ബോധരഹിതയായി ആശുപത്രിയിലെത്തിച്ച സ്‌ത്രീ മരിച്ചെന്ന് വിധിയെഴുതി ഡോക്ടര്‍മാര്‍. അതും രണ്ടുതവണ! ആശുപത്രിയില്‍ പ്രവേശിപ്പിച്ച് രണ്ടു മണിക്കൂറായി ഒബ്സര്‍വേഷനില്‍ ഇരിക്കെയാണ് രോഗി മരിച്ചെന്ന് ആദ്യം ഡോക്‌ടര്‍മാര്‍ അറിയിച്ചത്. എന്നാല്‍ രോഗിയുടെ കൈകാലുകള്‍ അനങ്ങിയതിനെ തുടര്‍ന്ന് വീണ്ടും ഡോക്‌ടര്‍മാര്‍ വന്നു പരിശോധിച്ചു. അപ്പോള്‍ രോഗിക്ക് ജീവനുണ്ടെന്ന് പറഞ്ഞ ഡോക്‌ടര്‍മാര്‍, അല്‍പ്പസമയത്തിന് ശേഷം രോഗി മരിച്ചതായി വീണ്ടും സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് രോഗിയെ ആശുപത്രിയില്‍നിന്ന് ആംബുലന്‍സിലേക്ക് വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടില്‍ ശവസംസ്‌ക്കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കവും തുടങ്ങി. എന്നാല്‍ വീണ്ടും രോഗിയുടെ ശരീരഭാഗങ്ങള്‍ അനങ്ങിയതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിച്ചു. ഇതോടെ രോഗിയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ ഡോക്‌ടര്‍മാര്‍ക്കെതിരെ പ്രതിഷേധിച്ചു. ഛത്തീസ്ഗഢിലെ സുക്‌മ ജില്ലാ ആശുപത്രിയിലാണ് സംഭവം. സുക്മയിലെ സമീപത്തുള്ള ഗ്രാമവാസിയായ പാര്‍വതി ശര്‍മ്മ എന്ന അമ്പത്തിയഞ്ചുകാരിയാണ് രണ്ടുതവണ മരിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ഡോക്‌ടര്‍മാര്‍ക്കെതിരെ ഛത്തീസ്ഗഢ് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ ഡോക്‌ടര്‍മാരെ സസ്പെന്‍ഡ് ചെയ്യുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.