ഹൃദയ സംബന്ധമായ രോഗങ്ങള്‍ വളരെ വേഗം ലോകമെമ്പാടും വ്യാപിക്കുകയാണ്. ഇത് മുന്നില്‍ കണ്ട് കൊണ്ടാണ് ലോക ആരോഗ്യ സംഘടനയും വേള്‍ഡ് ഹാര്‍ട്ട് ഫൗണ്ടേഷനും സംയുക്തമായി നമ്മുടെ ഹൃദയത്തിന് കരുതല്‍ നല്‍കാന്‍ ഒരു ദിനം നിശ്ചയിച്ചത്. ഒരു കാലത്ത് സമ്പന്നരുടെ രോഗമായി അറിയപ്പെട്ടിരുന്ന ഹൃദ്രോഗം ഇന്ന് സര്‍വ്വ സാധാരണമായി മാറിയിരിക്കുന്നു. വരുന്ന നാല് വര്‍ഷത്തിനുള്ളില്‍ മറ്റു മഹാരോഗങ്ങളെയെല്ലാം കടത്തിവെട്ടുന്ന ഒന്നായി ഹൃദ്രോഗം മാറുമെന്ന് പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. ആഗോള തലത്തില്‍ തന്നെ ഹൃദ്രോഗം ബാധിച്ചവര്‍ ഏറ്റവും കൂടുതല്‍ ഉള്ള രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞു. 19 ശതമാനം പേര്‍ ഹൃദ്രോഗം ബാധിച്ച് മരിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള സംസ്ഥാനങ്ങളില്‍ കേരളം മുന്നിലുണ്ടെന്നതും ഞെട്ടിക്കുന്ന വസ്തുതയാണ്. പുകയിലയുടെ ഉപയോഗം, രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുക, അമിത വണ്ണം,രക്തസമ്മര്‍ദ്ദം അങ്ങനെ ഹൃദ്രോഗത്തിന്റെ കാരണങ്ങള്‍ നീളുന്നു, കേരളത്തില്‍ ഹൃദ്രോഗവുമായി വരുന്നവരില്‍ 25 ശതമാനവും ചെറുപ്പക്കാരാണ്. ഇതിനു പ്രധാനകാരണം ഫാസ്റ്റ് ഫുഡ് സംസ്‌കാരവും അനാരോഗ്യകരമായ ജീവിത രീതികളും. യോഗ, വ്യായാമം, കൊഴുപ്പുകൂടിയ ഭക്ഷണങ്ങള്‍ ഒഴിവാക്കി ചിട്ടയായ ഭക്ഷണ രീതി എന്നിവയിലൂടെ ഹ്യദയത്തെ രക്ഷിക്കാനാവുമെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. നമുക്ക് ഹൃദയം സംരക്ഷിച്ച് ജീവിതത്തിന് കരുത്ത് നല്‍കാം.