ആരാണ് നിങ്ങളുടെ മാതൃകാപുരുഷന്‍ എന്ന ചോദ്യമാണ് അവര്‍ യുവാക്കളോട് ആദ്യം ചോദിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്നായിരുന്നു മിക്കവരുടെയും മറുപടി

ശരീരം സുന്ദരമാക്കാനും ആരോഗ്യകരമാക്കി സൂക്ഷിക്കാനുമെല്ലാമാണ് ജിമ്മില്‍ പരിശീലനത്തിന് പോകുന്നത്, അല്ലേ? ഇതിലെന്ത് പ്രശ്‌നമെന്ന് ചിന്തിക്കാന്‍ വരട്ടെ. ഇതിലും അല്‍പം പ്രശ്‌നമുണ്ടെന്നാണ് ഒരു പുതിയ പഠനം അവകാശപ്പെടുന്നത്. 

സ്ഥിരമായി ജിമ്മില്‍ പോകുന്നവരെ, ശരീരത്തെ കുറിച്ചുള്ള ആകുലതകള്‍ മൂലമുണ്ടാകുന്ന നിരാശ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. 'നോര്‍വീജിയന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി'യും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയും ഒരുമിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. 

പുരുഷന്മാരില്‍ മിക്കവാറും പേരും മസിലുള്ള ശരീരം വേണമെന്ന് ആഗ്രഹിക്കുന്നവരാണത്രേ. ഇതിനായി ജിമ്മില്‍ പോവുകയും, എന്നാല്‍ തൊഴില്‍പരമായ കാരണങ്ങളോ വ്യക്തിപരമായ കാരണങ്ങളോ മൂലം ഉദ്ദേശിച്ചയത്രയും മികച്ചതാക്കി ശരീരത്തെ മാറ്റാന്‍ കഴിയാതാകുന്നതോടെ ഇവര്‍ നിരാശയിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്നുവെന്നാണ് പഠനം കണ്ടെത്തുന്നത്. 

18നും 32നും ഇടയ്ക്ക് പ്രായമുള്ള 2,500ഓളം അമേരിക്കന്‍ യുവാക്കളില്‍ നിന്ന് സര്‍വേയിലൂടെ അഭിപ്രായങ്ങള്‍ ശേഖരിച്ചാണ് ഗവേഷകസംഘം പഠനം നടത്തിയത്. ആരാണ് നിങ്ങളുടെ മാതൃകാപുരുഷന്‍ എന്ന ചോദ്യമാണ് അവര്‍ യുവാക്കളോട് ആദ്യം ചോദിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്നായിരുന്നു മിക്കവരുടെയും മറുപടി. ഇതുതന്നെ ഏറ്റവും വലിയ പ്രശ്‌നമാണെന്നാണ് സംഘം ചൂണ്ടിക്കാട്ടുന്നത്.

ഒരു കായികതാരത്തിന്റെ ജീവിതം മുഴുവന്‍ സമയവും തന്റെ ശരീരത്തിനായി മാറ്റിവയ്ക്കപ്പെട്ടതാണെന്നും അത്തരത്തിലൊരു ജീവിതരീതി സാധാരണക്കാരായ യുവാക്കള്‍ക്ക് സാധ്യമല്ലെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ പറയുന്നു. നമുക്ക് സാധ്യമല്ലാത്ത ആഗ്രഹങ്ങളെ വച്ചുപുലര്‍ത്തുന്നത് വലിയ നിരാശയ്ക്ക് വഴിവയ്ക്കുമെന്നും ഇവര്‍ താക്കീത് ചെയ്യുന്നു. 

സ്ത്രീകളിലാണെങ്കില്‍ ശരീരത്തെക്കുറിച്ചുള്ള ആകുലതകള്‍ പ്രകടമാണ്, അതിനാല്‍ തന്നെ ഇക്കാര്യം കൂടുതല്‍ പേരും അറിയുകയും പരിഹാരം തേടുകയും പരിഗണിക്കുകയും ചെയ്യുന്നു. അതേസമയം പുരുഷന്മാരിലെ ഇത്തരം പ്രശ്‌നങ്ങള്‍ അധികമായി പുറത്തറിയുന്നില്ല- ഡോക്ടര്‍മാരുടെ സംഘം വിലയിരുത്തുന്നു. 

സദാസമയവും ജിമ്മില്‍ ചിലവഴിക്കുന്ന ആണ്‍മക്കളുണ്ടെങ്കില്‍ തീര്‍ച്ചയായും മാതാപിതാക്കളും അടുപ്പമുള്ളവരും ഒന്ന് കരുതണമെന്നും അവരോട് ശരീരത്തെ കുറിച്ച് നല്ല രീതിയില്‍ സംസാരിക്കാന്‍ തയ്യാറാകണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു.