വീട്ടിൽ മൃഗങ്ങളെ വളർത്തുന്നതും അവയ്ക്കൊപ്പം സമയം ചിലവഴിക്കുന്നതും സന്തോഷം ലഭിക്കുന്ന കാര്യമാണ്. ലാബ്രഡോർ റിട്രീവറിനെ വളർത്താൻ പ്ലാനുണ്ടോ? എങ്കിൽ ഈ ഇനങ്ങളെക്കുറിച്ചറിയണം.
ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തെരഞ്ഞെടുക്കുന്ന നായ ഇനമാണ് ലാബ്രഡോർ റിട്രീവർ. കാണാൻ മനോഹരവും, പെട്ടെന്ന് കൂട്ടാവുന്നതും, ബുദ്ധിയുള്ളവരും, പരിശീലിപ്പിക്കാൻ എളുപ്പവുമാണ് ലാബ്രഡോർ ഇനം. എന്നാൽ ലാബ്രഡോറിൽ തന്നെ മൂന്ന് ഇനങ്ങൾ വേറെയുമുണ്ട്. അവ ഏതൊക്കെയാണെന്ന് പരിചയപ്പെടുത്താം.
1.അമേരിക്കൻ ലാബ്രഡോർ
ഇതിന് ഫീൽഡ് ലാബ്രഡോർ എന്നും വിളിക്കാറുണ്ട്. വേട്ടയാടാനും, പുറത്തിറക്കാനുമൊക്കെ അനുയോജ്യമാണ് ഈ ഇനം ലാബ്രഡോറുകൾ. ഉയരം കൂടിയതും മെലിഞ്ഞതുമായ ശരീര ഘടനയാണ് ഇവരുടേത്. കാര്യങ്ങൾ ചെയ്യാനും കൂടെ നടക്കാനും സ്നേഹിക്കാനുമൊക്കെ ഇവയ്ക്ക് ഇഷ്ടമാണ്. അതിനാൽ തന്നെ എപ്പോഴും സജീവമായി കൊണ്ടുനടക്കാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ അമേരിക്കൻ ലാബ്രഡോർ വാങ്ങുന്നതാണ് ഉചിതം.
2. ഇംഗ്ലീഷ് ലാബ്രഡോർ
ഇതിനെ ഷോ ലാബ്രഡോർ എന്നും വിളിക്കാറുണ്ട്. ഷോകളിൽ പ്രദർശിപ്പിക്കാനും മൃഗങ്ങൾക്ക് കൂട്ടായുമൊക്കെ ഇവയെ വളർത്താറുണ്ട്. ദൃഢമായ ശരീര ഘടനയാണ് ഈ ഇനം ലാബ്രഡോറിന്. വീതിയുള്ള തലയും, ചെറിയ കട്ടിയുള്ള വാലുമാണ് ഇംഗ്ലീഷ് ലാബ്രഡോറിന്റേത്. ശാന്ത സ്വഭാവമുള്ളവരാണ് ഇവർ. അതിനാൽ തന്നെ വീടുകളിൽ ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന നായയാണിത്.
3. ബ്രിട്ടീഷ് ലാബ്രഡോർ
അമേരിക്കൻ ലാബ്രഡോറിനെ പോലെ തന്നെയാണ് ബ്രിട്ടീഷ് ലാബ്രഡോറും. വേട്ടയാടാനും മറ്റുകാര്യങ്ങൾക്കുമൊക്കെ ബ്രിട്ടീഷ് ലാബ്രഡോറിനെ ഉപയോഗിക്കാറുണ്ട്. ചെറിയ ശരീരഘടനയാണ് ഇവയുടേത്. വളരെ ശ്രദ്ധയുള്ളവരും ശാന്തസ്വഭാവവുമാണ് ബ്രിട്ടീഷ് ലാബ്രഡോറിന് ഉള്ളത്. മറ്റു നായ്ക്കളെ നയിക്കാനും പൊലീസിലും മിലിറ്ററിയിലുമൊക്കെയും ഈ ഇനം നായയെ ഉപയോഗിക്കാറുണ്ട്.


