മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്തുവരികയായിരുന്നു റെബേക്ക. അക്കാലത്താണ് അപൂര്‍വ്വരോഗത്തിന്റെ പിടിയിലായത്. ഛര്‍ദിച്ചുഛര്‍ദിച്ച് സോഫയിലേക്ക് തളര്‍ന്നുവീഴുമായിരുന്നു റെബേക്ക
ബെർക്ഷെയര്‍: കഴിച്ച ഭക്ഷണം വയറിന് പിടിക്കാതെ വരുമ്പോഴോ മറ്റോ ഒന്നോ രണ്ടോ തവണ ഛര്‍ദിക്കുമ്പോഴേ നമ്മള്‍ അവശരാകാറുണ്ട്, അല്ലേ? അപ്പോള്‍ ദിവസത്തില്‍ നൂറിലധികം തവണ ഛര്‍ദിക്കുന്ന അവസ്ഥയെ പറ്റി ഒന്ന് ഓര്‍ത്തുനോക്കൂ.
അങ്ങനെയും ഒരസുഖം ബാധിച്ച് ദുരിതജീവിതം നയിക്കുന്ന ഒരാളുണ്ട്. ബെർക്ഷെയര്‍ മെയ്‌ഡെന്‍ഹെഡ് സ്വദേശിയായ റെബേക്ക ഗ്രാഫിത്സ്. മുപ്പത്തിയൊന്നുകാരിയായ റെബേക്കക്ക് അഞ്ച് വര്‍ഷം മുമ്പാണ് രോഗത്തിന്റെ ആദ്യലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.
മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്തുവരികയായിരുന്നു റെബേക്ക. അക്കാലത്താണ് അപൂര്‍വ്വരോഗത്തിന്റെ പിടിയിലായത്. ഛര്‍ദിച്ചുഛര്‍ദിച്ച് സോഫയിലേക്ക് തളര്‍ന്നുവീഴുമായിരുന്നു റെബേക്ക. കുടുംബാംഗങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊന്നും ആദ്യം അസുഖമെന്തെന്ന് പോലും മനസ്സിലായില്ല.
പിന്നീട് വിശദമായ പരിശോധനയിലാണ് 'സൈക്ലിക്കല്‍ വൊമിറ്റിംഗ് സിന്‍ഡ്രോം' എന്ന രോഗമാണെന്ന് മനസ്സിലായത്. തുടര്‍ന്ന് ജോലി രാജിവയ്‌ക്കേണ്ടി വന്നു. മുഴുവന്‍ സമയവും റെബേക്കയെ നോക്കാനും പരിചരിക്കാനും ഒരാളെ ആവശ്യമായിവന്നു. പതിയെ എന്ത് വില നല്‍കിയും മകള്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ റെബേക്കയുടെ മാതാപിതാക്കള്‍ തീരുമാനിച്ചു.
ജര്‍മ്മനിയിലെ ഒരാശുപത്രിയിലേക്കാണ് പിന്നീട് ഇവര്‍ റെബേക്കയുമായി എത്തിയത്. അവിടെ വിദഗ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഒരു ശസ്ത്രക്രിയ നടത്തി. ഇപ്പോള്‍ രോഗാവസ്ഥയ്ക്ക് നല്ല മാറ്റമുണ്ടെന്നാണ് റെബേക്കയുടെ അമ്മ കെരോളിന്‍ പറയുന്നത്. പൂര്‍ണ്ണമായും ഈ അസുഖത്തിന്റെ പിടിയി നിന്ന് രക്ഷപ്പെടാനാകുമെന്ന് തന്നെയാണ് ഈ കുടുംബം ഇപ്പോഴും പ്രതീക്ഷിക്കുന്നത്.
