ര സവിശേഷതകൾ ഈ പാമ്പുകൾക്ക് അനുയോജ്യമായ സാഹചര്യങ്ങൾ നൽകുന്നു. ചുണ്ണാമ്പുകല്ല് നിറഞ്ഞ പാറക്കെട്ടുകൾ ഉള്ള ഈ പ്രദേശം നിരവധി വിള്ളലുകളും കുഴികളും മഞ്ഞുവീഴ്ചയ്ക്ക് താഴെയായി ശീതകാല നിദ്രക്കായി സ്ഥലങ്ങൾ പ്രദാനം ചെയ്യുന്നു. കൂടാതെ, ചുറ്റുമുള്ള തണ്ണീർത്തടങ്ങൾ തവളകൾ, ചെറിയ സസ്തനികൾ തുടങ്ങിയ ഭക്ഷണ സ്രോതസ്സുകളും വിതരണം ചെയ്യുന്നു, ഇത് വലിയ തോതിൽ പാമ്പുകളുടെ എണ്ണത്തെ പിന്തുണയ്ക്കുന്നുണ്ട്.
അതേസമയം ഈ പ്രക്രിയയയുടെ പാരിസ്ഥിതിക പ്രാധാന്യം തിരിച്ചറിഞ്ഞ്, പാമ്പുകളെ സംരക്ഷിക്കുന്നതിനായി സംരക്ഷണ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പാമ്പുകളുടെ സഞ്ചാരം സുരക്ഷിതമാക്കാൻറോഡുകളിൽ വേലികളും തുരങ്ക സംവിധാനങ്ങളും നിർമ്മിച്ചിട്ടുണ്ട്.


