ഓരോ വികാരങ്ങളും ഭാഷയിലേക്ക് പകര്‍ത്തി വാക്കുകളാക്കി, ഇത് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്ത ശേഷം ലഭിച്ച ചിത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പഠനസംഘം തങ്ങള്‍ക്കാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്. ഏതാണ്ട് 31 രാജ്യങ്ങളിലെ ആളുകളെ ഇതിനായി തങ്ങള്‍ വിലയിരുത്തിയെന്നും സംഘം അവകാശപ്പെടുന്നു

പലപ്പോഴും പലരുടെയും മുഖഭാവങ്ങളിലൂടെ അവരുടെ ഉള്ളിലെന്താണെന്ന് വായിച്ചെടുക്കാനാകാതെ നമ്മള്‍ പെട്ടുപോയിട്ടില്ലേ? ഉണ്ടാകും... കാരണം ഒരു വികാരം തന്നെ പലരീതിയിലാണ് ആളുകള്‍ പ്രകടിപ്പിക്കുന്നത്. ഇതിന് പിന്നിലെ മനശാസ്ത്രം എന്തുമാകാം. 

ചിരിച്ചുകൊണ്ട് ദേഷ്യപ്പെടുന്നവര്‍, ദേഷ്യപ്പെട്ടുകൊണ്ട് സ്‌നേഹിക്കുന്നവര്‍, സ്‌നേഹിച്ചുകൊണ്ട് ചതിക്കുന്നവര്‍- ഇങ്ങനെ മനുഷ്യമനശാസ്ത്രത്തെ അത്രയും സൂക്ഷമമായി സമീപിക്കാന്‍ നമുക്ക് പലപ്പോഴും കഴിഞ്ഞെന്ന് വരില്ല. അത് ഏറെക്കുറെയെല്ലാം ഒരു വ്യക്തിയുടെ ചുറ്റുപാടുമായും അയാളുടെ സ്വഭാവവുമായും ഒക്കെ ബന്ധപ്പെട്ട് കെട്ട് പിണഞ്ഞുകിടക്കുന്ന ഒന്നാണ്. 

എന്നാല്‍ മുഖഭാവങ്ങളെ കുറിച്ച് അല്‍പസ്വല്‍പമൊക്കെ പറയാനാകുമെന്നാണ് ഒരു പഠനം സൂചിപ്പിക്കുന്നത്. ഓഹിയോ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള പ്രൊഫസര്‍ അലെക്‌സ് മാര്‍ട്ടിന്‍സിന്റെ നേതൃത്വത്തില്‍ നടന്ന ഒരു പഠനമാണ് ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ വിശദമാക്കിയിരിക്കുന്നത്. 

മനുഷ്യന് സാധാരണഗതിയില്‍ വെറുപ്പ് പ്രകടിപ്പിക്കാന്‍ ജൈവികമായി മുഖത്ത് ഒരൊറ്റ ഭാവം മാത്രമേ വരുത്താനാകൂവത്രേ. എന്നാല്‍ സന്തോഷമാണെങ്കില്‍ 17 തരത്തില്‍ അത് പ്രകടിപ്പിക്കാനാകും എന്നും ഇവര്‍ അവകാശപ്പെടുന്നു. മുഖത്തെ പേശികളിലെ ചലനങ്ങളില്‍ വരുന്ന വ്യത്യാസത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഭാവങ്ങളെ നിര്‍ണ്ണയിക്കുന്നതത്രേ. 

ഉദാഹരണത്തിന് സന്തോഷം എന്ന വികാരമെടുക്കാം. സന്തോഷം വന്നാല്‍ ചിരിയുടെ വലിപ്പവും കണ്ണിറുകുന്നതിന്റെ അളവുമെല്ലാം നോക്കിയാണ് ഭാവങ്ങളെ നിര്‍ണ്ണയിക്കുന്നത്. ഇതുപോലെ ഓരോ വികാരങ്ങളും പ്രകടിപ്പിക്കാന്‍ ഇത്രയിത്ര ഭാവങ്ങള്‍ എന്ന് പഠനം കണ്ടെത്തിയിരിക്കുന്നു. 

പേടിയെ പ്രകടമാക്കാന്‍ മനുഷ്യന്‍ മൂന്ന് ഭാവങ്ങളാണത്രേ ഉപയോഗിക്കാറ്. അത്ഭുതം കാണിക്കാന്‍ നാല് ഭാവങ്ങള്‍. സങ്കടത്തിനും ദേഷ്യത്തിന് ഭാവങ്ങള്‍ അഞ്ച് വീതം. ഇങ്ങനെ ആകെപ്പാടെ 35 ഭാവങ്ങളാണത്രേ സാധാരണഗതിയില്‍ നമുക്ക് സ്വന്തമായിട്ടുള്ളത്. 

'IEEE' കമ്മ്യൂണിക്കേഷന്‍സ് സൊസൈറ്റി പ്രസിദ്ധീകരിക്കുന്ന സയന്റിഫിക് ജേണലിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നത്. ഓരോ വികാരങ്ങളും ഭാഷയിലേക്ക് പകര്‍ത്തി വാക്കുകളാക്കി, ഇത് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്ത ശേഷം ലഭിച്ച ചിത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പഠനസംഘം തങ്ങള്‍ക്കാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്. ഏതാണ്ട് 31 രാജ്യങ്ങളിലെ ആളുകളെ ഇതിനായി തങ്ങള്‍ വിലയിരുത്തിയെന്നും സംഘം അവകാശപ്പെടുന്നു.