ഭൂമിയില്‍ ആകെയുള്ള ജലത്തിന്റെ രണ്ടു ശതമാനം മാത്രമാണ് ശുദ്ധജലം. ഇതില്‍തന്നെ നമുക്ക് ഉപയോഗിക്കാന്‍ പറ്റുന്നത് 0.4 ശതമാനം മാത്രം. ബാക്കിയുള്ള 1.6 ശതമാനം ധ്രുവപ്രദേശങ്ങളില്‍ മഞ്ഞുപാളിയായി ഉറഞ്ഞിരിക്കുകയാണ്. അപ്പോള്‍ 0.4 ശതമാനം ജലം മാത്രമാണ് നമുക്ക് ഉപയോഗിക്കാനാകുന്നത്. ഇതില്‍ത്തന്നെ വര്‍ഷംതോറുമുള്ള വരള്‍ച്ച കാരണം നമുക്ക് ഉപയോഗിക്കാവുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞുവരുന്നു. ഒരു പത്തുവര്‍ഷം കൂടി കഴിയുമ്പോള്‍ കുടിവെള്ളത്തിന് വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയുണ്ടാകും. അതുകൊണ്ടുതന്നെ ജലം സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നാം ഇപ്പോഴേ തുടങ്ങേണ്ടതുണ്ട്. അതിനായി അധികമാരും ചെയ്യാത്ത ചില കാര്യങ്ങള്‍ നിങ്ങള്‍ക്കായി പങ്കുവെയ്‌ക്കാം...
1, എയര്‍കണ്ടീഷനില്‍നിന്നുള്ള വെള്ളം സൂക്ഷിക്കാം-
ഇത് വേനല്‍ക്കാലമാണ്. എയര്‍കണ്ടീഷന്‍ കൂടുതലായി ഉപയോഗിക്കപ്പെടുന്ന സമയം. എയര്‍കണ്ടീഷന്‍ ശേഖരിച്ചുവെക്കുന്ന വെള്ളം താഴേക്ക് വീഴാറുണ്ട്. ഇത് ഒരു പാത്രത്തില്‍ പിടിച്ചുവെക്കുന്നത് നല്ലതായിരിക്കും.
2, പുതിയ മോഡല്‍ ഫ്ലഷ് ടാങ്ക് ഉപയോഗിക്കാം-
സാധാരണഗതിയില്‍ ഒരു ഫ്ലഷ് ടാങ്കില്‍ ഏഴ് ലിറ്റര്‍ ജലമാണ് ശേഖരിക്കുന്നത്. ഒരാള്‍ ഏഴു തവണ ഫ്ലഷ് ഉപയോഗിച്ചാല്‍ത്തന്നെ 49 ലിറ്റര്‍ ജലം നഷ്‌ടമാകും. ആ വീട്ടില്‍ നാലുപേര്‍ ഉണ്ടെങ്കില്‍ 200 ലിറ്ററോളം ജലം അങ്ങനെ വേണ്ടിവരും. ഫ്ളഷ് ടാങ്കില്‍ അനാവശ്യമായി ജലം നഷ്‌ടമാകുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്ന പുതിയതരം ഫ്ലഷ് ടാങ്ക് വിപണിയില്‍ ലഭ്യമാണ്. ജലം ആവശ്യത്തിന് അനുസരിച്ച് മാത്രം ഉപയോഗിക്കാന്‍ ഇതുവഴി സാധിക്കും. ഉദാഹരണത്തിന് മൂത്രം ഒഴിച്ചശേഷം കുറച്ചു വെള്ളം മാത്രം മതിയാകും. അതിനനുസരിച്ച് ജലത്തിന്റെ അളവ് ക്രമീകരിച്ചുവെക്കാന്‍ പുതിയതരം ഫ്ലഷ് ടാങ്കില്‍ സാധിക്കും. ഇത് അമിതമായി ജലം നഷ്‌ടമാകുന്നത് തടയാന്‍ സഹായിക്കും.
3, ഷവറിന് കീഴില്‍ കൂടുതല്‍ സമയം വേണ്ട-
ചിലര്‍ ഷവറിന് കീഴില്‍ നില്‍ക്കുമ്പോഴാണ് ജീവിതത്തിലെ പല പ്രശ്‌നങ്ങളും ആലോചിക്കുകയും ചിന്തിക്കുകയും ചെയ്യുന്നത്. മണിക്കൂറുകളോളം ഷവര്‍ തുറന്നുവിട്ട് ഇത്തരത്തില്‍ നില്‍ക്കുന്നവരുണ്ട്. അതുകൊണ്ടുതന്നെ ആ ശീലം മാറ്റിവെക്കുക. ഷവര്‍ കുറച്ചുസമയം മാത്രം ഉപയോഗിക്കുക. കുളിക്കാന്‍ പാത്രത്തില്‍ വെള്ളം പിടിച്ചുവെക്കുന്നതാണ് ഏറ്റവും ഉത്തമം.
4, ടാപ്പ് ചോര്‍ച്ച പെട്ടെന്ന് പരിഹരിക്കുക-
പ്ലംബിങ്ങിനോ ടാപ്പിനോ തകരാര്‍ മൂലം വെള്ളം ചോരുന്ന പ്രശ്‌നം കണ്ടുവരാറുണ്ട്. പലപ്പോഴും മടി കാരണം പ്ലംബറെ വിളിക്കാന്‍ താമസിക്കും. ഈ സമയമെല്ലാം വെള്ളം പാഴായിക്കൊണ്ടിരിക്കും.
5, പൈപ്പ് പൊട്ടല്‍ ഒഴിവാക്കുക-
പൈപ്പ് പൊട്ടല്‍ നമ്മുടെ നാട്ടില്‍ ഒരു സാധാരണ പ്രതിഭാസമാണ്. ഇത് ഉടനടി പരിഹരിക്കാനുള്ള മാര്‍ഗം കണ്ടെത്തുക. ഇതുവഴി വന്‍തോതിലുള്ള ജലം പാഴാകുന്നത് ഒഴിവാക്കാനാകും.
