ബെയ്ജിംഗ്: ഏത് വിഷയത്തിലായാലും നമ്മള്‍ ആരുടെ മുന്നിലും തോറ്റുകൊടുക്കാന്‍ ഒരിക്കലും താല്‍പര്യപ്പെടാറില്ലല്ലോ, അല്ലേ? അതേ വാശി തന്നെയാണ് ദൗര്‍ഭാഗ്യവശാല്‍ ജനസംഖ്യയുടെ കാര്യത്തിലും നമ്മള്‍ ഇന്ത്യക്കാര്‍ വച്ചുപുലര്‍ത്തിയത്. അങ്ങനെ ചൈനയെ വെല്ലുവിളിച്ച് അവരെക്കാള്‍ ജനസംഖ്യ നമ്മള്‍ നേടിയെന്നാണ് 2017ല്‍ പുറത്തുവന്ന ഒരു കണക്ക് സൂചിപ്പിക്കുന്നത്. 

ജനസംഖ്യാവര്‍ധനവ് അത്ര ചെറുതല്ലാത്ത പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് നമുക്കെല്ലാം അറിയാം. ചൈനയാണെങ്കില്‍ ഇക്കാര്യത്തില്‍ നേരത്തേ തന്നെ ഒരു പിടി തുടങ്ങിയിരുന്നു. 'നാമൊന്ന് നമുക്കൊന്ന്' എന്ന മുദ്രാവാക്യത്തിലൂടെ അവര്‍ ജനസംഖ്യാ വര്‍ധനവിനെ ഒരു പരിധി വരെ തടഞ്ഞിരുന്നു. ഇനിയും ഇക്കാര്യത്തില്‍ പിന്നോട്ടില്ലെന്ന നിലപാടില്‍ തന്നെയുറച്ച് നില്‍ക്കുകയാണ് ചൈന.

അതായത് 10 വര്‍ഷത്തിനുള്ളില്‍ ജനസംഖ്യയുടെ കാര്യത്തില്‍ തങ്ങള്‍ക്ക് പോകാവുന്നതിന്റെ പരമാവധി ചൈന പോകുമത്രേ. കൃത്യമായിപ്പറഞ്ഞാല്‍ 2029ഓടെ ജനസംഖ്യ കുത്തനെ ഉയരുകയും 2030 മുതല്‍ അത് താഴ്ന്നുവരികയും ചെയ്യുമത്രേ. 'ചൈനീസ് അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസ്' തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഇക്കാര്യം സൂചിപ്പിച്ചത്. 

2029ല്‍ ചൈനയിലെ ജനസംഖ്യ 144 കോടിയാകുമത്രേ. തുടര്‍ന്ന് അടുത്ത വര്‍ഷം മുതല്‍ താഴ്ന്ന് 2050 ആകുമ്പോഴേക്ക് അത് 125 കോടിയിലെത്തും. ഇത് 1999ലെ ചൈനയുടെ ജനസംഖ്യയോട് സമാനമായിരിക്കും.

അതേസമയം ഇന്ത്യയിലെ ജനസംഖ്യ 133 കോടി കവിഞ്ഞ് അങ്ങനെ മുന്നോട്ടുപോവുകയാണ്. പാര്‍പ്പിട സൗകര്യം, പ്രകൃതി വിഭവങ്ങള്‍, തൊഴില്‍, വെള്ളം- അങ്ങനെ ജൈവികവും സാമൂഹികവുമായ ആവശ്യങ്ങളും ജനസംഖ്യാവര്‍ധനവിനൊപ്പം വര്‍ധിക്കും. എന്നാല്‍ ഈ ആവശ്യങ്ങളെല്ലാം നിവര്‍ത്തിക്കാന്‍ നമുക്ക് മുന്നില്‍ പുതിയ വഴികള്‍ ഇല്ലതാനും. 

'കുടുംബാസൂത്രണ'ത്തിന് സര്‍ക്കാര്‍ തലങ്ങള്‍ പ്രചാരം നല്‍കുന്നുണ്ടെങ്കിലും അത് അത്രയ്ക്ക് ഫലപ്രദമാണെന്ന് പറയാനാകില്ല. ജനസംഖ്യാവര്‍ധനവിന്റെ ഭവിഷ്യത്തുകളെ കുറിച്ച് വേണ്ടവിധത്തില്‍ ഒരു ബോധവത്കരണം നടത്തുന്നതില്‍ പോലും ഇവിടെ സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്ന് തന്നെ വേണം പറയാന്‍.