ലഖ്നൗ: സ്ത്രീകളുടെ ആര്‍ത്തവത്തെക്കുറിച്ച് അടച്ചിട്ട വാതിലുകള്‍ക്ക് പിന്നില്‍ നിന്ന് സംസാരിക്കുന്നത് ശരിയല്ലെന്ന് ബോളിവുഡ് താരം കരീനാ കപൂര്‍. ആര്‍ത്തവത്തെക്കുറിച്ചുളള ചര്‍ച്ചകളും സംസാരങ്ങളും പരസ്യമാക്കാന്‍ ആഗ്രഹിക്കാത്ത രാജ്യമാണ് ഇന്ത്യ കരീന പറയുന്നു. മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും വെബ് സൈറ്റുകളും ആര്‍ത്തവത്തെ കുറിച്ച് തുറന്ന ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്നും കരീനാ കപൂര്‍ ലക്‌നൗവില്‍ പറഞ്ഞു. 

ആര്‍ത്തവശുചിത്വത്തിനും ബോധവല്‍ക്കരണത്തിനുമായി സംഘടിപ്പിച്ച പരിപാടിയിലാണ് കരീനാ കപൂര്‍ തന്‍റെ നിലപാടുകള്‍ തുറന്ന് പറഞ്ഞത്. എല്ലാവരും ആര്‍ത്തവത്തെ കുറിച്ച് സംസാരിക്കുന്ന കാലമാണ് വരേണ്ടത്. ഇതേക്കുറിച്ച് സംസാരിക്കുന്നത് തെറ്റാണെന്ന വിശ്വാസമാണ് ഇന്ത്യയിലുള്ളത്. 

ദൈവമാണ് സ്ത്രീകളില്‍ ആര്‍ത്തവം സൃഷ്ടിച്ചത്. സാധാരണ പ്രക്രിയ മാത്രമായി ഇതിനെ കാണണം. ഹൃദയത്തില്‍ നിന്നാണ് താന്‍ ഇക്കാര്യം സംസാരിക്കുന്നതെന്നും കരീന പറയുന്നു. തന്‍റെ സംസാരം ശ്രവിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികളുടെ പുഞ്ചിരി സന്തോഷമേകുന്നുവെന്നും കരീന പറഞ്ഞു. ആര്‍ത്തവകാലത്ത് സ്ത്രീ എങ്ങനെ അശുദ്ധയാകും. മാസത്തില്‍ മുപ്പത് ദിവസം ജോലി ചെയ്യുന്നയാളാണ് താനെന്നും ആര്‍ത്തവദിനങ്ങളില്‍ ജോലി ചെയ്യേണ്ടെന്ന് തീരുമാനിക്കാറില്ലെന്നും കരീന.