വീട് വൃത്തിയാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ് എലിപ്പനി. കെട്ടി നിൽക്കുന്ന വെള്ളത്തിലൂടെയാണ് എലിപ്പനി വ്യാപിക്കുന്നത്.എലികളെ നിയന്ത്രിക്കുന്നതാണ് ഏറ്റവും പ്രധാന പ്രതിരോധമാർഗ്ഗം. മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി എലികളെ അകറ്റുക. കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നതും , കുളിക്കുന്നതും ഒഴിവാക്കണം.
മഴ കഴിഞ്ഞല്ലോ, ഇനി പേടിക്കേണ്ടത് അസുഖങ്ങളെയാണ്. വീട് വൃത്തിയാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണ് എലിപ്പനി. കെട്ടി നിൽക്കുന്ന വെള്ളത്തിലൂടെയാണ് എലിപ്പനി വ്യാപിക്കുന്നത്. രോഗാണു വാഹകരായ ജന്തുക്കളുടെ മൂത്രം കലർന്ന ജലാശയങ്ങളിൽ , ലെപ്ടോസ്പൈറ അനേക നാൾ ജീവിച്ചിരിക്കും.
നല്ല സൂര്യ പ്രകാശവും ഒഴുക്കും ഉള്ള സാഹചര്യങ്ങളിൽ ഇവ സ്വയം നശിപ്പിക്കപ്പെടും. എലികൾ വരാറുള്ള സന്ദർശിക്കാറുള്ള ജലാശയങ്ങൾ ,ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവയിൽ വേണ്ടത്ര മുൻ കരുതലുകൾ ഇല്ലാതെ ഇറങ്ങുകയോ, ജോലി ചെയ്യുകയോ , കുളിക്കുകയോ ചെയ്യുന്നതിലുടെ രോഗാണു മനുഷ്യ ശരീരത്തിൽ എത്തുന്നു .
കൈകാലുകളിൽ ഉണ്ടാകുന്ന പോറലുകൾ, മുറിവുകൾ എന്നിവയിലൂടെ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു. കണ്ണിലുള്ള പോറലുകളിൽക്കൂടിപ്പോലും മുഖം കഴുകുമ്പോൾ രോഗബാധ ഉണ്ടാകാം എലി മൂത്രം മൂലം മലിനമായ ചെളിയിലും, തോടുകളിലും, ഓടകളിലെ വെള്ളത്തിലും കളിക്കുമ്പോൾ ബാധ ഉണ്ടാകാൻ സാധ്യത ഉണ്ട്. പറമ്പിൽ പണിയെടുക്കുന്നവർക്ക് രോഗം പിടിപെടാൻ സാധ്യത കൂടുതലാണ്. ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെയാണ് എലിപ്പനി ഏറ്റവും കൂടുതല്‍ പിടികൂടാൻ സാധ്യത. എലിപ്പനിയെ കുറിച്ചും ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങളെ കുറിച്ചും ഡോ. ഷിനു ശ്യാമളൻ ഫേസ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് താഴേ ചേർക്കുന്നു.
എന്താണ് എലിപ്പനി?
മഴക്കാലത്തും തുടർന്നുമുണ്ടാകുന്ന പകർച്ചവ്യാധികളിലൊന്നാണ് ഇംഗ്ലീഷിൽ ലെപ്റ്റോസ്പൈറൊസിസ്(Leptospirosis), വീൽ സ് ഡിസീസ് (Weil’s Disease) എന്നീ പേരുകളിൽ അറിയപ്പെടുന്ന എലിപ്പനി. ലെപ്ടോസ്പൈറ (Leptospira) ജനുസ്സിൽപ്പെട്ട ഒരിനം സ്പൈറോകീറ്റ (Spirocheta), മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് (Zoonosis) 'എലിപ്പനി'. പ്രധാന രോഗവഹകർ എലി, കന്നുകാലികൾ, നായ , പന്നി, കുറുക്കൻ, ചിലയിനം പക്ഷികൾ എന്നിവയാണ്. എലികളുടെ മൂത്രത്തിലൂടെയാണ് എലിപ്പനി പ്രധാനമായും വ്യാപിക്കുന്നത്.
രോഗലക്ഷണങ്ങൾ എന്തെല്ലാം?
ലെപ്ടോസ്പൈറ ശരീരത്തിൽ കടന്നുകൂടുന്നതു മുതൽ രോഗം പ്രത്യക്ഷമാകുന്നതിനുള്ള ഇടവേള (incubation period ) സാധാരണ 10 ദിവസമാണ്. ഇത് 4 മുതൽ 20 ദിവസം വരെ ആകാം. രോഗാണു രക്തത്തിൽ വളരെ വേഗം പെരുകുന്നു. ശക്തമായ വിറയലോടുകൂടിയ പനി, കുളിര് , തളർച്ച , ശരീരവേദന, തലവേദന , ഛർദ്ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ചില ആളുകൾക്ക് വിശപ്പില്ലായ്മ, മനംപിരട്ടൽ എന്നീ ലക്ഷണങ്ങൾ കൂടി ഉണ്ടാകാറുണ്ട്. കണ്ണിനു ചുവപ്പ്, നീർവീഴ്ച , വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം എന്നീ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. തലവേദന, തലയുടെ പിൻഭാഗത്തുനിന്നും തുടങ്ങി നെറ്റിയിലേക്ക് വ്യാപിക്കുന്നു. ചിലർക്ക് രോഗം പിടിപെട്ടു ഒരാഴ്ച്ചയ്ക്കുള്ളിൽ കരൾ, വൃക്ക, ഹൃദയം, ശ്വാസകോശം, നാഡി, ഞരമ്പ് എന്നിവയുടെ പ്രവർത്തനം തകരാറിലാവുകയും രക്ത സ്രാവത്തിനു ഇടയാക്കുകയും ചെയ്യുന്നു. രോഗം സങ്കീർണമായാൽ മരണം വരെ സംഭവിക്കാം. തുടക്കത്തിലേ തന്നെ കണ്ടെത്തി ചികിത്സിച്ചാൽ എലിപ്പനി പൂർണമായും ഭേദമാക്കാനാക്കും.
എലിപ്പനി എങ്ങനെ തടയാം .?
എലികളെ നിയന്ത്രിക്കുന്നതാണ് ഏറ്റവും പ്രധാന പ്രതിരോധമാർഗ്ഗം. മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി എലികളെ അകറ്റുക. കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നതും , കുളിക്കുന്നതും ഒഴിവാക്കണം. കാലിലോ ശരീരത്തിലോ മുറിവുള്ളപ്പോൾ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങാതെ ശ്രദ്ധിക്കുക . ഒഴിവാക്കാൻ പറ്റില്ലെങ്കിൽ ബൂട്സ്, കയ്യുറകൾ എന്നിവ ഉപയോഗിക്കുക. വീട്ടില്‍ ഉള്ള വെള്ളത്തിലും ഭക്ഷണത്തിലും എലിമൂത്രവും വിസർജ്ജ്യം കലരാത്ത രീതിയില്‍ മൂടിവെയ്ക്കുക . വെള്ളം ക്ലോറിനേറ്റ് ചെയ്തശേഷം തിളപ്പിച്ചാറ്റി കുടിക്കുക, ചൂടുള്ള ഭക്ഷണം കഴിക്കുക.
എങ്ങനെ പ്രതിരോധിക്കാം?
ആവർത്തിച്ച് വെള്ളത്തിൽ ഇറങ്ങേണ്ടി വരുന്ന വീട്ടുകാരും വീട് ശുചീകരിക്കാൻ എത്തുന്ന സന്നദ്ധപ്രവർത്തകരും നിർബന്ധമായും പ്രതിരോധ മരുന്ന് കഴിക്കേണ്ടതാണ്. ഡോക്സിസൈക്ക്ലിൻ (Doxycycline) ആന്റി ബയോട്ടിക്ക് 100 മി ഗ്രാമിന്റെ ഗുളിക രണ്ടെണ്ണം ആഹാരത്തിന് ശേഷം ആഴ് ചയിൽ ഒന്ന് വീതം ആറാഴ്ച കഴിക്കുന്നത് വഴി രോഗത്തെ പ്രതിരോധിക്കാനാവും ചിലർക്ക് ഡോക്സി സൈക്ക്ലിൻ വയറിൽ അസ്വസ്ഥതയുണ്ടാക്കാം. അങ്ങിനെയുള്ളവർ ഡോക്ടറെ സമീപിച്ച് ഫലപ്രദമായ മറ്റ് ആന്റിബയോട്ടിക്കുകൾ സ്വീകരിക്കുക.
ചികിത്സ എപ്പോൾ?
കടുത്ത പനിയാണ് എലിപ്പനിയുടെ ലക്ഷണം. വെള്ളപ്പൊക്കത്തിന് ശേഷമുണ്ടാവുന്ന ഏതു പനിയും എലിപ്പനിയാവാം. പനിയോ മറ്റ് രോഗലക്ഷണങ്ങളോ കണ്ടാൽ ഉടൻ തന്നെ ആശുപത്രിയിൽ പോയി ഉചിതമായ ചികിത്സക്ക് വിധേയരാവുക. പെനിസിലിൻ (Penicillin G), ആംപിസെല്ലിൻ (Ampicillin), അമോക്സിസിലിൻ (Amoxicillin), എറിത്രോമൈസിൻ (Erythromycin) എന്നീ ആന്റി ബയോട്ടിക്കുകളാണ് എലിപ്പനി ചികിത്സക്കായി നിർദ്ദേശിക്കാറുള്ളത്.
