Asianet News MalayalamAsianet News Malayalam

മുലയൂട്ടുന്ന അമ്മമാര്‍ ശ്രദ്ധിക്കുക; കുഞ്ഞുങ്ങളുടെ ആരോഗ്യം നിങ്ങളുടെ കയ്യില്‍ മാത്രമല്ല!

പുകവലിയാണ് കുഞ്ഞുങ്ങള്‍ വീട്ടിനകത്ത് നേരിടുന്ന ഒരു പ്രധാന പ്രശ്നം. നേരിട്ട് ശ്വസിച്ചില്ലെങ്കില്‍ പോലും നിക്കോട്ടിന്‍ കുഞ്ഞുങ്ങളിലെത്തുന്നുണ്ട്

smoking of other members at home will affect infants
Author
Trivandrum, First Published Aug 5, 2018, 11:58 AM IST

മുലകുടി മാറാത്ത കുഞ്ഞുങ്ങളുടെ ആരോഗ്യപരിരക്ഷ അമ്മയുടെ മാത്രം ഉത്തരവാദിത്തമായി കണക്കാക്കുന്ന അവസ്ഥയാണ് പലപ്പോഴും വീടുകളിലുള്ളത്. എന്നാല്‍ സുപ്രധാനമായ ആ ജോലി അമ്മയുടേത് മാത്രമല്ല. ഇതില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്നാണ് പുകവലി. ചെറുപ്രായത്തിലുള്ള കുഞ്ഞുങ്ങളെ പുകവലി എളുപ്പത്തില്‍ ബാധിക്കും. അതായത്, വീട്ടിലാരെങ്കിലും പുകവലിക്കുന്നവര്‍ ഉണ്ടെങ്കില്‍ കുഞ്ഞിന്റെ ആരോഗ്യത്തെ അത് തകര്‍ക്കുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. 

എങ്ങനെയാണ് മറ്റുള്ളവരുടെ പുകവലി കുഞ്ഞുങ്ങളെ ബാധിക്കുന്നത്?

smoking of other members at home will affect infants

കുഞ്ഞ് ജിവിക്കുന്ന അന്തരീക്ഷത്തില്‍ ആര് പുക വലിച്ചാലും അത് കുഞ്ഞിന്റെ രക്തത്തിലുമെത്തും. ഇതിന്റെ ഒരു പ്രധാന കാരണം, കുഞ്ഞുങ്ങളിലെ പ്രതിരോധ ശക്തി മുതിര്‍ന്നവരുടെ അത്ര തന്നെ ശക്തിയാര്‍ജ്ജിച്ചിട്ടില്ല. അതിനാല്‍ എളുപ്പത്തില്‍ രോഗങ്ങള്‍ക്കും അണുബാധയ്ക്കും അവര്‍ കീഴടങ്ങും. പുക ശ്വസിക്കുന്നതിലൂടെ ശ്വാസകോശ സംബന്ധമായ അസ്വസ്ഥകളും അസുഖങ്ങളുമാണ് കുഞ്ഞുങ്ങള്‍ക്ക് ഏറ്റവുമധികം വരാന്‍ സാധ്യത. ശ്വാസതടസ്സം, തൊണ്ടയില്‍ അണുബാധ തുടങ്ങിയ ബുദ്ധിമുട്ടുകളെല്ലാം നേരിട്ടേക്കാം. 

അമ്മമാരിലൂടെയും കുഞ്ഞിന്റെ ശരീരത്തില്‍ നിക്കോട്ടിന്‍ എത്താന്‍ സാധ്യതയുണ്ട്. അതായത്, കുഞ്ഞിന്റെ അസാന്നിദ്ധ്യത്തിലാണ് പുകവലിയെങ്കിലും കുഞ്ഞിന്റെ അമ്മ അത് ശ്വസിക്കുന്നുണ്ടെങ്കില്‍ അപകടമാണ്. അമ്മയുടെ രക്തത്തില്‍ കലര്‍ന്ന ശേഷിപ്പുകള്‍ മുലപ്പാലിലൂടെ കുഞ്ഞിലേക്കും എത്തുന്നു. നേരിട്ട് ശ്വസിക്കുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങളാണ് ഉണ്ടാക്കുകയെങ്കില്‍, ഇത് മറ്റ് തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് കുഞ്ഞിലുണ്ടാക്കുക. 

സ്ഥിരമായി പുക ശ്വസിക്കുന്നത് മുലപ്പാലിന്റെ അളവിനെയും അതിന്റെ ഗുണത്തെയും മോശമായി ബാധിക്കും. പാല്‍ കുറയുന്നതോടെ മുലയൂട്ടല്‍ നിര്‍ത്താന്‍ തീരുമാനിക്കുന്നതും കുഞ്ഞ് നേരിടുന്ന മറ്റൊരു പ്രതിസന്ധിയാണ്. ആവശ്യമായ അത്രയും മുലപ്പാല്‍ ശരീരത്തിലെത്തിയില്ലെങ്കില്‍ അത് ദീര്‍ഘകാലത്തേക്കുള്ള ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുക. വേണ്ടത്ര പോഷകങ്ങള്‍ കുഞ്ഞിന്റെ ശരീരത്തിലെത്തുന്നത് മുലപ്പാലിലൂടെ മാത്രമാണ്. ഇതില്‍ കുറവ് സംഭവിക്കുന്നതോടെ ശരീരം ക്ഷീണിക്കുകയും രോഗപ്രതിരോധ ശേഷി ഗണ്യമായി കുറയുകയും ചെയ്യും. 

അമ്മമാര്‍ കരുതേണ്ട കാര്യങ്ങള്‍...

smoking of other members at home will affect infants

മുലയൂട്ടുന്ന അമ്മമാരുടെ ജാഗ്രതയില്‍ ഒരു പരിധി വരെയെങ്കിലും ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. കുഞ്ഞ് മാത്രമല്ല, അമ്മയും പുകവലിയുടെ പരിധിയില്‍ നിന്ന് പൂര്‍ണ്ണമായും വിമുക്തയാണെന്ന് ഉറപ്പിക്കുക. കുഞ്ഞിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാന്‍ ഏതെല്ലാം തരത്തിലുള്ള ഭക്ഷണം കഴിക്കണമെന്ന് അന്വേഷിച്ച് ആരോഗ്യപരമാ ഡയറ്റ് കാത്തുസൂക്ഷിക്കുക. കുഞ്ഞിന്റെയോ തന്റെയോ സാന്നിദ്ധ്യത്തില്‍ ആരെങ്കിലും പുകവലിക്കാന്‍ ശ്രമിച്ചാല്‍, അവരെ സ്‌നേഹപൂര്‍വ്വം തടയാനോ, അല്ലെങ്കില്‍ ആ സ്ഥലത്ത് നിന്ന് മാറാനോ കരുതുക. 

Follow Us:
Download App:
  • android
  • ios