Asianet News MalayalamAsianet News Malayalam

ഹൃദ്രോഗം വരാതിരിക്കാൻ ഈ 5 കാര്യങ്ങൾ ശീലിക്കാം

  • ആരോഗ്യകരമായ 5 കാര്യങ്ങൾ ജീവിതത്തിൽ ശീലിച്ചുകൊണ്ട് ഹൃദ്രോഗഭീഷണി ഒഴിവാക്കാം.
prevention to takecare of your heart

ലോകത്ത് ഏറ്റവുമധികം ആളുകൾ മരിക്കുന്നത് ഹൃദ്രോഗം മൂലമാണ്. നമ്മുടെ നാട്ടിലും ഹൃദ്രോഗമുള്ളവരുടെ എണ്ണം കൂടിവരികയാണ്. വ്യായാമമില്ലാത്തതും തെറ്റായതുമായ ജീവിതശൈലി, മോശം ഭക്ഷണശീലം എന്നിവയാണ് ഹൃദ്രോഗത്തിന്‍റെ പ്രധാന കാരണങ്ങള്‍. ഇവിടെയിതാ, ആരോഗ്യകരമായ 5 കാര്യങ്ങൾ ജീവിതത്തിൽ ശീലിച്ചുകൊണ്ട് ഹൃദ്രോഗഭീഷണി ഒഴിവാക്കാം.

മുടങ്ങാതെയുള്ള വ്യായാമം

ദിവസവും 30 മിനിട്ട് അല്ലെങ്കിൽ ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും വ്യായാമം ചെയ്യണം. നടത്തമാണ് ഏറ്റവും നല്ലത്. വ്യായമത്തിലൂടെ ഹൃദ്രോഗസാധ്യത 30 ശതമാനം കുറയ്ക്കുവാന്‍ സാധിക്കും.

ആരോഗ്യകരമായ ഭക്ഷണശീലം

പഴങ്ങളും പച്ചക്കറികളും ധാരാളമടങ്ങിയ, കൊഴുപ്പും ഉപ്പും കുറഞ്ഞ ഭക്ഷണം ശീലമാക്കണം. ബേക്കറി പലഹാരങ്ങള്‍, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. മത്സ്യം കറിവച്ചു കഴിക്കാം. ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉള്ള മത്തി, അയല, ചൂര എന്നീ മൽസ്യങ്ങള്‍ കഴിക്കുക. കൂടാതെ വാൽനട്ട്, ബദാം, പയറുവ‍ർഗങ്ങൾ, ചണക്കുരു, സോയ ബീൻ, ചീര, മുരിങ്ങയില, കറിവേപ്പില, പുളി, വെളുത്തുള്ളി എന്നിവയൊക്കെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക.

ദുശീലങ്ങള്‍ ഒഴിവാക്കുക

പുകവലി, പുകയില, മദ്യപാനം എന്നിവ ഒഴിവാക്കണം. പുകവലി സാമീപ്യം ഹൃദ്രോഗ സാധ്യത കൂട്ടുന്നതിനാല്‍ തടയണം. അമിത മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും ഹൃദ്രോഗത്തെ ക്ഷണിച്ചുവരുത്തും.

മാനസികസമ്മർദ്ദം കുറയ്‌ക്കണം

ഇക്കാലത്ത് മാനസികസമ്മര്‍ദ്ദവും രക്താതിമർദ്ദവും ഹൃദ്രോഗത്തിന്റെ പ്രധാന കാരണങ്ങളായി മാറിയിട്ടുണ്ട്. ഈ പ്രശ്‌നങ്ങൾക്ക് പരിഹാരമായി യോഗയും ധ്യാനവും ശീലിക്കുക. ദിവസവും രാവിലെ അല്ലെങ്കിൽ വൈകിട്ട് യോഗയോ ധ്യാനമോ ചെയ്യുന്നതിനായി അരമണിക്കൂർ മാറ്റിവെക്കുക...

പതിവായുള്ള വൈദ്യപരിശോധന

25-30 വയസ് പിന്നിടുമ്പോൾ വർഷത്തിലൊരിക്കൽ വൈദ്യപരിശോധന നടത്തണം. കൊളസ്‌ട്രോൾ, പ്രമേഹം, രക്തസമ്മർദ്ദം എന്നിവ നിയന്ത്രണവിധേയമാണെന്ന് ഉറപ്പ് വരുത്തണം. കൊളസ്‌ട്രോള്‍ പരിശോധനയിൽ ചീത്ത കൊളസ്‌ട്രോൾ(എൽഡിഎൽ, വിഎൽഡിഎൽ), ട്രൈ ഗ്ലിസറൈഡ് എന്നിവ കൂടുന്നുണ്ടോയെന്ന് പരിശോധിക്കണം.

 


 

Follow Us:
Download App:
  • android
  • ios