ബംഗളുരു: പ്ലാസ്റ്റിക് ഭക്ഷ്യ വസ്തുക്കള്‍ വ്യപകമാവുന്നെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു. പ്ലാസ്റ്റിക് മുട്ട, പ്ലാസ്റ്റിക് പഞ്ചസാര, പ്ലാസ്റ്റിക് അരി തുടങ്ങിയവ യഥാര്‍ത്ഥ ഉല്‍പ്പന്നങ്ങളോടൊപ്പം വിറ്റഴിക്കപ്പെടുന്നെന്ന, ഏറെ നാളായി നിലനില്‍ക്കുന്ന ആശങ്ക പരിഹരിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം.
കഴിഞ്ഞ ദിവസം ഇക്കാര്യം ബി.ജെ.പി എം.എല്‍.എയായ സി.ടി രവിയാണ് നിയമസഭയില്‍ ഉന്നയിച്ചത്. എന്നാല്‍ പ്ലാസ്റ്റിക് അരിയും മുട്ടയുമൊന്നും വിപണിയില്‍ വില്‍ക്കപ്പെടുന്നില്ലെന്നും ഇത്തരത്തിലുള്ള സാധ്യതകള്‍ ഭക്ഷ്യ വിദഗ്ദരും ശാസ്ത്രജ്ഞരും തള്ളിക്കളഞ്ഞതാണെന്നും സംസ്ഥാന ഭക്ഷ്യ മന്ത്രി കെ.ആര്‍ രമേശ് കുമാര്‍ മറുപടി നല്‍കി. ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന നിരവധി ദൃശ്യങ്ങളും വാര്‍ത്തകളും സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിലെ ആശങ്ക ദൂരീകരിക്കാനും വ്യാജ ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തുന്നുണ്ടോ എന്ന് പരിശോധിക്കാനുമാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ വലിയ പരിഭ്രാന്തി നലനില്‍ക്കുന്നുണ്ടെന്ന് കര്‍ണ്ണാടക നിയമസഭ വിലയിരുത്തി.
