വളരെ ആസ്വദിച്ച് ഭക്ഷണം പാചകം ചെയ്യുന്നവരാണ് മലയാളികൾ. ഭക്ഷണത്തിന്റെ സ്വാദ് നോക്കിയതിനുശേഷം തവികൊണ്ട് പാത്രത്തിൽ രണ്ട് തട്ട് തട്ടുന്ന ശീലമുള്ളവരാണ് കേരളത്തിലെ ഭക്ഷണ പ്രിയർ. ഭക്ഷണം ആസ്വദിച്ച് ഉണ്ടാക്കുകയും ആസ്വദിച്ച് കഴിക്കുകയും ചെയ്യുന്ന ആ ശീലം  ലോകത്തിന് കാണിച്ച് കൊടുക്കുകയാണ് മുംബൈ സ്വദേശിയായ സാവന്‍ ദത്ത.  

മലയാളികളുടെ ഇഷ്ട വിഭവമാണ് മുട്ട റോസ്റ്റ്. പൊറോട്ട, ചപ്പാത്തി എന്നിവയ്ക്കൊപ്പം കിടിലൻ മുട്ട റോസ്റ്റും കൂടെ ഉണ്ടെങ്കിൽ സംഭവം കുശാൽ. എന്നാൽ ഈ മുട്ട റോസ്റ്റ് വ്യത്യസ്ത രീതിയിൽ വളരെ ആസ്വദിച്ച് ഒരു പാട്ടിലൂടെയാണ് സാവൻ തയ്യാറാക്കുന്നത്. മലയാളിയായ ഭര്‍ത്താവ് സി ബി അരുണ്‍ കുമാറിനായാണ് സാവൻ രസകരമായി മുട്ട റോസ്റ്റ് ഉണ്ടാക്കുന്നത്.    

സെറ്റ് മുണ്ടും ആഭരണങ്ങളൊക്കെ ധരിച്ച് മുല്ലപ്പൂവും ചൂടി മലയാളി തനിമ കൈവിടാതെ പാട്ട് പാടിയും നൃത്തം ചെയ്തുമാണ് സാവന്‍ മുട്ട റോസ്റ്റ് തയ്യാറാക്കുന്നത്. മുട്ട റോസ്റ്റിനാവശ്യമായ ചേരുവകളും തയ്യാറാക്കുന്ന വിധവും സാവന്‍ പാട്ടിലൂടെ വിശദീകരിക്കുന്നുണ്ട്. മൂന്ന് മിനിറ്റ് 24 സെക്കൻ്റ്  ദൈർഘ്യമുള്ള വീഡിയോ 34,797 പേരാണ് ഇതുവരെ കണ്ടത്.  

മെട്രോനോം എന്ന സോങ് ബ്ലോഗ് യൂട്യൂബ് ചാനലിലൂടെയാണ് സാവന്‍ തന്റെ വിഭവങ്ങള്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്നത്. 18,605 വരിക്കാരുള്ള സാവന്റെ മെട്രോനോം ജീവിതം, യാത്ര, ഭക്ഷണം എന്നിവയാണ് പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നത്. ഗാനരചയിതാവും ഗായികയുമായ സാവന്‍ തന്റേതായ ശൈലിയിലാണ് ഗാനങ്ങൾ ആലപിക്കാറുള്ളത്.