Asianet News MalayalamAsianet News Malayalam

ഉറക്കമില്ലായ്മയുണ്ടോ? രണ്ടേ രണ്ട് കാര്യങ്ങള്‍ കരുതുക...

ഉറങ്ങാന്‍ കിടക്കുന്ന സമയമെന്നാല്‍ ജീവിതത്തിലെ മറ്റെല്ലാ വിഷമതകളെപ്പറ്റിയും വിലയിരുത്തല്‍ നടത്താനുള്ള സമയമാണെന്ന് ചിന്തിക്കരുത്. ശരീരത്തിനും മനസ്സിനും നല്‍കേണ്ട അടിസ്ഥാനപരമായ പരിഗണനയായിത്തന്നെ ഉറക്കത്തെ കാണണം

simple ways to resolve insomnia
Author
Trivandrum, First Published Sep 17, 2018, 5:53 PM IST

രാത്രിയിലെ ഉറക്കമില്ലായ്മ (Insomnia) ഇപ്പോള്‍ യുവാക്കള്‍ക്കിടയിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ്. ഉറക്കമില്ലായ്മ കൃത്യമായി പരിഹരിച്ചില്ലെങ്കില്‍ അത് ക്രമേണ മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നീങ്ങും. നിരാശ, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളിലേക്കും ഇത് വഴിവച്ചേക്കാം. 

എന്നാല്‍ ഇതിനായി ഗുളിക കഴിക്കുന്നത് അതിലും ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക. ധാരാളം സൈഡ് എഫക്ടുകളാണ് ഉറക്കഗുളികയ്ക്കുള്ളത്. അത് പ്രായമായവരിലാണെങ്കില്‍ അല്‍പം കൂടി ഗൗരവത്തിലായിരിക്കും പ്രത്യക്ഷപ്പെടുക. മിക്കവാറും ഒരു ചുരുങ്ങിയ കാലത്തേക്ക് മാത്രമായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്ന് പിന്നീട് ശീലമാകുന്നു എന്നതാണ് പ്രധാന പ്രശ്‌നം. അതുപോലെ തന്നെ ഇതിന്റെ കൂടെ മറ്റ് മരുന്നുകള്‍ കഴിക്കുന്നവര്‍ക്കും മോശം ഫലം ഉണ്ടായേക്കാം. ഉറക്കഗുളികയുടെ സ്ഥിരമായ ഉപയോഗം ക്രമേണ മരണത്തിന് വരെ കാരണമാക്കുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

അതേസമയം രണ്ടേ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഉറക്കമില്ലായ്മ പരിഹരിക്കാമെന്നാണ് 'ജമാ ഇന്റേണല്‍ മെഡിസിന്‍' എന്ന പ്രസിദ്ധീകരണത്തില്‍ വന്ന ലേഖനത്തിലൂടെ ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 

ഒന്ന്...

simple ways to resolve insomnia

ഉറങ്ങാനുളള ഏറ്റവും മികച്ച സാഹചര്യം ഒരുക്കുകയെന്നതാണ് ആദ്യത്തെ മാര്‍ഗം. ഉറങ്ങുന്നതിന് മുമ്പ് മനസ്സ് പരമാവധി ശാന്തമാക്കാന്‍ ശ്രമിക്കുക. പ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍ ഓര്‍ക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളെല്ലാം എടുക്കുക. ഉറങ്ങാന്‍ കിടക്കുന്ന സമയമെന്നാല്‍ ജീവിതത്തിലെ മറ്റെല്ലാ വിഷമതകളെപ്പറ്റിയും വിലയിരുത്തല്‍ നടത്താനുള്ള സമയമാണെന്ന് ചിന്തിക്കരുത്. ശരീരത്തിനും മനസ്സിനും നല്‍കേണ്ട അടിസ്ഥാനപരമായ പരിഗണനയായിത്തന്നെ ഉറക്കത്തെ കാണണം. 

എല്ലാ ദിവസവും ഒരേ സമയത്ത് കിടക്കാനും രാവിലെകളില്‍ ഒരേ സമയത്ത് എഴുന്നേല്‍ക്കാനും ശ്രമിക്കുക. ശരീരം ഇതിനനുസരിച്ച് ഒരു ക്ലോക്ക് പരുവത്തില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നത് ഉറക്കത്തിനും ഉണര്‍വ്വിനും സഹായകമാണ്. 

ഉറങ്ങുന്ന സ്ഥലവും അതുപോലെ പ്രധാനമാണ്. അധികം ബഹളമില്ലാതെ, വെളിച്ചം പരമാവധി കുറച്ച്, ഫോണുള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഡിവൈസുകള്‍ മാറ്റിവച്ച് കിടക്കാന്‍ കരുതുക. 

രണ്ട്...

simple ways to resolve insomnia

രണ്ടാമത്തേത് ടോക്ക് തെറാപ്പിയാണ് (Talk Therapy). 2017ല്‍ യുഎസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'അമേരിക്കന്‍ അക്കാദമി ഓഫ് സ്ലീപ് മെഡിസിന്‍' എന്ന സംഘടന ഉറക്കമില്ലായ്മ പരിഹരിക്കാനായി സി.ബി.ടി എന്ന തെറാപ്പി പരീക്ഷിച്ച് തുടങ്ങി. ഏത് കാരണമാണ് ഉറക്കമില്ലാതാക്കുന്നത് എന്ന് മനസ്സിലാക്കിക്കൊണ്ടുള്ള ചികിത്സയാണിത്. എന്നാല്‍ ഇത്തരത്തിലുള്ള തെറാപ്പികള്‍ക്ക് എല്ലായിടത്തും സൗകര്യമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 

എങ്കിലും ഈ രീതി പിന്‍പറ്റിക്കൊണ്ട് ചെറിയ തോതില്‍ ചില പരീക്ഷണങ്ങള്‍ നമുക്കും നടത്താവുന്നതാണ്. ഉറക്കമില്ലായ്മയ്ക്ക് മരുന്ന് കഴിക്കും മുമ്പ് ഒരു സൈക്കോളജിസ്റ്റിനെയോ അതല്ലെങ്കില്‍ ഏറ്റവും അടുപ്പമുള്ള ആരെയെങ്കിലും സമീപിച്ച് മനസ്സ് തുറന്ന് സംസാരിക്കാന്‍ ശ്രമിക്കുക. ഏത് തരത്തിലുള്ള ചിന്തകളാണ് ഉറക്കത്തെ തടയുന്നതെന്ന് സ്വയമോ അല്ലെങ്കില്‍ കൂടെയുള്ളയാളുടെ സഹായത്തോടെയോ മനസ്സിലാക്കാം. പിന്നീട് ഈ പ്രശ്‌നത്തെ മുഖവിലക്കെടുത്ത് വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാനും ശ്രമിക്കാവുന്നതാണ്. 

Follow Us:
Download App:
  • android
  • ios