തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശസ്‌ത്രക്രിയാവിഭാഗത്തില്‍ ആരോരുമില്ലാതെ കഴിയുകയാണ് ഷാഹുല്‍ ഹമീദ് എന്ന നാല്‍പ്പത്തിയഞ്ചുകാരന്‍. വര്‍ക്കലയില്‍ വച്ച് ട്രെയിനില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ജൂണ്‍ ആറാം തീയതി രാവിലെ പത്തു മണിക്കാണ് ഇദ്ദേഹത്തെ റെയില്‍വേ ജീവനക്കാര്‍ അത്യാഹിത വിഭാഗത്തിലെത്തിച്ചത്. അബോധാവസ്ഥയിലായിരുന്ന ഷാഹുലിനെ അജ്ഞാതന്‍ എന്ന രീതിയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാലിന് പൊട്ടലും തലച്ചോറിന് ക്ഷതവുമേറ്റിരുന്നു. തീവ്ര പരിചരണത്തിന് ശേഷം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുണ്ട്.

ബാലരാമപുരം കരക്കാട്ടുവിള അയിത്തിയൂര്‍ നൂറുദീന്റെ മകനായ ഷാഹുല്‍ ഹമീദാണ് താനെന്നാണ് ഇദ്ദേഹം പരിചയപ്പെടുത്തുന്നത്. ഫോണ്‍ നമ്പരോ മറ്റ് വിവരങ്ങളോ പറയാന്‍ ഇദ്ദേഹത്തിനറിയില്ല. ഇടതു കൈയ്യില്‍ 'shaul' എന്ന് ടാറ്റു ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തെ തിരിച്ചറിയുന്നവര്‍ ദയവായി മെഡിക്കല്‍കോളേജ് ആശുപത്രി അധികൃതരുമായോ പൊലീസ് സ്റ്റേഷനുമായോ ബന്ധപ്പെടുക. ഷാഹുലിനെ കാണാതെ അലയുന്ന ബന്ധുക്കള്‍ക്കും ഇദ്ദേഹത്തിനും ഒരാശ്വാസമാകട്ടെ...