വളർത്തുമൃഗങ്ങൾക്ക് വ്യായാമം ഒഴിച്ചുകൂടാൻ കഴിയാത്ത കാര്യമാണ്. വളർത്തുനായയെ രാത്രിയിൽ നടക്കാൻ കൊണ്ടുപോകുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

രാത്രിയിലെ നടത്തം വളർത്തുനായ്ക്കൾക്ക് ഇഷ്ടമുള്ള വ്യായാമമാണ്. എന്നാൽ പകൽ പോലെ അത്ര എളുപ്പമല്ല രാത്രിയിലെ നടത്തം. തിരക്കുപിടിച്ച റോഡുകളും, പ്രകാശമില്ലാത്ത വഴികളും നടത്തത്തെ സാരമായി ബാധിക്കുന്നു. വളർത്തുനായയെ നടത്തിക്കുമ്പോൾ നിർബന്ധമായും നിങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം.

1.വെളിച്ചം ഉണ്ടാവണം

സൂര്യൻ അസ്തമിച്ച് കഴിഞ്ഞാൽ വെളിച്ചം ഉണ്ടാവുകയില്ല. ഇത് സുഗമമായ നടത്തത്തിന് തടസ്സമാകുന്നു. തിളക്കമുള്ള ലീഷ് അല്ലെങ്കിൽ കോളർ വളർത്തുമൃഗങ്ങളെ ധരിപ്പിക്കുന്നത് എതിർദിശയിൽ വരുന്ന വാഹനങ്ങൾക്ക് പെട്ടെന്ന് കാണാൻ സഹായകരമാകും. കൂടാതെ ടോർച്ച് കൈയിൽ കരുതുന്നതും നല്ലതാണ്.

2. സുരക്ഷിതമായ വഴികൾ

വളർത്തുമൃഗങ്ങളെ നടത്താൻ കൊണ്ടുപോകുമ്പോൾ സുരക്ഷിതമായ വഴികൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. അറിയാത്ത വഴികളിലൂടെയുള്ള നടത്തവും ഒഴിവാക്കുന്നതാണ് നല്ലത്.

3. നിയന്ത്രണം ഉണ്ടാകണം

നടക്കുന്ന സമയങ്ങളിൽ വളർത്തുനായ വാഹനങ്ങൾക്ക് മുമ്പിൽ ചാടാനും അപകടങ്ങൾ ഉണ്ടാവാനും സാധ്യത കൂടുതലാണ്. അതിനാൽ തന്നെ അവയിൽ എപ്പോഴും നിയന്ത്രണം ഉണ്ടായിരിക്കണം. ഇത് അപകടങ്ങളുടെ വ്യാപ്തി കുറയ്ക്കാൻ സഹായിക്കുന്നു. ഗുണമേന്മയുള്ള ലീഷുകൾ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കാം.

4. ശ്രദ്ധ ഉണ്ടായിരിക്കണം

വളർത്തുമൃഗങ്ങളേയും കൂട്ടി നടക്കാൻ ഇറങ്ങുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് പൂർണമായും ഒഴിവാക്കണം. അശ്രദ്ധ മൂലം അപകടങ്ങൾ സംഭവിക്കാൻ സാധ്യത കൂടുതലാണ്. നിസ്സാരമെന്ന് കരുതി ഇത്തരം കാര്യങ്ങൾ അവഗണിക്കരുത്.

5. സുരക്ഷ ഉറപ്പാക്കാം

വളർത്തുമൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. പ്രത്യേകിച്ചും അവയെ റോഡിലേക്ക് ഇറക്കുമ്പോൾ പതിവിലും കൂടുതൽ ശ്രദ്ധ ഉണ്ടായിരിക്കണം. അതേസമയം കൂടുതൽ നേരം നടത്തിക്കുന്നതും ഒഴിവാക്കേണ്ടതുണ്ട്.