ശരീരത്തിന് ഗുണമേകുന്ന ഒട്ടുമിക്ക ഭക്ഷണപദാര്‍ത്ഥങ്ങളും സാമാന്യം ഭേദപ്പെട്ട വില കൊടുത്താലേ നമുക്ക് വാങ്ങിക്കാനാകൂ. എന്നാല്‍ നെല്ലിക്കയുടെ കാര്യം വളരെ രസകരമാണെന്നാണ് പ്രമുഖ ലൈഫ്‌സ്റ്റൈല്‍ പരിശീലകനായ ലൂക്ക് കുടീഞ്ഞ്യോ പറയുന്നത്. 

'എല്ലായിടത്തും സുലഭമായി ലഭിക്കുന്ന ഒന്നാണ് നെല്ലിക്ക. ചെറിയ വില കൊടുത്ത് വാങ്ങിക്കാവുന്നത്. ദിവസത്തില്‍ ഒരെണ്ണം കഴിച്ചാല്‍ തന്നെ ആരോഗ്യത്തിന് വളരെ വലിയ ഗുണഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു'- കുടീഞ്ഞ്യോ പറയുന്നു. 

നെല്ലിക്കയുടെ വിവിധ ഗുണങ്ങള്‍... 

ഒന്ന്...

നമ്മുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നെല്ലിക്ക സഹായിക്കുന്നു. വിറ്റാമിന്‍- സി ആണ് ഇതിന് പിന്നില്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്ത്രീകള്‍ക്കുമെല്ലാം ഇത് ഒരുപോലെ ഗുണം നല്‍കും. 

രണ്ട്...

നെല്ലിക്ക കഴിക്കുന്നത് മുടിയുടെയും തൊലിയുടെയും ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിന് പിന്നിലും വിറ്റാമിന്‍- സി ആണ് പ്രവര്‍ത്തിക്കുന്നത്. ചര്‍മ്മം തിളക്കമുള്ളതും ആരോഗ്യമുള്ളതുമാക്കാനുമാണ് സഹായകമാകുന്നത്. നെല്ലിക്കാപ്പൊടി വെളിച്ചെണ്ണയുമായി ചേര്‍ത്ത് തലയോട്ടിയില്‍ മസാജ് ചെയ്ത ശേഷം കഴുകിക്കളയുന്നത് താരന്‍ ഒഴിവാക്കാനും മുടിയുടെ കരുത്ത് വര്‍ധിപ്പിക്കാനും സഹായിക്കുന്നു. 

മൂന്ന്...

നെല്ലിക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍-സി ഹൃദയാരോഗ്യത്തിനും വളരെ നല്ലതാണ്. ഹൃദയധമനികളെ ബലപ്പെടുത്താനും അവയ്ക്ക് ശക്തി പകരാനും ഇത് സഹായിക്കുന്നു. അനാരോഗ്യകരമായ കൊഴുപ്പുള്ളവര്‍ക്കാണ് ഇത് പ്രത്യേകിച്ചും ഗുണം ചെയ്യുക. 

നാല്...

ഹൃദയത്തെയും ചര്‍മ്മത്തെയുമെല്ലാം അപകടത്തിലാക്കുന്ന 'ഫ്രീ റാഡിക്കലു'കളെ നശിപ്പിക്കാന്‍ നെല്ലിക്കയ്ക്കാവുന്നു. നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്. രോഗപ്രതിരോധശേഷിയെ തകര്‍ത്ത് വിവിധ അസുഖങ്ങള്‍ക്ക് വഴിവയ്ക്കാനും 'ഫ്രീ റാഡിക്കലുകള്‍' കാരണമാകാറുണ്ട്. 

അഞ്ച്...

ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമല്ലെങ്കില്‍ മലബന്ധം, അസിഡിറ്റി, അള്‍സര്‍ തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ഉണ്ടാകും. ഇവയെല്ലാം ചെറുക്കാന്‍ നെല്ലിക്ക ഉത്തമമാണ്. അതായത് നെല്ലിക്കയില്‍ അടങ്ങിയിരിക്കുന്ന ഫൈബറുകള്‍ ദഹനപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം നല്‍കുന്നു. 

ആറ്...

പ്രമേഹരോഗികള്‍ക്കും നിത്യവും നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. ഇന്‍സുലിന്‍ കോശങ്ങളിലേക്കെത്തിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് തുലനപ്പെടുത്താനാണ് ഇത് സഹായിക്കുക. ടൈപ്പ് 2 പ്രമേഹത്തിനാണ് നെല്ലിക്ക കൂടുതല്‍ ഉപകാരപ്പെടുക.