Asianet News MalayalamAsianet News Malayalam

ഇന്നത്തെ സ്‌പെഷ്യല്‍ 'ചിക്കന്‍ അലീസ' ആയാലോ??

recipe chicken aleesa
Author
First Published Nov 6, 2016, 8:50 AM IST

അലീസ ഉണ്ടാക്കുന്നതിന് നമുക്ക് വേണ്ട പ്രധാന സാധനം അലീസ ഗോതമ്പ് ആണ്. സാധാരണ ഗോതമ്പില്‍ നിന്നും വ്യത്യാസമുണ്ട്. കുത്തിയ ഗോതമ്പ്, പോളിഷ് ചെയ്ത ഗോതമ്പ് എന്നൊക്കെ പറയും. തിരുവിതാംകൂറില്‍ അലീസ ഗോതമ്പ് കിട്ടില്ല. വടക്കന്‍ നാടുകളില്‍ സുലഭമാണ്. ഞാനും തലശ്ശേരി പോയി വരുമ്പോള്‍ വാങ്ങി സ്റ്റോക്ക് ചെയ്യുന്നതാണ്. അലീസ ഗോതമ്പ് പൊട്ടിക്കാത്ത പായ്ക്കറ്റ് ആറ് മാസം വരെ കേട് കൂടാതിരിക്കും. പൊട്ടിച്ചതാണെങ്കിലും കാറ്റു കയറാതെ സൂക്ഷിച്ചാല്‍ ചീത്തയാകില്ല.

recipe chicken aleesa

അറബികളുടെ പ്രിയപ്പെട്ടവിഭവം നമുക്കും ഒന്ന് ട്രൈ ചെയ്യാമല്ലേ... നമുക്കിത് ഗസ്റ്റുകള്‍ വരുമ്പോള്‍ മെയിന്‍ ഡിഷിന് മേമ്പൊടിയായി സ്റ്റാര്‍ട്ടര്‍ ആയും നല്‍കാം..

ആവശ്യമായ ചേരുവുകള്‍:

1 ) അലീസ ഗോതമ്പ് - ഒരു കപ്പ്.
2) ചിക്കന്‍ ( ഇഷ്ടമുള്ള ഭാഗം എടുക്കാം) - ലെഗ് പീസ് രണ്ട് എണ്ണം.
3) പച്ചമുളക് - ഒരെണ്ണം
4) വെളുത്തുള്ളി - മൂന്ന് അല്ലി
5) കറുവാപ്പട്ട - ഒരു ചെറിയ കഷണം.
6) ഏലയ്ക്ക - മൂന്ന് എണ്ണം
7) ഗ്രാമ്പു - മൂന്ന് എണ്ണം
8 ) സവാള - ഒരെണ്ണം വലുത്
9 ) എണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
10) കട്ടി തേങ്ങാപാല്‍ - ഒരു ഗ്‌ളാസ്സ്.
11) നെയ്യ് - ഒരു ടേബിള്‍ സ്പൂണ്‍
12 ) ചെറിയ ഉള്ളി - മൂന്ന് എണ്ണം
13 ) ഉപ്പ് - ആവശ്യത്തിന്
14) വെള്ളം - രണ്ട് കപ്പ്.

recipe chicken aleesa

തയ്യാറാക്കുന്ന വിധം:

അലീസ ഗോതമ്പ് കുറഞ്ഞത് എട്ട് മണിക്കൂര്‍ എങ്കിലും കുതിര്‍ക്കണം.  രാത്രിയില്‍ ഗോതമ്പ് കുതിര്‍ക്കാന്‍ വെയ്ക്കുക. പ്രഷര്‍കുക്കറില്‍ വേണം വേവിക്കാന്‍. കുതിര്‍ത്ത ഗോതമ്പ് കഴുകി വൃത്തിയാക്കി രണ്ട് കപ്പ് വെള്ളം ചേര്‍ത്തത്, പട്ട, ഗ്രാമ്പു, ഏലയ്ക്ക എന്നിവ കുക്കറില്‍ വെയ്ക്കുക. അടുത്തതായി ഒരു പാന്‍ ചൂടാകുമ്പോള്‍ എണ്ണയൊഴിച്ച് സവാള കനം കുറച്ച് നീളത്തില്‍ അരിഞ്ഞതും വെളുത്തുള്ളിയും പച്ചമുളകും ചതച്ചത് ( ഒരു പാട് ചതയ്ക്കണ്ട ) ചിക്കനും ചേര്‍ത്ത് വഴറ്റുക. ഒന്ന് വാടിയാല്‍ മതിയാകും. സവാള ചിക്കന്‍ കൂട്ട് ഗോതമ്പിലേക്ക് ചേര്‍ത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കുക. ( ചിലര്‍ സവാള, ചിക്കന്‍ വഴറ്റാതെ നേരിട്ട് ഗോതമ്പിന്റെ കൂടെ വേവിക്കും.) നന്നായി കുക്കറില്‍ വേവിച്ചെടുക്കുക. ആറ് മുതല്‍ എട്ട് വിസില്‍ വരെ ആകാം. ഓരോരുത്തരുടെയും കുക്കറിന്റെ അനുസരിച്ച് വെന്തു വരുന്ന പാകം തീരുമാനിക്കാം.

കുക്കര്‍ തണുത്തതിന് ശേഷം തുറന്ന് ചിക്കന്‍ കഷണങ്ങള്‍, പട്ട, ഗ്രാമ്പു, ഏലയ്ക്ക എല്ലാം നീക്കം ചെയ്യുക. പട്ട, ഗ്രാമ്പു, ഏലയ്ക്ക ഇനി ആവശ്യം ഇല്ല. ചിക്കന്‍ കഷണങ്ങള്‍ എല്ലില്‍ നിന്നും വേര്‍പെടുത്തി ചെറിയ പീസസ് ആക്കുക. ഗോതമ്പ് വെന്തിട്ടില്ലെങ്കില്‍ വീണ്ടും വേവിക്കാം. വെന്ത ഗോതമ്പിനെ 'മത്ത് ' ഉപയോഗിച്ച് ഉടച്ചെടുക്കുക. ഉടഞ്ഞ് കിട്ടുന്നില്ലെങ്കില്‍ തണുത്തതിനു ശേഷം മിക്‌സിയില്‍ ഒന്ന് അടിച്ചെടുക്കുക. ചതക്കുന്ന ബട്ടണ്‍ ഉപയോഗിച്ചാല്‍ മതി. വീണ്ടും പാത്രത്തിലേക്ക് പകര്‍ന്ന് ചിക്കന്‍ അടര്‍ത്തിയത് ചേര്‍ത്ത് മത്ത് ഉപയോഗിച്ച് യോജിപ്പിക്കുക. ലാസ്റ്റ് ചേര്‍ക്കേണ്ടത് തേങ്ങാപ്പാല്‍ ആണ്. ചെറിയ തീയില്‍ രണ്ട് മിനിട്ട് നേരം വെയ്ക്കാം. ഒരു ജോലി കൂടി ബാക്കിയുണ്ട്. താളിക്കല്‍. നെയ്യില്‍ ചെറിയ ഉള്ളി വട്ടത്തില്‍ അരിഞ്ഞിട്ടാണ് താളിക്കുന്നത്. അതുപോലെ തന്നെ അണ്ടിപ്പരിപ്പും മുന്തിരിങ്ങയും കൂട്ടത്തില്‍ താളിച്ച് ചേര്‍ക്കാം.( അലീസ മധുരത്തില്‍ കഴിക്കുന്നവരുണ്ട്. അങ്ങനെയെങ്കില്‍ അണ്ടിപരിപ്പും മുന്തിരിങ്ങയും ചേര്‍ക്കാം.)

നമ്മള്‍ ഇവിടെ എരിവിലുള്ള അലീസയാണ് ഉണ്ടാക്കിയിട്ടുള്ളത്. എരിവ് മുന്നിട്ട് നില്‍ക്കില്ല.ലേശം എരിവ് ഉണ്ടാവുകയുള്ളു. എരിവ് കൂടിയാല്‍ അതിന്റെ ടേസ്റ്റ് മാറും.

മധുരത്തില്‍ അലീസ ഉണ്ടാക്കണമെന്നുള്ളവര്‍ക്ക് പച്ചമുളക് ചേര്‍ക്കണ്ട. താളിക്കുമ്പോള്‍ ചെറിയ ഉള്ളിയോടൊപ്പം അണ്ടിപരിപ്പും മുന്തിരിങ്ങയും ചേര്‍ക്കണം. കഴിക്കാനാകുമ്പോള്‍ ഓരോരുത്തരുടെയും മധുരത്തിനനുസരിച്ച് പഞ്ചസാര ചേര്‍ത്ത് കഴിക്കാം.

അലീസ ഓരോരുത്തര്‍ ഓരോ വിധത്തിലാകും ഉണ്ടാക്കുക. ഇത് ഞാന്‍ ഉണ്ടാക്കുന്ന രീതിയാണ്. അറബികള്‍ ഉണ്ടാക്കുന്ന അലീസ നല്ല കുഴമ്പ് രൂപത്തില്‍ ആയിരിക്കും. നമ്മള്‍ ഇവിടെ ഉണ്ടാക്കുന്നത് കുറച്ച് ലൂസ് ആയിട്ടാണ്. സൂപ്പിനെക്കാള്‍ കട്ടി വേണം കേട്ടോ... ചൂടോടെ കഴിക്കാന്‍ മറക്കണ്ട.

അപ്പോള്‍ എല്ലാവരും ട്രൈ ചെയ്ത് നോക്കൂ.... നന്നായി വായിച്ച് മനസ്സിലാക്കിയതിന് ശേഷം ഉണ്ടാക്കൂ....

recipe chicken aleesa

തയ്യാറാക്കിയത്- അനില ബിനോജ്

Follow Us:
Download App:
  • android
  • ios