വയറ്റാട്ടിയെ കൊണ്ടുവരുന്നതും പ്രസവമെടുക്കുന്നതും സിനിമകളിലെ ചില രംഗങ്ങളില്‍ മാത്രമാണ് കാണാറുള്ളത്. അങ്ങനെയൊരു വയറ്റാട്ടി കാസര്‍ക്കോടുണ്ട്. ഗര്‍ഭിണിയാണെന്ന് അറിയുന്നതുമുതല്‍ ചികിത്സയും മരുന്നുകളുമായി ആശുപത്രിയില്‍ തന്നെ ഇപ്പോഴുള്ള മിക്കവരും. എന്നാല്‍ കാസര്‍ക്കോട് നീര്‍ക്കിലാക്കട്ടെ സ്ത്രീകള്‍ക്ക് ഇപ്പോഴും പ്രിയം കുംഭയെന്ന സ്ത്രീയോട് തന്നെയാണ്. 

85 കാരിയായ ഈ ആദിവാസി സ്ത്രീ 100 ലധികം പ്രസവമെടുത്തിട്ടുള്ള വയറ്റാട്ടി അമ്മയാണ്. ഒട്ടേറെ ജീവനുകളാണ് കുംഭയുടെ കൈകളിലൂടെ പിറന്നുവീണത്. അതും ചെറിയ വ്യക്തികളൊന്നുമല്ല, സമൂഹത്തെ നേര്‍വഴിക്ക് നടത്താനും മറ്റും കഴിവുള്ളവര്‍ തന്നെയാണ്. പോലീസ് ഓഫീസര്‍ മുതല്‍ മന്ത്രിമാരുടെ സ്റ്റാഫില്‍ പോലും ഇതിലുണ്ട്.

തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയൊക്കെ നിലനിന്നിരുന്ന കാലത്ത് തന്നെയാണ് സവര്‍ണരുടേതുള്‍പ്പെടെയുള്ള കുടുംബങ്ങളുടെ പ്രസവം കുംഭയെടുത്തിട്ടുള്ളത്. പ്രസവം എടുക്കുന്നതോടൊപ്പം പ്രസവ രക്ഷയ്ക്കുള്ള പച്ചമരുന്നും കുംഭ നല്‍കുമായിരുന്നു. സമയമായിട്ടും പ്രസവം നടക്കാതെ വന്നാല്‍ പച്ചമരുന്ന് വയറ്റില്‍ തടവിയാണ് പ്രസവം സാധ്യമാക്കിയിരുന്നത്. ഇന്നത്തെ പോലെ ഓപ്പറേഷനോ മറ്റ് സജ്ജീകരണങ്ങളോ ഒന്നും അന്നുണ്ടായിരുന്നില്ല. പച്ചമരുന്നും പച്ചവെള്ളവും മാത്രമാണ് ഉണ്ടായിരുന്നതെന്ന് കുംഭ പറയുന്നു.

അന്ന് വാഹനമൊന്നും ഉണ്ടായിരുന്നില്ല, കിലോമീറ്ററുകള്‍ താണ്ടിയാണ് പ്രസവമെടുക്കാന്‍ പോയിരുന്നത്. അന്നത്തെ സാഹസിക നിറഞ്ഞ പ്രസവമെടുക്കലിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ കുംഭയുടെ കണ്ണുകള്‍ നിറയുന്നുണ്ട്. എന്നാല്‍ കുംഭയുടെ പ്രസവമെടുക്കുന്ന രീതികള്‍ കേള്‍കുമ്പോള്‍ ആശ്ചര്യമാണ് പുതിയ തലമുറയ്ക്ക്.