ഭക്ഷണവും പരിചരണവും ലഭിച്ചപ്പോള്‍ നാല് പേരും ഉഷാറായി. ഇവരില്‍ ഒരാള്‍ക്ക് മാത്രം ഒരു പ്രത്യേകതയുണ്ടായിരുന്നു. വളരെ നാളുകള്‍ക്ക് ശേഷമാണ് കൃതികയും കൂട്ടുകാരും ഇത് കണ്ടെത്തിയത് തന്നെ

ചെന്നൈ സ്വദേശിനിയായ കൃതിക കുമാരിക്ക് ദിവസങ്ങള്‍ക്ക് മുമ്പാണ് ആളുകള്‍ മാലിന്യം തള്ളുന്നയിടത്ത് നിന്ന്, നാല് കുഞ്ഞന്‍ പട്ടിക്കുഞ്ഞുങ്ങളെ കിട്ടിയത്. പട്ടികളെ ഏറെ ഇഷ്ടമുള്ള കൃതിക അവയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു. നാലിനും പാലും ഭക്ഷണവും നല്‍കി. 

ഭക്ഷണവും പരിചരണവും ലഭിച്ചപ്പോള്‍ നാല് പേരും ഉഷാറായി. ഇവരില്‍ ഒരാള്‍ക്ക് മാത്രം ഒരു പ്രത്യേകതയുണ്ടായിരുന്നു. വളരെ നാളുകള്‍ക്ക് ശേഷമാണ് കൃതികയും കൂട്ടുകാരും ഇത് കണ്ടെത്തിയത് തന്നെ. കൂട്ടത്തിലെ വെളുമ്പത്തിയായ പട്ടിക്കുഞ്ഞിന്റെ നെറ്റിയില്‍ വെളുത്ത നിറത്തില്‍ ഒരു 'ലൗ' ചിഹ്നം!

സാധാരണഗതിയില്‍ ചെന്നൈയില്‍ തെരുവില്‍ നിന്ന് ലഭിക്കുന്ന ഇത്തരത്തിലുള്ള സങ്കരയിനത്തില്‍പ്പെട്ട പട്ടിക്കുഞ്ഞുങ്ങളെ പിന്നീട് താല്‍പര്യമുള്ളവര്‍ വളര്‍ത്താനായി ഏറ്റെടുക്കാറുണ്ട്. അങ്ങനെ ഇവരെയും ഏറ്റെടുക്കാനായി താല്‍പര്യമുള്ളവര്‍ക്ക് വിട്ടുനല്‍കാന്‍ കൃതിക തീരുമാനിച്ചു.

അങ്ങനെ നെറ്റിയില്‍ 'ലൗ'ചിഹ്നമുള്ള വെളുമ്പിക്ക് വാലന്റൈന്‍സ് ഡേയ്ക്ക് തന്നെ സ്‌നേഹിക്കാനൊരു വീടും വീട്ടുകാരും വേണമെന്ന പരസ്യവുമായി കൃതികയും സുഹൃത്തുക്കളും സമൂഹമാധ്യമങ്ങളിലെത്തി. നെറ്റിയില്‍ അപൂര്‍വ്വമായ 'ഡിസൈനു'ള്ള പട്ടിക്കുഞ്ഞ് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ താരമായി.

നിരവധി പേര്‍ ഇതിനോടകം തന്നെ അവള്‍ക്കായി ഹൃദയം തുറന്നുനല്‍കിയെന്നാണ് അറിവ്. എന്നാല്‍ അവളെ ആര്‍ക്കാണ് നല്‍കുന്നതെന്ന കാര്യം കൃതിക ഇനിയും അറിയിച്ചിട്ടില്ല. ഇപ്പോള്‍ രണ്ടുമാസത്തെ പ്രായമേയുള്ളൂ ഈ സുന്ദരിക്ക്.