ദില്ലി: ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ പാമ്പുകടിയേൽക്കുന്ന സംഭവങ്ങൾ വൻതോതിൽ വർധിക്കുന്നു. കഴിഞ്ഞ ഏഴു മാസത്തിനിടെ ഇന്ത്യയിൽ 1.14 ലക്ഷം പേർക്ക് പാമ്പുകടിയേറ്റു. ഇതിൽ 49000 പേ‍ർ മരണപ്പെടുകയും ചെയ്തു. ഇന്ത്യയിൽ ഏറ്റവുമധികം പേ‍ർക്ക് പാമ്പുകടിയേറ്റത് മഹാരാഷ്‌ട്രയിലാണ്. 24437 പേർക്കാണ് അവിടെ ഏഴു മാസത്തിനിടെ പാമ്പുകടിയേറ്റത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇന്ത്യയിൽ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണത്തിൽ വന്‍ വർധനയുണ്ടായതായി വ്യക്തമാകുന്നത്.

ഇന്ത്യയിൽ പാമ്പുകടിയേറ്റ കേസുകളിൽ 94874 എണ്ണവും ഗ്രാമപ്രദേശങ്ങളിലാണ്. മഹാരാഷ്‌ട്ര കഴിഞ്ഞാൽ ബംഗാള്‍(23666), ആന്ധ്രാപ്രദേശ്(10735), ഒഡിഷ(7657), കർണാടക(7619), ഉത്ത‍ർപ്രദേശ്(6976), തമിഴ്‌നാട്(4567), തെലങ്കാന(4079) എന്നിങ്ങനെയാണ് പാമ്പുകടിയേൽക്കുന്നവരുടെ പട്ടികയിൽ മുന്നിലുള്ള സംസ്ഥാനങ്ങൾ. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം വൻതോതിൽ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഏഴു മാസത്തിനിടെ കേരളത്തിൽ പാമ്പുകടിയേറ്റവരുടെ എണ്ണം രണ്ടായിരത്തിൽ താഴെയാണ്. ഏറ്റവുമധികം പാമ്പുകടിയേൽക്കുന്ന നഗരം നാസിക് ആണ്. ഇവിടെ ഏഴുമാസത്തിനുള്ളിൽ 2696 പേർക്കാണ് പാമ്പുകടിയേറ്റത്. 133 കേസുകളുള്ള മുംബൈയാണ് നഗരങ്ങളുടെ പട്ടികയിൽ രണ്ടാമത്. കേരളത്തിലെ ഒരു നഗരങ്ങളും ഈ പട്ടികയിൽ ഇടംനേടിയിട്ടില്ല.

പാമ്പുകടിയും അതുമൂലമുള്ള മരണവും വ‍ർധിക്കാന്‍ കാരണം...

ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ ശോചനീയമായ ജീവിതസാഹചര്യങ്ങളാണ് പാമ്പുകടി വർധിക്കാൻ കാരണമാകുന്നത്. തുറന്ന സ്ഥലത്തെ മലമൂത്ര വിസ‍ർജ്ജനം, തറയിലെ ഉറക്കം, വെളിച്ചക്കുറവ്, അശാസ്‌ത്രീയമായ മാലിന്യ നിര്‍മ്മാ‍ർജ്ജനം, ശുചിത്വമില്ലായ്‌മ, അജ്ഞത, ആരോഗ്യസംവിധാനങ്ങളുടെ അപര്യാപ്‌തത എന്നിവയൊക്കെ പാമ്പുകടി കേസുകളും അതുവഴിയുള്ള മരണവും വർധിക്കാൻ കാരണമാകുന്നത്. പാമ്പുകളെക്കുറിച്ചുള്ള അറിവില്ലായ്‌മയും മരണത്തിന് കാരണമാകുന്നുണ്ട്. വിഷമുള്ളവയും അല്ലാത്തതുമായ പാമ്പുകളെ തിരിച്ചറിയാനാകാത്തതും അപകടം വർധിക്കാൻ കാരണമാകുന്നു.