ഉറക്കത്തെ ഗൗരവത്തിലെടുത്തില്ലെങ്കില്‍ സംഭവിക്കാവുന്ന ആരോഗ്യപ്രശ്നങ്ങള്‍

ആധുനിക മനുഷ്യന്‍റെ മാറുന്ന ജീവിതശൈലിയില്‍ പലപ്പോഴും വേണ്ടത്ര പരിഗണന ലഭിക്കാത്ത ഒന്നാണ് ഉറക്കം. അമിതമായി ഉറങ്ങുന്നത് ​ശരീരത്തിന് ദോഷം ചെയ്യുമോയെന്ന് പലരും ചോദിക്കാറുണ്ട്. ചിലരിൽ മതിയായ ഉറക്കം ലഭിക്കുന്നുണ്ടെങ്കിൽ പോലും ദിവസവും സമയം തെറ്റിയുള്ള ഉറക്കം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.

ഇത്തരക്കാർക്ക് രോഗങ്ങൾ വരാനുള്ള സാധ്യത മറ്റുള്ളവരേക്കാൾ കൂടുതലായിരിക്കുമെന്ന് സോള്‍ നാഷണൽ യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനിൽ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. അമിത ഉറക്കത്തെ സംബന്ധിച്ചാണ് ഗവേഷകർ
 പഠനം നടത്തിയത്. സ്ത്രീയായാലും പുരുഷനായാലും ഏഴ് മണിക്കൂർ ഉറങ്ങിയിരിക്കണമെന്നാണ് പഠനത്തിൽ പറയുന്നത്.

പുരുഷന്മാരിൽ ആറ് മണിക്കൂർ പോലും ഉറങ്ങാത്തവരുണ്ട്. ഉറങ്ങിയില്ലെങ്കിലും അസുഖം പിടിപെടാമെന്ന് ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. മെറ്റബോളിക് സിൻഡ്രോം, അരക്കെട്ടിലെ കൊഴുപ്പടിയല്‍ എന്നിവയുണ്ടാവാം. സ്ത്രീകളില്‍ അരക്കെട്ടിലെ കൊഴുപ്പടിയലിനൊപ്പം രക്തസമ്മർദ്ദവും ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് പഠനത്തിൽ പറയുന്നു.

10 മണിക്കൂറില്‍ കൂടുതൽ ഉറങ്ങുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും കൊളസ്‍ട്രോളും പ്രമേഹവും മുതല്‍ പക്ഷാഘാതം വരെ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും പഠനത്തിൽ പറയുന്നു. 11% പുരുഷന്മാരും 13% സ്ത്രീകളും ആറു മണിക്കൂറിൽ താഴെ ഉറങ്ങുന്നവരാണെന്നും​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

 1.5% പുരുഷന്മാരും 1.7% സ്ത്രീകളും പത്ത് മണിക്കൂറിലധികം ഉറങ്ങുന്നുവരാണെന്നും പഠനം വ്യക്തമാക്കുന്നു. അമിതമായി ഉറങ്ങുന്നതിലൂടെ വന്ധ്യതയും വിഷാദരോഗവുമൊക്കെ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും പഠനത്തിൽ പറയുന്നു.