മുടികൊഴിച്ചിൽ മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. പലകാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നത്. സമ്മർദ്ദം, തെറ്റായ ഭക്ഷണരീതി, വെള്ളത്തിന്റെ പ്രശ്നം, താരൻ ഇങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്നത്. അമിതമായ മുടികൊഴിച്ചില്‍ അനീമിയ, തൈറോയ്ഡ്, പ്രോട്ടീന്‍, കാത്സ്യത്തിന്റെ കുറവ് മുതലായ രോഗങ്ങളുടെ ലക്ഷണമാകാം. 

പലരും മുടികൊഴിച്ചിലിനെ നിസാരമായാണ് കാണാറുള്ളത്. പുരുഷന്‍മാരില്‍ പ്രധാനമായും പാരമ്പര്യവും ഡൈഹൈട്രോ ടെസ്‌റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണിന്റെ അളവ് കൂടുന്നതുകൊണ്ടുമാണ് മുടികൊഴിച്ചില്‍ രൂക്ഷമാകുന്നത്. മുടികൊഴിച്ചിൽ തടയാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

മുട്ട...

വിറ്റാമിൻ, പ്രോട്ടീൻ, ഒമേ​ഗ 6 ഫാറ്റി ആസിഡ് എന്നിവ ധാരാളം അടങ്ങിയ ഭക്ഷണമാണ് മുട്ട. മുടികൊഴിച്ചിൽ ഏറ്റവും നല്ല ഭക്ഷണമാണ് മുട്ട. ദിവസവും ഭക്ഷണത്തിൽ ഓരോ മുട്ട വീതം ഉൾപ്പെടുത്താം. മുട്ടയുടെ വെള്ള തലയിൽ പുരട്ടുന്നത്  മുടിയ്ക്ക് ബലം കിട്ടാൻ സഹായിക്കും.  

ക്യാരറ്റ്...

വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുള്ള ക്യാരറ്റ് മുടി തഴച്ച് വളരാൻ സഹായിക്കുന്നു. ക്യാരറ്റ് മിശ്രിതമാക്കി തലയിൽ പുരട്ടുന്നത് മുടികൊഴിച്ചിൽ തടയാൻ സഹായിക്കും. 

വെള്ളരിക്ക...

ശരീരത്തിലെ ഉഷ്‌മാവ് വര്‍ധിച്ചുനില്‍ക്കുന്നത് പലപ്പോഴും മുടികൊഴിച്ചിലിനും കഷണ്ടിക്കും കാരണമാകും. വെള്ളരിക്ക സ്ഥിരമായി കഴിച്ചാല്‍ ശരീരത്തിലെ ഉഷ്‌മാവ് നന്നായി കുറയ്ക്കാനാകും. കൂടാതെ ഇതുകാരണമുണ്ടാകുന്ന മുടികൊഴിച്ചില്‍ 55 ശതമാനം കുറയ്ക്കാനുമാകും. ഒരു ദിവസം എത്ര അളവില്‍ വേണമെങ്കിലും വെള്ളരിക്ക കഴിക്കാം.  ദിവസവും കുറഞ്ഞത് 400 ഗ്രാം വെള്ളരിക്ക കഴിക്കണമെന്നാണ് ഡോക്‌ടര്‍മാര്‍ പറയുന്നത്.

ബദാം..

ബദാമില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള ബയോട്ടിന്‍, മുടി വളര്‍ച്ച വേഗത്തിലാക്കാന്‍ സഹായിക്കുന്നതാണ്. സ്ഥിരമായി ബദാം കഴിച്ചാല്‍, ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ മുടി വളര്‍ച്ച വര്‍ധിക്കും. 

അവോകാഡോ...

 ദിവസവും ഓരോ അവോക്കാഡോ വീതം കഴിക്കുന്നത് മുടി കൂടുതൽ ബലമുള്ളതാക്കുന്നു. അവോക്കാഡോ നന്നായി അരച്ചെടുത്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ചാല്‍ മുടികൊഴിച്ചില്‍ കുറയുകയും, മുടി തഴച്ചുവളരുകയും ചെയ്യും.