18 വര്‍ഷം മുമ്പ് നടത്തിയ ശസ്‌ത്രക്രിയയ്‌ക്കിടെ വയറ്റില്‍ കുടുങ്ങിയ കത്രിക മറ്റൊരു ശസ്‌ത്രക്രിയയിലൂടെ നീക്കം ചെയ്‌തു. സംഭവം ഇവിടെയെങ്ങുമല്ല, അങ്ങു വിയറ്റ്‌നാമിലാണ്. മാ വാന്‍ നാട്ട് എന്ന 54കാരനിലാണ് 18 വര്‍ഷം മുമ്പ് നടത്തിയ ശസ്‌ത്രക്രിയയ്‌ക്കിടെ വയറിനുള്ളില്‍ കുടുങ്ങിയ കത്രിക ഇപ്പോള്‍ കണ്ടെടുത്തത്. 1998ല്‍ ഉണ്ടായ ഒരു കാറപകടത്തെ തുടര്‍ന്നാണ് മാ വാന്‍ നാട്ടിനെ ഡോക്‌ടര്‍മാര്‍ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കിയത്. എന്നാല്‍ ശസ്‌ത്രക്രിയയ്‌ക്ക് ഉപയോഗിച്ച വളരെ ചെറിയ കത്രിക ഡോക്‌ടര്‍മാര്‍ വയറിനുള്ളില്‍വെച്ച് തുന്നിക്കെട്ടുകയായിരുന്നു. ഏകദേശം 15 സെന്റിമീറ്റര്‍ നീളമുള്ള കത്രികയാണ് വയറിനുള്ളില്‍ ഡോക്‌ടര്‍മാര്‍ മറന്നുവെച്ചത്. തുടര്‍ന്ന് നിരന്തരം വേദന അനുഭവപ്പെട്ട മാ വാന്‍ നാട്ട് വര്‍ഷങ്ങളോളം ചികില്‍സ തേടിയെങ്കിലും കത്രിക വയറിനുള്ളിലുള്ള കാര്യം ഡോക്‌ടര്‍മാര്‍ക്ക് മനസിലാക്കാനായില്ല. അടുത്തിടെ നടത്തിയ അള്‍ട്രാസൗണ്ട് സ്‌കാനിങ് പരിശോധനയിലൂടെയാണ് കത്രിക കുടലിനുള്ളില്‍ കുടുങ്ങിയ കാര്യം കണ്ടെത്തുന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം മൂന്നു മണിക്കൂറോളം നീണ്ട ശസ്‌ത്രക്രിയയിലൂടെ ഡോക്‌ടര്‍മാര്‍ അത് നീക്കം ചെയ്‌തു. ഹനോയില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ഗാങ് തെപ്പ് തായ് എന്‍ഗ്യൂയെന്‍ ആശുപത്രിയിലാണ് ശസ്‌ത്രക്രിയ നടത്തിയത്. കത്രിക മറന്നുവെച്ച ഡോക്‌ടര്‍മാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.