വലിപ്പമുള്ള മൃഗമാണ് ആഫ്രിക്കൻ ആനകൾ. ഇവയ്ക്ക് ധാരാളം വെള്ളവും ആവശ്യമായി വരുന്നു. എന്നാൽ ദിവസങ്ങളോളം വെള്ളം കുടിക്കാതെ ആഫ്രിക്കൻ ആനകൾ ജീവിക്കാറുണ്ട്.

എല്ലാ ജീവജാലങ്ങൾക്കും വെള്ളം അത്യാവശ്യമാണ്. വെള്ളമില്ലാതെ മൃഗങ്ങൾക്ക് അധിക കാലം ജീവിക്കാൻ സാധിക്കുകയില്ല. എന്നാൽ ചില മൃഗങ്ങൾക്ക് മാസങ്ങളോളം വെള്ളം കുടിക്കാതെ അതിജീവിക്കാൻ കഴിയും. അവ എത്രകാലം വരെയും വെള്ളം ഇല്ലാതെ ജീവിക്കും. ഇവയ്ക്ക് പ്രത്യേക കഴിവുകളും, ശരീര ഘടനയും വാസസ്ഥലങ്ങളുമുണ്ട്. അതിനനുസരിച്ച് ഈ മൃഗങ്ങൾ ജീവിക്കുന്നു. അവ ഏതൊക്കെ മൃഗങ്ങളാണെന്ന് പരിചയപ്പെടാം.

ആഫ്രിക്കൻ ആന

വലിപ്പമുള്ള മൃഗമാണ് ആഫ്രിക്കൻ ആനകൾ. ഇവയ്ക്ക് ധാരാളം വെള്ളവും ആവശ്യമായി വരുന്നു. എന്നാൽ ദിവസങ്ങളോളം വെള്ളം കുടിക്കാതെ ആഫ്രിക്കൻ ആനകൾ ജീവിക്കാറുണ്ട്. അവ കഴിക്കാറുള്ള ചെടികൾ, പഴങ്ങൾ, പുല്ല് എന്നിവയിൽ നിന്നും ധാരാളം ഈർപ്പം ഇവർക്ക് കിട്ടുന്നു. ഭൂഗർഭ വെള്ളം കണ്ടെത്താൻ വരണ്ട നദീതടങ്ങളിൽ കുഴിക്കുന്ന ശീലവും ആഫ്രിക്കൻ ആനകൾക്കുണ്ട്.

ഒട്ടകം

മരുഭൂമിയിലെ കപ്പൽ എന്നാണ് ഒട്ടകങ്ങളെ വിളിക്കുന്നത്. വെള്ളം കുടിക്കാതെ എത്ര ദൂരം വരെയും സഞ്ചരിക്കാൻ ഇവയ്ക്ക് സാധിക്കും. അവയുടെ പൂഞ്ഞകളിൽ ധാരാളം കൊഴുപ്പ് സംഭരിച്ചുവെച്ചിട്ടുണ്ട്. ഇതിൽ നിന്നും ഒട്ടകങ്ങൾക്ക് ഊർജ്ജം ലഭിക്കുന്നു. ആഴ്ചകളോളം ഇവയ്ക്ക് ഇത്തരത്തിൽ ജീവിക്കാൻ സാധിക്കും. അതേസമയം ഒറ്റത്തവണ തന്നെ 182 ലിറ്ററോളം വെള്ളം ഒട്ടകങ്ങൾ കുടിക്കാറുണ്ട്.

മരുഭൂമിയിലെ ആമ

മരുഭൂമിയിലെ ആമകൾ മാസങ്ങളോളം അവയുടെ മൂത്രസഞ്ചിയിൽ വെള്ളം സംഭരിച്ച് വയ്ക്കുന്നു. മഴ ലഭിക്കുന്ന സമയങ്ങളിൽ ഇവ ധാരാളം വെള്ളം കുടിക്കുകയും ശേഷം സംഭരിച്ച് വെയ്ക്കുകയുമാണ് ചെയ്യുന്നത്. ഇത് വെള്ളം ലഭിക്കാത്ത സമയങ്ങളിൽ അവയ്ക്ക് ഉപരിക്കുന്നു. വെള്ളം ലഭിക്കുന്നതിന് വേണ്ടി തണുപ്പുള്ള സ്ഥലങ്ങളിൽ ഭൂഗർഭ മാളങ്ങളിലാണ് ആമകൾ കൂടുതൽ സമയവും ചിലവഴിക്കുന്നത്.

ജിറാഫ്

ആഫ്രിക്കയിലെ സവന്നയിലാണ് ജിറാഫുകളെ അധികവും കാണപ്പെടുന്നത്. ഈ പ്രദേശത്ത് വെള്ളത്തിന്റെ ലഭ്യത വളരെ കുറവാണ്. ആഴ്‌ച്ചകളോളം വെള്ളം കുടിക്കാതെ ജീവിക്കാൻ ജിറാഫുകൾക്ക് സാധിക്കും. മരത്തിലെ ഇലകളിൽ നിന്നുമാണ് അവയ്ക്ക് വെള്ളം ലഭിക്കുന്നത്. നീളമുള്ള കഴുത്ത് ഉപയോഗിച്ച് അവയ്ക്ക് എളുപ്പത്തിൽ ഭക്ഷണം കണ്ടെത്താൻ സാധിക്കുന്നു.

ഒട്ടകപക്ഷി

ലോകത്തിലെ ഏറ്റവും വലിയ പക്ഷിയാണ് ഒട്ടകപക്ഷി. ആഴ്‌ച്ചകളോളം വെള്ളം കുടിക്കാതെ അതിജീവിക്കാൻ ഒട്ടകപക്ഷികൾക്ക് സാധിക്കും. കാരണം ഇവ കഴിക്കുന്ന ചെടികൾ, പ്രാണികൾ, വിത്തുകൾ എന്നിവയിൽ നിന്ന് അവയ്ക്ക് ആവശ്യമായ ഈർപ്പം ലഭിക്കുന്നു. ഏതു ചൂട് കാലാവസ്ഥയിലും അതിജീവിക്കാൻ ഒട്ടകപക്ഷികൾക്ക് സാധിക്കുമെന്നതും ഇവരുടെ പ്രത്യേകതയാണ്.