പാരീസ്: അന്താരാഷ്‌ട്ര ഫാഷന്‍ ഷോയായ പാരിസ് കോട്ടൂര്‍ വീക്ക് 2017ല്‍ മിന്നിത്തിളങ്ങിയത് ഒരു ഇന്ത്യക്കാരിയായിരുന്നു. സോനം കപൂര്‍- ബോളിവുഡ് താരം അനില്‍ കപൂറിന്റെ മകള്‍. റാംപില്‍ വരുമ്പോഴൊക്കെ പുതുമയേറിയ ഫാഷന്‍ പരീക്ഷണങ്ങളുമായി കാഴ്‌ചക്കാരെ വിസ്‌മയിപ്പിക്കുന്ന പതിവാണ് സോനം കപൂറിനുള്ളത്. പ്രമുഖ ബ്രിട്ടീഷ് ഡിസൈനര്‍മാരായ റാല്‍ഫും റൂസോയും രൂപകല്‍പന ചെയ്ത, പരമ്പരാഗതവും ആധുനികവും സമന്വയിപ്പിച്ചിട്ടുള്ള വിവാഹവസ്‌ത്രമാണ് സോനം ധരിച്ചത്. ഇതിനൊപ്പം പരമ്പരാഗതമായ ആഭരണങ്ങളും അവരുടെ റാംപിലെ നടത്തത്തിന് മിഴിവേകി. കാഴ്‌ചക്കാരെ ശരിക്കും വിസ്‌മയിപ്പിച്ചുകൊണ്ടാണ് സോനം കടന്നുവന്നത്. വിശാലമായ ഗൗണ്‍ ആയിരിന്നിട്ടും സോനത്തിന്റെ അനായാസമായ ചുവടുവെയ്പ്പാണ് കാഴ്‌ചക്കാരെ ആകര്‍ഷിച്ചത്. കാഴ്‌ചയില്‍ ഒരു ഇന്ത്യന്‍ രാജകുമാരിയെപ്പോലെ ആയിരുന്നു സോനം എന്ന് ഫാഷന്‍ രംഗത്തെ പ്രമുഖരും മാധ്യമപ്രവര്‍ത്തകരും വിലയിരുത്തി. സോനം ധരിച്ച വസ്‌ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും ലക്ഷണങ്ങള്‍ വില വരും. ബോളിവുഡ് സിനിമയില്‍ അത്രത്തോളം തിളങ്ങാന്‍ സാധിക്കാതിരുന്ന സോനം കപൂര്‍, ഇപ്പോള്‍ മോഡലിംഗിലും ഫാഷന്‍ ഷോകളിലുമാണ് ശ്രദ്ധ ചെലുത്തുന്നത്. നേരത്തെ കാന്‍ ഫെസ്റ്റിവലിനിടെ സോനം അവതരിപ്പിച്ച പുതിയ ഡിസൈന്‍ ഏറെ ചര്‍ച്ചയാകുകയും ട്രെന്‍ഡി ആകുകയും ചെയ്തിരുന്നു.