ഓരോ രക്ഷിതാവിന്റെയുംദുഃസ്വപ്‌നമാണ് തന്റെ കുട്ടിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ആകുലത. ഇന്ന് കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ വര്‍ധിച്ചു വരുന്നതായി കണക്കുകള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ നമ്മുടെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ഇത്തരം സംഭവങ്ങള്‍ തടയാനും ആവശ്യമായ എല്ലാ മുന്‍കരുതലുകളും രക്ഷിതാക്കള്‍ സ്വീകരിക്കണം. 

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പുറമെ മറ്റു ചില കാര്യങ്ങള്‍ കൂടി രക്ഷിതാക്കള്‍ക്ക് ചെയ്യാനാകും. ലൈംഗിക അതിക്രമത്തിലേക്ക് നയിക്കാവുന്ന സൂചനകള്‍ നിരീക്ഷിക്കുകയും സമയോജിതമായ ഇടപെടലിലൂടെ അവ ഇല്ലാതാക്കാനും കഴിയുമെന്നാണ് കുട്ടികളുടെ മനഃശാസ്ത്ര വിദഗ്ദര്‍ പറയുന്നത്. അവ ചിലത് പരിശോധിക്കാം.

പരിക്കുകള്‍: കുട്ടികളുടെ ശരീരഭാഗങ്ങളില്‍ ഉണ്ടാകുന്ന പരിക്കുകള്‍ പലപ്പോഴും ഇതിന്റെ സൂചനയാകാറുണ്ട്. പ്രത്യേകിച്ചും കൈകളില്‍ കാണുന്ന പരിക്കുകള്‍. കൈയില്‍ കയറി പിടിക്കുന്നതും ബലപ്രയോഗം നടത്തുന്നതും ഇതിന് ഇടയാക്കും. എന്നാല്‍ കുട്ടികള്‍ കളിക്കുന്നതിനിടയില്‍ വീണും ഇത്തരം പരിക്കുകള്‍ സംഭവിക്കാം. എന്നാല്‍ പരിക്ക് എങ്ങനെ സംഭവിച്ചുവെന്ന് ഉറപ്പുവരുത്തേണ്ട ചുമതല രക്ഷിതാവിനാണ്.

നെഞ്ചിന് സമീപം കാണുന്ന വീക്കം: ലൈംഗീകാവയവങ്ങളോടോ നെഞ്ചിനോടോ ചേര്‍ന്ന് കാണുന്ന വീക്കം ശ്രദ്ധിക്കണം. ഈ ഭാഗങ്ങളിലെ പരിക്കുകള്‍ക്കുണ്ടാകുന്ന സ്വഭാവം കൂടെ പരിശോധിക്കണം. ഈ ഭാഗങ്ങളില്‍ ചുവപ്പ് നിറത്തില്‍ കാണുന്ന പരിക്കുകള്‍ കയറിപ്പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സംഭവിക്കാന്‍ ഇടയുള്ളതാണ്.

നടക്കുന്നതിനും ഇരിക്കുന്നതിനുമുള്ള ബുദ്ധിമുട്ട്: നിങ്ങളുടെ കുട്ടിക്ക് നടക്കാനും ഇരിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെങ്കില്‍ അത് ലൈംഗിക പീഡനം നടന്നതിന്റെ സൂചനയാകാം. പരിക്കുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുകയോ ഉടന്‍ ഒരു ഡോക്ടറെസമീപിക്കുകയോ ചെയ്യണം.

നിശബ്ദമാകുന്നതും സ്വകാര്യതയിലേക്ക് നീങ്ങുന്നതും: കുട്ടികളുടെ നിശബ്ദതയും സ്വകാര്യതയിലേക്ക് നീങ്ങാന്‍ ഇഷ്ടപ്പെടുന്നതും സൂചനയാണ്. സ്‌കൂളില്‍ എന്ത് നടക്കുന്നുവെന്ന് കുട്ടികള്‍ നിങ്ങളോട് പങ്കുവെക്കാതെ ഒഴിഞ്ഞുനില്‍ക്കുന്നത് മുന്നറിയിപ്പാണ്.

വെപ്രാളവും ഞെട്ടലും: കുട്ടികളില്‍ പെട്ടെന്നുണ്ടാകുന്ന ഞെട്ടലും വെപ്രാളവും പലപ്പോഴും അഹിതകരമായ കാര്യങ്ങള്‍ സംഭവിച്ചതിന്റെ സൂചനയാണ്. ഉറങ്ങാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ദുഃസ്വപ്നങ്ങള്‍ കാണുന്നതും ഗൗരവമായി കാണണം. ആദ്യപടിയായി കുട്ടിയോട് സംസാരിക്കുകയാണ് വേണ്ടത്. വൈദ്യസഹായം തേടുന്നതിന് ഒരുകാരണവശാലും മടികാണിക്കരുത്. കുറ്റവാളി ആരായിരുന്നാലും പിടികൂടുന്നതിനും നിയമത്തിന് മുന്നില്‍ എത്തിക്കുന്നതിനും ശ്രമം നടത്തണം.